ad
Deshabhimani

ചേരിപ്രദേശത്തെ കുടിലുകള്‍ അനധികൃതമായി പൊളിച്ചുമാറ്റി; ​ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ നല്‍കി തടിതപ്പി സൂറത്ത് മുനിസിപ്പൽ കോർപ്പറേഷന്‍

bulldozer raj ai image

എഐ പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jul 01, 2026, 07:23 PM | 1 min read

സൂറത്ത് : സൂറത്തിലെ നാസിർനഗർ പ്രദേശത്തെ 80 ഓളം കുടിലുകൾ ദുരൂഹസാഹചര്യത്തിൽ പൊളിച്ചുമാറ്റിയ സംഭവത്തിൽ സൂറത്ത് മുനിസിപ്പൽ കോർപ്പറേഷനിലെ (എസ്എംസി) അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. മെയ് മാസത്തിലാണ് സംഭവമുണ്ടായത്. ഈ പ്രവർത്തനത്തിൽ നഗരസഭയ്ക്ക് പങ്കില്ലെന്ന് അധികൃതർ അറിയിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് സസ്പെൻഷൻ.


പൊളിച്ചുനീക്കൽ അന്വേഷിച്ച ആഭ്യന്തര അന്വേഷണ സമിതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചതായി എസ്എംസി ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ സുജൽകുമാർ പ്രജാപതി, ജയാങ് ജീവൻറാംജിവാല, ഡെപ്യൂട്ടി എഞ്ചിനീയർ അർപൻ പർമാർ, അസിസ്റ്റന്റ് എഞ്ചിനീയർ മോണിക് ഗാഡിയ, ജൂനിയർ എഞ്ചിനീയർ നരേഷ്കുമാർ ഗാൽച്ചർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ സമിതിയുടെ മറ്റ് കണ്ടെത്തലുകൾ വെളിപ്പെടുത്തിയിട്ടില്ല.


നാസിർനഗറിലെ 80 ഓളം കുടിലുകളാണ് മുന്നറിയിപ്പുകളില്ലാതെ പൊളിച്ചുമാറ്റിയത്. ഇത് വൻ വിവാദത്തിന് കാരണമായിരുന്നു. മാധ്യമ റിപ്പോർട്ടുകളെ തുടർന്ന് എസ്എംസി സംഭവത്തിൽ പങ്കില്ലെന്ന് അറിയിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. റോഡ് അതിർത്തി നിർണയത്തിനായി മാത്രമാണ് നഗരസഭാ ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പോയതെന്നാണ് ന​ഗരസഭയുടെ വാദം.


എന്നാൽ ഉദ്യോ​ഗസ്ഥരെ കരുവാക്കി വീഴ്ച മറച്ചുവയ്ക്കാനുള്ള ശ്രമമാണ് ന​ഗരസഭയുടേതെന്നും ആരോപണമുയർന്നിട്ടുണ്ട്. ഭൂമിയിൽ താൽപ്പര്യമുള്ള കോർപറേറ്റുകൾക്കുവേണ്ടി ഭരണകക്ഷിയായ ബിജെപിയുടെ നിർദ്ദേശപ്രകാരമാണ് പൊളിക്കൽ നടന്നതെന്നാണ് ആരോപണം. കുടിലുകൾ പൊളിച്ചുനീക്കുന്നതിൽ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നുകാണിച്ച് ഒരു താമസക്കാരൻ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home