റൊമിള ഥാപ്പറുടെ പുസ്‌തകപ്രകാശനം 27ന്

തലശേരി
ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്സിന്റെ ഭാഗമായി ഗവ. ബ്രണ്ണൻ കോളേജിൽ നടക്കുന്ന പുസ്തകോത്സവത്തിൽ റൊമിള ഥാപ്പർ രചിച്ച ‘ ദി പ്രസന്റ് കോളനീസ് ദി പാസ്‌റ്റ്, ദി ഫ്യൂച്ചർ ഫോർസേക്കൻ’ പുസ്‌തകം പ്രകാശിപ്പിക്കും. 27ന് വൈകിട്ട് ഡോ. രാജൻ ഗുരുക്കൾ എഴുത്തുകാരൻ ടോണി ജോസഫിന് നൽകിയാണ് പ്രകാശിപ്പിക്കുക. ദിലീപ് രാജ് പുസ്തകം പരിചയപ്പെടുത്തും. ഭൂതകാലത്തിലെ സംഭവങ്ങളിൽനിന്ന് തെരഞ്ഞെടുത്ത ശകലങ്ങൾമാത്രം കോർത്തിണക്കി കൃത്രിമമായി ഉണ്ടാക്കുന്ന ചരിത്രനിർമിതികൾ എങ്ങനെയാണ് പൈതൃകത്തെയും പൗരത്വത്തെയും ബാധിക്കുന്നത് എന്നന്വേഷിക്കുന്നതാണ് ഥാപ്പറുടെ പുസ്തകം. പുസ്തകോത്സവം എം മുകുന്ദൻ ഉദ്‌ഘാടനം ചെയ്യും. ആർ രാജശ്രീ അധ്യക്ഷയാകും. പുസ്തകോത്സവത്തിന്റെ ഭാഗമായി സജ്ജമാക്കിയ ഓതേഴ്സ് ലോഞ്ചിൽ ഹിസ്റ്ററി കോൺഗ്രസ്സിൽ എത്തുന്ന പ്രധാന എഴുത്തുകാരുടെ പുസ്തകങ്ങളുടെ സൈനിങ് സെഷൻ നടക്കും. പ്രൈമസ്, ഓറിയന്റ് ബ്ലാക്ക്‌സ്വാൻ, ഹാഷെറ്റ്, കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസ്സ്, മനോഹർ, ഡി സി ബുക്സ്, മാതൃഭൂമി ബുക്സ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, മാർഗ് പബ്ലിക്കേഷൻസ്, സീഗൾ, പെൻഗ്വിൻ തുടങ്ങി പ്രമുഖ പ്രസാധകരും ഡിസ്ട്രിബ്യൂട്ടർമാരും ബുക് ഫെയറിൽ പങ്കെടുക്കും. ചരിത്ര സംബന്ധിയായ പുസ്തകങ്ങൾക്കുപുറമെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള മറ്റു പുസ്തകങ്ങളും ബുക്ഫെയറിൽ ലഭിക്കും.
ഇന്ത്യൻ ചരിത്രകോൺഗ്രസ്: കാണാം കേരളീയ കലകളും
തലശേരി
ഇന്ത്യൻ ചരിത്രകോൺഗ്രസിനോടനുബന്ധിച്ച് രണ്ട് ദിവസം ഗവ. ബ്രണ്ണൻ കോളേജിൽ കലാവിരുന്ന്. 28ന് രാത്രി 7.30ന് നർത്തകിയും സിനിമാതാരവുമായ മീരാനായരും സംഘവും ‘തെയ്യാട്ടം ദി ഡിവൈൻ റീബർത്ത് ഓഫ് ഒപ്രസ്സ്ഡ് ലവ്’ തീമിൽ നൃത്തപരിപാടി അവതരിപ്പിക്കും. 29ന് വൈകിട്ട് പതിമൂന്നോളം കേരളീയ കലാരൂപങ്ങളെ കോർത്തിണക്കിയുള്ള സംഗീത–നൃത്തഫ്യൂഷൻ അരങ്ങേറും. കഥകളി, ഓട്ടൻതുള്ളൽ, കേരള നടനം, തെയ്യം, ആലാമിക്കളി, പൂരക്കളി, പണിയനൃത്തം, ചവിട്ടുനാടകം, ഒപ്പന, മാർഗംകളി, കളരി തുടങ്ങിയ കേരളീയ കലാരൂപങ്ങളെ സമന്വയിപ്പിക്കുന്നതാവും രംഗാവിഷ്‌കാരം. -രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന ചരിത്രകാരന്മാർക്ക് കേരളത്തിന്റെ കലാപൈതൃകം അറിയാനും അനുഭവിക്കാനുമുള്ള അവസരമാണ് സംഘാടകർ ഒരുക്കുന്നത്. ബ്രണ്ണന്റെ സന്പന്നമായ ചരിത്രവും നാടിന്റെ സംസ്‌കാരവും ഉൾപ്പെടുത്തിയുള്ള സ്വാഗതനൃത്ത ശിൽപവുമുണ്ട്.










0 comments