ഓണനാളിൽ കണ്ണൂർ ഗവ. മെഡി. കോളേജിൽ ഡിവൈഎഫ്‌ഐയുടെ 1000 സ്‌നേഹപ്പൊതി

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ തിരുവോണനാളിൽ ഡിവൈഎഫ്‌ഐയുടെ ഓണസദ്യ വിതരണം സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
പരിയാരം
പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഓണനാളിൽ ഡിവൈഎഫ്‌ഐ നൽകിയത് ആയിരം സ്‌നേഹപ്പൊതികൾ. കഴിഞ്ഞ നാലുവർഷത്തോളമായി മെഡി. കോളേജിൽ ഒറ്റ ദിവസം പോലും മുടങ്ങാതെ പൊതിച്ചോർ നൽകുന്ന ഡിവൈഎഫ്‌ഐ ഓണത്തിന് പ്രത്യേക സദ്യ തന്നെ ഒരുക്കി. സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎ വിതരണം ഉദ്‌ഘാടനം ചെയ്‌തു. പെരിങ്ങോം മേഖലാ കമ്മിറ്റിയാണ് 12 കറികളും പായസം, പപ്പടം, ഉപ്പേരി ഉൾപ്പെടെയാണ് ഓണസദ്യ ഒരുക്കിയത്. ഓണസദ്യയുടെ വാഹനം പെരിങ്ങോം ടൗണിൽ സിപിഐ എം ലോക്കൽ സെക്രട്ടറി എൻ വി സുജിത്ത് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം പി പി സിദിൻ, ബ്ലോക്ക് സെക്രട്ടറി വിഷ്ണു പ്രസാദ്, എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം പി വി അഭിഷേക്, ബാലസംഘം ജില്ലാ സെക്രട്ടറി എം പി ഗോകുൽ, കെ പി അഭിഷേക്, മേഖലാസെക്രട്ടറി എ അഖിൽ, ടി എൻ സുധീഷ് എന്നിവർ നേതൃത്വം നൽകി. 2023 ഫെബ്രുവരി ആദ്യ ആഴ്ചയിലാണ് മെഡിക്കൽ കോളേജിൽ പൊതിച്ചോർ വിതരണം തുടങ്ങിയത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ദിവസം ആയിരത്തോളം പൊതി നൽകും. പെരിങ്ങോം, മാടായി, പയ്യന്നൂർ, തളിപ്പറമ്പ്, പാപ്പിനിശേരി, ആലക്കോട്, ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മിറ്റികളുടെ കീഴിലുള്ള മേഖലാ കമ്മിറ്റികളാണ് യൂണിറ്റ് തലത്തിൽനിന്ന് ഭക്ഷണ പൊതികൾ ശേഖരിച്ച് മെഡിക്കൽ കോളേജിൽ എത്തിക്കുന്നത്.










0 comments