അഹമ്മദാബാദ് വിമാനത്താവളത്തിൽ ലഹരിവേട്ട; 4 കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് പിടികൂടി

അഹമ്മദാഹാദ് : അഹമ്മദാബാദ് വിമാനത്താവളത്തിൽ വീണ്ടും ലഹരിവേട്ട. ബാങ്കോക്കിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 4.276 കിലോഗ്രാം ഹൈഡ്രോപോണിക് മരിജുവാന പിടികൂടി. പിടികൂടിയ കഞ്ചാവിന് അനധികൃത വിപണിയിൽ 4.27 കോടി രൂപയിലധികം വിലമതിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഉല്ലാസ്‌നഗർ സ്വദേശിയായ ഹരേഷ് ടിൽവാനി (40) ആണ് പിടിയിലായതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ചെക്ക്-ഇൻ ട്രോളി ബാഗിലെ ഭക്ഷണ പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അഹമ്മദാബാദ് കസ്റ്റംസിലെ എയർ ഇന്റലിജൻസ് യൂണിറ്റ് (എഐയു) ഉദ്യോഗസ്ഥരാണ് ബുധനാഴ്ച ബാങ്കോക്കിൽ നിന്ന് ഫ്ലൈറ്റ് നമ്പർ ടിജി343 ൽ എത്തിയ യാത്രക്കാരനെ പിടികൂടിയത്. ട്രോളി ബാഗ് പരിശോധിച്ചപ്പോൾ പോളിത്തീനിൽ പൊതിഞ്ഞ 22 പാക്കറ്റുകൾ കണ്ടെടുത്തു. പരിശോധനയിൽ ഹൈഡ്രോപോണിക് കഞ്ചാവാണെന്ന് തിരിച്ചറിഞ്ഞു. 1985 ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ടിലെ വ്യവസ്ഥകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും ഉദ്യോഗസ്ഥർ പറഞ്ഞു.










0 comments