രക്ഷിതാക്കളെത്തി
അഭിമന്യു ഇന്ന് മടങ്ങും; അമ്മത്തണലിലേക്ക്

തലശേരി
മഹാരാഷ്ട്രയിൽനിന്ന് കാണാതായ പതിനാലുകാരൻ അഭിമന്യുവിനെ തേടി മാതാപിതാക്കൾ തലശേരിയിലെത്തി. അമരാവതിയിൽനിന്ന് മാതാപിതാക്കളായ സുരേഷ് ബോസ്ലെയും പിരീഷാ ബോസ്ലെയും രണ്ട് ബന്ധുക്കളും വെള്ളിയാഴ്ചയാണെത്തിയത്. മകനെ കണ്ടപ്പോൾ സന്തോഷംകൊണ്ട് അമ്മയുടെ കണ്ണുകൾ നിറഞ്ഞു. വൈകാരിക മുഹൂർത്തങ്ങൾക്കാണ് തലശേരി ചിൽഡ്രൻസ് ഹോം സാക്ഷിയായത്. അമരാവതിയിൽ ഭിന്നശേഷി സ്കൂൾ വിദ്യാർഥിയായ അഭിമന്യുവിനെ കണ്ടെത്താൻ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. കാണാനില്ലെന്ന നോട്ടീസുകൾ വിവിധ സ്ഥലങ്ങളിൽ പതിച്ചു. കണ്ടെത്തുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങളിലൂടെയും അന്വേഷണം തുടർന്നെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയാണ് തലശേരിയിലുള്ളതായി വിവരം ലഭിച്ചത്. ഉടൻ മാതാപിതാക്കൾ പുറപ്പെടുകയായിരുന്നു. പല ട്രെയിനുകൾ മാറിക്കയറിയാണ് അഭിമന്യു കണ്ണൂരിലെത്തിയത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആഗസ്‌ത് 9ന് കണ്ടെത്തിയ കുട്ടിയെ തലശേരി ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. വീട് അമരാവതി ജില്ലയിലെ നന്ദ്കാവ് എന്നു മാത്രമാണ് കുട്ടി പറഞ്ഞിരുന്നത്. മിസ്സിങ് പേഴ്സൺ കേരള വാട്സ്ആപ്പ് ഗ്രൂപ്പ് മുഖേന രക്ഷിതാക്കളെ കണ്ടെത്താൻ ശ്രമംതുടങ്ങി. ചിൽഡ്രൻസ് ഹോം സൂപ്രണ്ട് ഒ കെ മുഹമ്മദ് അഷറഫ് ഉൾപ്പെടെയുള്ളവരാണ് ഗ്രൂപ്പിന്റെ അഡ്മിന്മാർ. കുട്ടിയുടെ ഫോട്ടോ കണ്ട് ഗ്രൂപ്പിലെ അംഗമായ ജാർഖണ്ഡ് സ്വദേശി ശർമയാണ് രക്ഷിതാക്കളെ കണ്ടെത്തുന്നത്. മുഹമ്മദ് അഷ്റഫ് കുട്ടിയുമായി വീഡിയോ കോൾ മുഖേന രക്ഷിതാക്കളുമായി സംസാരിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖേന അഭിമന്യുവിനെ ശനിയാഴ്ച രക്ഷിതാക്കൾക്ക് കൈമാറും.











0 comments