സമരപോരാളിക്ക് ഓണക്കോടിയുമായി സിപിഐ എം

നഗരൂർച്ചിറ കെ ജനാർദനന് സിപിഐ എം കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ ഓണക്കോടി നൽകുന്നു
കാർത്തികപ്പള്ളി
തിരുവോണനാളിൽ പതിവ് തെറ്റിക്കാതെ സമരപോരാളിക്ക് ഓണക്കോടിയുമായി മുതുകുളത്തെ സിപിഐഎം പ്രവർത്തകരെത്തി. ദീർഘകാലം സിപിഐഎം മുതുകുളം ലോക്കൽ സെക്രട്ടറിയായിരുന്ന നഗരൂർച്ചിറ കെ ജനാർദനനെ സന്ദര്‍ശിച്ചാണ് പ്രവർത്തകർ ഓണസ്മൃതികളുണർത്തിയത്. ഓണാവധിക്ക് മുതുകുളത്തെ വീട്ടിലെത്തിയ സിപിഐഎം ആൻഡമാൻ നിക്കോബാർ സംസ്ഥാന സെക്രട്ടറി ഡി അയ്യപ്പന്റെ സാന്നിധ്യം ആവേശമായി. 1969 കാലഘട്ടത്തിൽ മുതുകുളത്ത് നടന്ന ഐതിഹാസിക സമരങ്ങൾക്ക് നേതൃത്വം നല്‍കിയത് കെ ജനാർദനനായിരുന്നു. ക്രൂരമായ പൊലീസ് മർദനങ്ങൾക്കും കോൺഗ്രസ് ഗുണ്ടാ മർദനങ്ങൾക്കും അദ്ദേഹം വിധേയനായി. മുതുകുളത്തെ പാർട്ടിയെ പ്രതിസന്ധി ഘട്ടങ്ങളിൽ നിലനിർത്തുന്നതിനും കർഷകസംഘം, കർഷകത്തൊഴിലാളി യൂണിയൻ എന്നിവ വളർത്തുന്നതിലും സുപ്രധാന പങ്കുവഹിച്ചു. 104–ാം വയസ്സിൽ വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന കെ ജനാർദനന് സിപിഐഎം കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ ഓണക്കോടി നല്‍കി. മുതുകുളം ലോക്കൽ സെക്രട്ടറി കെ വാമദേവൻ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ പി ചന്ദ്രബാബു, കെ ഉദയഭാനു, ടി സന്തോഷ്, എൻ കൃഷ്ണൻനായർ, മുതുകുളം പഞ്ചായത്തംഗം ബി സുനിത തുടങ്ങിയവർ പങ്കെടുത്തു.










0 comments