‘മൃത്യുവിന്നാമോ ജീവിതത്തിൻ കൊടിപ്പടം താഴ്‌ത്താൻ...’

പുനരവതരണത്തിനായുള്ള വനിതാ മെസ്‌ നാടക റിഹേഴ്‌സലിൽനിന്ന്‌

പുനരവതരണത്തിനായുള്ള വനിതാ മെസ്‌ നാടക റിഹേഴ്‌സലിൽനിന്ന്‌

avatar
കെ വി രഞ്‌ജിത്‌

Published on Jan 05, 2025, 03:00 AM | 1 min read

കാസർകോട്‌

ജീവിത അരങ്ങിൽനിന്ന്‌ മാഞ്ഞുപോയവർക്കുവേണ്ടി, അവർക്കൊപ്പം കളിയരങ്ങിലുണ്ടായവരുടെ നാടകാഞ്ജലിയായി ‘വനിതാമെസ്‌’ വീണ്ടുമെത്തുന്നു. കൈയടികൾ ഏറെ ഏറ്റുവാങ്ങി, ചിരിപ്പിച്ചും അതിലേറെ സങ്കടപ്പെടുത്തിയും പ്രേക്ഷകമനസ്സിൽ ഇടംനേടിയ കായംകുളം ദേവ കമ്യൂണിക്കേഷന്റെ ‘വനിതാമെസ്‌’, ഒടുവിൽ വലിയൊരു വേദനയാവുകയായിരുന്നു. നാടകാവതരണത്തിനായി സുൽത്താൻബത്തേരിയിലേക്ക്‌ പോകുമ്പോഴുണ്ടായ അപകടത്തിൽ നടിമാരായ കരുനാഗപ്പള്ളി തേവലക്കര ജെസി മോഹനും കായംകുളത്തെ അഞ്ജലി ഉല്ലാസുമാണ്‌ പൊടുന്നനെ ജീവിതത്തിന്‌ തിരശീലയിട്ട്‌ മരണത്തിനൊപ്പം മാഞ്ഞുപോയത്‌. മറ്റ്‌ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകരിൽ പലർക്കും ഗുരുതര പരിക്കേറ്റു. നവംബർ 14ന്‌ രാത്രി കണ്ണൂർ കടന്നപ്പള്ളിയിലെ അവതരണത്തിനുശേഷം സുൽത്താൻബത്തേരിയിൽ പ്രൊഫഷണൽ നാടകമേളയിൽ പങ്കെടുക്കാൻ പോകുംവഴിയായിരുന്നു അപകടം. 15ന് പുലർച്ചെ മൂന്നോടെ കേളകം മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിയുകയായിരുന്നു. അതോടെ നിലച്ചുപോയ അരങ്ങിലേക്കാണ്‌ ഉറ്റവരുടെ ഓർമയിൽ ഇവർ വീണ്ടുമെത്തുന്നത്‌. തിങ്കൾ വൈകിട്ട്‌ 7.30ന്‌ തൃക്കരിപ്പൂർ മാണിയാട്ടാണ്‌ അവതരണം. ഇതിൽനിന്ന്‌ ലഭിക്കുന്ന വരുമാനം മുഴുവനായും മരിച്ച നടിമാരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും സംഘാടകരായ കോറസ്‌ മാണിയാട്ട്‌ കൈമാറും. മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സഹായം നൽകുന്നതിനൊപ്പം നാടകം ജീവിതമാക്കി പൊലിഞ്ഞുപോയവർക്കുള്ള ശ്രദ്ധാഞ്‌ജലിയുമാണ്‌ നാടകാവതരണമെന്ന്‌ കോറസ്‌ രക്ഷാധികാരി ടി വി ബാലൻ പറഞ്ഞു. സഹായം നൽകാൻ തീരുമാനിച്ചയുടൻ നടൻ വിജയരാഘവൻ 25,000 രൂപ കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. മാണിയാട്ടെയും പരിസരത്തെയും നാടകപ്രേമികൾ മുഴുവൻ സഹായം നൽകുന്നുണ്ട്‌. എന്നും നാടകത്തെ നെഞ്ചോടുചേർത്തുപിടിച്ച മാണിയാട്ടിന്റെ സ്‌നേഹത്തിനുമുന്നിൽ നാടകം വീണ്ടും തട്ടിലെത്തുമ്പോൾ അത്‌ മൺമറഞ്ഞ പ്രിയപ്പെട്ടവർക്കുള്ള അവതരണംകൂടിയാകും. പ്രദീപ് കുമാർ കാവുന്തറ രചനയും രാജീവൻ മമ്മിളി സംവിധാനവും നിർവഹിച്ച നാടകത്തിന്‌ നേരത്തെ അറുപതിലേറെ ബുക്കിങ്‌ ലഭിച്ചിരുന്നു. തിങ്കളാഴ്‌ച വേദിയിൽ അഞ്ജലിക്കും ജെസി മോഹനും പകരക്കാരായി സൂസൻ സാമുവലും ജാസ്‌മിൻ ജോഷിയുമെത്തും.



deshabhimani section

Related News

View More
0 comments
Sort by

Home