ad
Deshabhimani

'ജീവനക്കാരെക്കൊണ്ട് ടിന്നു യാദവ് കാൽ തിരുമ്മിച്ചു'; രാമക്ഷേത്ര ട്രസ്റ്റിനെതിരെ മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തൽ

tinnu
വെബ് ഡെസ്ക്

Published on Jul 01, 2026, 06:34 PM | 1 min read

ലഖ്നൗ: അയോധ്യ ശ്രീരാമ ക്ഷേത്ര ട്രസ്റ്റിന്റെ മറവിൽ നടക്കുന്ന ഉന്നതരുടെ അഴിമതികളും ക്രൂരമായ ജീവനക്കാരുടെ പീഡനങ്ങളും പുറത്ത്. കാണിക്കപ്പണം കവർന്ന കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ട്രസ്റ്റിനെ പ്രതിക്കൂട്ടിലാക്കുന്ന പുതിയ വെളിപ്പെടുത്തലുകൾ. ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത്ത് റായിയുടെ വിശ്വസ്തനും ഡ്രൈവറുമായ ടിന്നു യാദവ് ക്ഷേത്ര ജീവനക്കാരെക്കൊണ്ട് നിർബന്ധിപ്പിച്ച് കാൽ തിരുമ്മിക്കുമായിരുന്നുവെന്ന് മുൻ ജീവനക്കാരൻ വെളിപ്പെടുത്തിയതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.


ക്ഷേത്രത്തിലെ ഉന്നത ഉദ്യോഗസ്ഥർ ജീവനക്കാരെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയിരുന്നതായും ഇയാൾ തുറന്നടിച്ചു. തൊഴിൽ ചൂഷണവും ഭരണപരമായ അരാജകത്വവുമാണ് ട്രസ്റ്റിന് കീഴിൽ നടക്കുന്നത്. സ്വാധീനമുള്ളവരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമാണ് ഇവിടെ നിയമനം നൽകുന്നത്.


ക്ഷേത്രത്തിലെ വിവിധ ജോലികൾക്കായി എത്തുന്ന ചെറുകിട കമ്പനികളിൽ നിന്ന് പോലും ഉന്നതർ വൻതോതിൽ കമ്മീഷൻ പറ്റിയിരുന്നു. മാനസിക പീഡനവും അവഗണനയും സഹിക്കവയ്യാതെ നിരവധി തൊഴിലാളികളാണ് ഇതിനകം ജോലി ഉപേക്ഷിച്ചു പോയത്.


കാണിക്കപ്പണം മോഷ്ടിച്ച കേസിൽ നിലവിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായ പ്രതികൾക്ക് ട്രസ്റ്റിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. പ്രതികളെ ക്ഷേത്ര പരിസരത്തെ ചായക്കടയിൽ സ്ഥിരമായി കാണാറുണ്ടായിരുന്നുവെന്നും ഇവരുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നുവെന്നും മുൻ ജീവനക്കാരൻ വ്യക്തമാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home