ad
Deshabhimani

ഷമീമയ്‌ക്ക്‌ നാളികേര ബോർഡിന്റെ ദേശീയ പുരസ്‌കാരം

തേങ്ങാവെള്ളം ജെല്ലിയായി
പണംവാരും ബിസിനസായി

എ പി ഷമീമ

എ പി ഷമീമ

വെബ് ഡെസ്ക്

Published on Aug 28, 2026, 02:00 AM | 1 min read

കണ്ണൂർ

വീട്ടുകാരെല്ലാം തേങ്ങയെക്കുറിച്ച്‌ ചിന്തിച്ചപ്പോൾ വെറുതെ ഒഴുക്കിക്കളയുന്ന തേങ്ങാവെള്ളത്തെ പറ്റിയാണ്‌ ഷമീമയും ഭർത്താവും തലപുകച്ചത്‌. ആ തലപുകയ്‌ക്കലാണ്‌ നാറ്റ ഡി കൊക്കോയെന്ന ബ്രാൻഡിൽ എത്തിനിന്നത്‌. പുഡിങ്ങിലെയും യോഗർട്ടിലെയും സലാഡിലെയും ഐസ്‌ക്രീമിലെയും ചേരുവയായ ജെല്ലി രൂപത്തിലുള്ള ഇ‍ൗ പ്രോബയോട്ടിക്‌ നിർമിക്കുന്ന ഇന്ത്യയിലെ ഏക സംരംഭകയാണ്‌ എ പി ഷമീമ. പരന്പരാഗത തേങ്ങാക്കച്ചവടത്തിൽനിന്ന്‌ തേങ്ങാവെള്ളത്തെ മൂല്യവർധിത ഉൽപ്പന്നമാക്കിയതിനാണ്‌ നാളികേര വികസന കോർപറേഷന്റെ ഇ‍ൗ വർഷത്തെ ദേശീയ നാളികേര സംരംഭക പുരസ്‌കാരം. സെപ്‌തംബർ രണ്ടിന്‌ തിരുവനന്തപുരത്താണ്‌ പുരസ്‌കാര വിതരണം. പ്രതിമാസം 35 ടൺ ഉൽപ്പാദനമുള്ള ഭക്ഷ്യസംരംഭമായി നാടുകാണി വ്യവസായ എസ്റ്റേറ്റിലെ നാറ്റ ന്യൂട്രികോ കന്പനി വളർന്നുകഴിഞ്ഞു. നാളികേര വെള്ളത്തിൽനിന്നുള്ള വിനാഗിരിയിലായിരുന്നു തുടക്കം. അത്‌ ആദ്യഘട്ടത്തിൽ വലിയ വിജയം കാണാത്തതിനെ തുടർന്നാണ്‌ അന്വേഷണം നാറ്റ ഡി കൊക്കോയിലെത്തിയത്‌. കണ്ണൂർ ദിനേശ്‌ ഫുഡ്‌സിൽനിന്നും അഞ്ചരക്കണ്ടി ഫാർമേഴ്‌സ്‌ ബാങ്കിൽനിന്നും മലയോര കർഷകരിൽനിന്നുമാണ്‌ തേങ്ങാവെള്ളം ശേഖരിക്കുന്നത്‌. ലിറ്ററിന്‌ ഏഴുരൂപ നൽകിയാണ്‌ സംഭരണം. ഇവ ശാസ്‌ത്രീയമായി സംസ്‌കരിച്ച്‌ ബാക്ടീരിയകളുടെ സഹായത്തോടെ ദഹനവ്യവസ്ഥയും കുടലിന്റെയും ആരോഗ്യവും മെച്ചപ്പെടുത്തുന്ന ഉൽപ്പന്നമാക്കി മാറ്റുകയാണ്‌. തേങ്ങാവെള്ളവും പ്രോബയോട്ടിക്‌സും ചേർന്ന ‘നാറ്റ ന്യൂട്രികോ ബിറ്റ്‌സ്‌ ഡ്രിങ്ക്‌’ എന്ന സോഫ്‌റ്റ്‌ ഡ്രിങ്കും നാടുകാണിയിലെ ഫാക്ടറിയിൽനിന്ന്‌ വിപണിയിലെത്തുന്നു. തദ്ദേശീയരായ അറുപതോളം സ്‌ത്രീകൾക്ക്‌ ഉൾപ്പെടെ ഷമീമയുടെ സ്ഥാപനം തൊഴിൽ നൽകുന്നുണ്ട്‌. 2017ൽ കന്പനിയായി രജിസ്റ്റർ ചെയ്‌ത സ്ഥാപനത്തിന്‌ ഇപ്പോൾ ഒന്പത്‌ പാർട്‌ണർമാരുണ്ട്‌. ഭർത്താവ്‌ നാറാത്ത്‌ ഓണപ്പറന്പ്‌ സ്വദേശിയായ തേലക്കാട്ട്‌ പുത്തൻപുരയിൽ അബ്‌ദുള്ള ഷമീമയുടെ ബിസിനസിനൊപ്പം സദാസമയവുമുണ്ട്‌. ‘‘പാരന്പര്യത്തിൽനിന്ന്‌ മാറാതെ എന്തുചെയ്യാൻ കഴിയുമെന്ന ആലോചനയാണ്‌ നാറ്റ ഡി കൊക്കോ’യിലേക്ക്‌ എത്തിച്ചതെന്ന്‌ ഷമീമയും അബ്‌ദുള്ളയും പറയുന്നു. ഇന്ത്യയ്‌ക്കൊപ്പം ഖത്തറിലും യുഎഇയിലും മാലദ്വീപിലും ഇവരുടെ ഉൽപ്പന്നങ്ങളെത്തുന്നുണ്ട്‌. ഷിംവാസ്‌ ഹുസൈൻ, എ സി ഷഫ്‌ന, കെ പി ഹുസൈൻ, സീനത്ത്‌, സാബിറ, റലീന, ഷമീന എന്നിവരാണ്‌ മറ്റ്‌ പാർട്‌ണർമാർ. 15 കോടി രൂപയാണ്‌ കഴിഞ്ഞ വർഷത്തെ വിറ്റുവരവ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home