മൂന്നാംതവണ അധികാരത്തിൽ വന്നാൽ ഇടതുപക്ഷം തകരുമെന്ന വാദം വിചിത്രം: ബെന്യാമിൻ

മട്ടന്നൂർ മൂന്നാംതവണ അധികാരത്തിൽ വന്നാൽ ഇടതുപക്ഷം തകരുമെന്ന വാദം വിചിത്രമെന്ന് സാഹിത്യകാരൻ ബെന്യാമിൻ. അധികാരത്തിൽ ഇരിക്കുന്നതുകൊണ്ടല്ല; ജനങ്ങളുടെ ഇടയിൽ നിരന്തരം പ്രവർത്തിക്കുന്നതുകൊണ്ടും ജനക്ഷേമം ഉറപ്പാക്കുന്നതുകൊണ്ടുമാണ് ഇടതുപക്ഷം വീണ്ടും വരണമെന്ന് ജനം ആഗ്രഹിക്കുന്നതെന്നും ബെന്യാമിൻ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷം കേരളത്തിലുണ്ടായ സമഗ്ര വികസനത്തെക്കുറിച്ച് കുഞ്ഞുങ്ങൾപോലും പറയും. സമൂഹത്തിലെ ഏറ്റവും എളിയവനുപോലും വികസനത്തിന്റെ നേട്ടം ലഭ്യമാക്കിയ സർക്കാരാണിത്. സമസ്ത മേഖലയിലും വികസനം, സർവ ജനങ്ങളെയും ചേർത്തുപിടിക്കുന്ന നിലപാട്, ഇന്ത്യയിലെ ഏത് സംസ്ഥാനവും കൊതിക്കുന്ന തരത്തിലുള്ള പുരോഗതി, അഴിമതിരഹിത ഭരണം, പറഞ്ഞ വാഗ്ദാനങ്ങൾ ഓരോന്നും നിറവേറ്റിയ സർക്കാർ. ഇങ്ങനെയുള്ള ഒരു സർക്കാരിനെ താഴെയിറക്കാൻ നടക്കുന്ന നുണപ്രചാരണം ജനം തിരിച്ചറിയണം. അഴിമതിയുടെ ആൾക്കൂട്ടത്തെ അധികാരത്തിലേറ്റാനാണ് ഇവർ വാദിക്കുന്നത്. മഹത്തായ ലക്ഷ്യം മുന്നിൽക്കണ്ട് 100 കിലോമീറ്റർ സ്പീഡിൽ ഓടിക്കൊണ്ടിരിക്കുന്ന സൂപ്പർ ഫാസ്റ്റായ ബസാണ് ഇടതുസർക്കാർ. അതിനെ താഴെയിറക്കി കട്ടപ്പുറത്തിരിക്കുന്ന ബസിനെ എങ്ങനെയെങ്കിലും ഓടിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും ബെന്യാമിൻ പറഞ്ഞു. 25 വർഷം എംഎൽഎയായവരും 35 വർഷം എംപിയായവരും ഭരണത്തിൽനിന്ന് ഇറങ്ങുകയേയില്ല എന്നു പറഞ്ഞ് ഡൽഹിയിൽ തുടങ്ങിയ അടി ഇനിയും അവസാനിച്ചിട്ടില്ല. ഇടതുപക്ഷത്തെ മൂന്നാമതും ഭരണത്തിൽ എത്തിക്കുകയെന്നത് ജനങ്ങളുടെ ആവശ്യമാണെന്നും മികച്ച നേതൃപാടവവും ഊർജസ്വലതയുമുള്ള വി കെ സനോജ് എന്ന ചെറുപ്പക്കാരനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.










0 comments