നേന്ത്രക്കായ വില കുത്തനെ കുറഞ്ഞു കർഷകർ പ്രതിസന്ധിയിൽ

വിലയിടിവ് കാരണം ഇരിട്ടി മാർക്കറ്റിൽ കെട്ടിക്കിടക്കുന്ന നേന്ത്രവാഴക്കുലകൾ. പഴുത്ത കുലകൾ കനത്ത ചൂടിൽ കറുത്തനിലയിൽ
സ്വന്തം ലേഖകൻ
ഇരിട്ടി
നേന്ത്രക്കായ വില കുത്തനെ കുറഞ്ഞതോടെ വിഷു, പെരുന്നാൾ, ഇൗസ്റ്റർ വിപണി കണക്കാക്കി ഏത്തവാഴക്കൃഷി നടത്തിയ കർഷകർ ദുരിതത്തിലായി. കഴിഞ്ഞ വർഷം ഇതേ സീസണിൽ കിലോയ്‌ക്ക് 60–70 രൂപവരെ ലഭിച്ചയിടത്ത് ഇക്കുറി 18–20 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത‍് . വിഷുവിനടുപ്പിച്ച് അൽപ്പം വില ഉയർന്നെങ്കിലും പിന്നീട് കുറഞ്ഞു. കഠിനമായ വേനൽച്ചൂടും ഏത്തക്കായക്ക് വിനയായി. പഴുപ്പിച്ച കുലകൾ ചൂടുകാരണം ഉടൻ കരിഞ്ഞുണങ്ങുന്നതിനാൽ വ്യാപാരികൾക്ക് കൂടുതൽ ശേഖരിച്ച് വിൽപ്പനക്ക് വയ്‌ക്കാനാവുന്നില്ല. സാധാരണ പഴുപ്പിച്ച കുലകൾ ഒരാഴ്‌ചയോളം വിൽക്കാൻ പറ്റുമായിരുന്നു. കർണാടക, തമിഴ്നാട് വാഴക്കുലകൾകൂടി മാർക്കറ്റിലെത്തുന്നതോടെ നാടൻ നേന്ത്രക്കായ വില ഇനിയും കുറയുമെന്ന പേടിയിലാണ് പ്രാദേശിക കർഷകർ. സ്ഥലം പാട്ടത്തിനെടുത്ത് 100 മുതൽ 5000വരെ വാഴക്കൃഷി നടത്തുന്ന ധാരാളം കർഷകർ മലയോരത്തുണ്ട്. ബാങ്ക് വായ്പ ലഭ്യമാക്കിയാണ് കൃഷി ഏറെയും. വേനൽച്ചൂടിൽ വാഴകൾ കരിഞ്ഞുണങ്ങുന്നതും പതിവായി. ജലസേചനം നടത്തിയാലും കരിച്ചിൽ തടയാനാകുന്നില്ലെന്നാണ് കർഷകർ പറയുന്നത്. ചൂടിൽ വെന്ത നിലയിലായ ആയിരക്കണക്കിന് നേന്ത്രവാഴകൾ വേനൽ മഴയിലും കനത്ത കാറ്റിലും നിലംപൊത്തിയതും കാർഷികമേഖലക്ക് കനത്ത നഷ്ടമുണ്ടാക്കി. നാടൻ കുലകൾക്കും ഇത്തവണ ആവശ്യക്കാരില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. കുലകൾ കൃത്യമായി പഴുപ്പിക്കാൻ കഴിയാത്തതും പഴുത്ത കുലകൾ പെട്ടെന്ന് കറുത്തുപോകുന്നതുമാണ് വിനയാകുന്നത്. കറുത്ത പഴങ്ങൾ ഉപഭോക്താക്കൾ വാങ്ങാൻ മടിക്കുന്നു. തോട്ടങ്ങളിൽനിന്ന് വാഴക്കുലകൾ വെട്ടിയെടുത്ത് മാർക്കറ്റിലെത്തിച്ചാൽ വണ്ടിക്കൂലിപോലും ലഭിക്കില്ലെന്നാണ് കർഷകരുടെ പരാതി.










0 comments