നൂറിലധികം കേസുകളിൽ പ്രതി; ചമ്പൽ കൊള്ളക്കാരനെ ജയിലിൽ സഹതടവുകാരൻ കൊലപ്പെടുത്തി

ജയ്പൂർ : നൂറിലധികം കേസുകളിൽ പ്രതിയായി ജയിലിലടയ്ക്കപ്പെട്ട ചമ്പൽ കൊള്ളക്കാരൻ ജഗൻ ഗുർജാറിനെ അജ്മീറിലെ അതീവ സുരക്ഷയുള്ള ജയിലിനുള്ളിൽ സഹപ്രവർത്തകൻ കൊലപ്പെടുത്തി. ബുധനാഴ്ച കനത്ത സുരക്ഷയിൽ ഗുർജാറിന്റെ മൃതദേഹം ജന്മഗ്രാമത്തിൽ സംസ്‌കരിച്ചതായി പൊലീസ് പറഞ്ഞു. 52 കാരനായ ഗുർജാറിന്റെ മൃതദേഹം അജ്മീറിൽ നിന്ന് ധോൽപൂർ ജില്ലയിലെ ഭവുതിപുര ഗ്രാമത്തിൽ രാവിലെ എത്തിച്ചുവെന്നും ഗുർജാറിന്റെ സഹോദരങ്ങളായ പപ്പു ഗുർജാർ, ലാൽ സിങ്ങ്, പാൻ സിങ്ങ് എന്നിവരെ പൊലീസ് സുരക്ഷയിൽ ശവസംസ്കാര ചടങ്ങുകൾക്കായി ജയിലുകളിൽ നിന്ന് ഗ്രാമത്തിലേക്ക് കൊണ്ടുവന്നുവെന്നും പൊലീസ് പറഞ്ഞു. ഇവരും വിവിധ കേസുകളിൽ ജയിലിലാണ്.
അജ്മീർ ജയിൽ ഭരണകൂടം, ധോൽപൂർ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്), ധോൽപൂർ പൊലീസ് എന്നിവരുടെ സംഘങ്ങളാണ് സഹോദരങ്ങളെ പ്രത്യേകം എത്തിച്ചത്. പപ്പു ഗുർജാറിനെ അജ്മീറിൽ നിന്നും ലാൽ സിങ്ങിനെയും പാൻ സിങ്ങിനെയും ധോൽപൂർ ജയിലിൽ നിന്നുമാണ് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. ജൂൺ 29 നാണ് അജ്മീറിലെ അതീവ സുരക്ഷയുള്ള ജയിലിനുള്ളിൽ വച്ച് സഹതടവുകാരനായ വിഷ്ണു ഗുർജാറിനെ ടവ്വൽ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കഠിന തടവ് ശിക്ഷ വിധിക്കപ്പെട്ട വിഷ്ണുവിനെയും ഗുർജാറിനെയും ഒരേ സെല്ലിലാണ് പാർപ്പിച്ചിരുന്നത്.
സംഭവത്തെത്തുടർന്ന് ഗുർജാറിന്റെ കുടുംബം അജ്മീറിലെ ജെഎൽഎൻ ആശുപത്രിയുടെ മോർച്ചറിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തുകയും മൃതദേഹം സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്തുവെന്ന് അധികൃതർ പറഞ്ഞു. പിന്നീട് പൊലീസുമായുള്ള ചർച്ചകൾക്ക് ശേഷമാണ് കുടുംബം മൃതദേഹം ഏറ്റുവാങ്ങിയത്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം വിട്ടുനൽകി.
2026 മാർച്ചിലാണ് ആയുധ നിയമപ്രകാരം ഗുർജാറിനെ അവസാനമായി അറസ്റ്റ് ചെയ്തതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. വിവിധ സ്റ്റേഷനുകളിലായി നൂറിലധികം കേസുകൾ ഗുർജാറിനെതിരെ നിലവിലുണ്ട്. 2001ൽ ആണ് ആദ്യമായി ഗുർജാറിനെ അറസ്റ്റ് ചെയ്തത്. പിന്നീട് പലതവണ അറസ്റ്റ് ചെയ്യപ്പെടുകയും ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തതായി പൊലീസ് പറഞ്ഞു. 2008 ൽ അന്നത്തെ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ വസതിയിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണി മുഴക്കിയതിനുപിന്നാലെയാണ് ഗുർജാർ പൊലീസിന്റെ നോട്ടപ്പുള്ളിയാകുന്നത്.
രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ചമ്പൽ മലയിടുക്കുകളിൽ ഗുർജാർ സജീവമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 2019 ജൂണിൽ സ്ത്രീകളെ മർദ്ദിച്ചതിന്ന് ഗുർജാറിനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. പിന്നീട് 2022 ഫെബ്രുവരിയിൽ കോൺഗ്രസ് എംഎൽഎയായിരുന്ന ഗിർരാജ് മലിംഗയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഗുർജാറിനെ വീണ്ടും അറസ്റ്റ് ചെയ്തു.










0 comments