ad
Deshabhimani

ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിനെ അറസ്റ്റ് ചെയ്തു

Vighneshwari death
വെബ് ഡെസ്ക്

Published on Jul 01, 2026, 08:07 PM | 1 min read

കോവളം : ഭർതൃവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിനു സമീപം പൊടിയണിവിള വീട്ടിൽ അഭിലാഷിനെ (32) ആണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അഭിലാഷിൻ്റെ ഭാര്യ വിഗ്‌നേശ്വരി (27) യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിൻ്റെ ഒന്നാം നിലയിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്.


മുറിയിൽ നിന്നും ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തു. ഇതോടൊപ്പം യുവതിയുടെ ഫോണിൽ റിക്കോർഡ് ചെയ്തു സൂക്ഷിച്ചിരുന്ന ശബ്‌ദ സന്ദേശവും പൊലീസ് കണ്ടെടുത്തു. ഇതിനെ തുടർന്നാണ് ബുധനാഴ്ച രാവിലെയോടെ ഭർത്താവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാ പ്രേരണയ്ക്കാണ് കേസെടുത്തിട്ടുള്ളതെന്നും ഫോൺ വിശദ പരിശോധനയ്ക്കായി ഫോറൻസിക് അധികൃതർക്ക് നൽകുമെന്നും വിഴിഞ്ഞം എസ്ഐ ആർ പ്രശാന്ത് പറഞ്ഞു.


നാഗർകോവിൽ സ്വദേശികളായ നാഗരാജൻ്റെയും കലയുടെയും മകളാണ് വിഗ്‌നേശ്വരി. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷം മാത്രമേ ആയിട്ടുള്ളു. ചൊവ്വാഴ്ച വൈകിട്ടോടെ ഭർത്താവിൻ്റെ പിതാവ് ചന്ദ്രൻ എത്തുമ്പോൾ വീട് പൂട്ടിയനിലയിലായിരുന്നു. ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് അയൽവാസിയുടെ സഹായത്തോടെ വീടിൻ്റെ ജനൽ ഗ്ലാസ് തകർത്തു നോക്കുമ്പോഴാണ് യുവതിയെ വീടിൻ്റെ ഒന്നാം നിലയിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിട്ട് മണിക്കൂറുകൾ ആയതായി ഡോക്ടർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. അഭിലാഷിൻ്റെ അമ്മ ജയലക്ഷ്മി നാലു മാസമായി മകളുടെ വീട്ടിൽ ആയിരുന്നു. ഇതിനാൽ സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.


തൻ്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും ഇനി ഇവിടെ നിൽക്കാനാകില്ലെന്നുമാണ് ആത്മഹത്യ കുറിപ്പിലുള്ളത്. അഭിലാഷ് മദ്യപിച്ച് നിരന്തരം ഉപദ്രവിക്കുമായിരുന്നു എന്നും ആത്മഹത്യക്ക് അഭിലാഷാണ് കാരണമെന്നും കുറിപ്പിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home