ad
Deshabhimani

മഹാരാഷ്ട്രയിൽ കാലവർഷം അതിശക്തം: മുംബൈയിൽ പ്രളയസമാന സാഹചര്യം; ജില്ലകളിൽ റെഡ് അലർട്ട്

Photo Credit: Emmanual Yogini

Photo Credit: Emmanual Yogini

വെബ് ഡെസ്ക്

Published on Jul 01, 2026, 07:47 PM | 1 min read

മുംബൈ: മഹാരാഷ്ട്രയിൽ കാലവർഷം അതിശക്തമായതിനെത്തുടർന്ന് മുംബൈയിലും സമീപ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുംബൈയ്ക്ക് പുറമെ താനെ, പാൽഘർ എന്നീ ജില്ലകളിലാണ് അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.


ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് മുംബൈ നഗരത്തിന്റെ പല ഭാഗങ്ങളിലും ജനജീവിതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. അന്ധേരി സബ്‌വേ ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെത്തുടർന്ന് റോഡ് സർവീസുകൾ താറുമാറായിരിക്കുകയാണ്. നഗരത്തിലെ പ്രധാന പാതകളിലൊന്നായ അന്ധേരി സബ്‌വേയിൽ അഞ്ചടിയോളം ഉയരത്തിലാണ് വെള്ളം ഉയർന്നത്. സുരക്ഷ കണക്കിലെടുത്ത് ഈ റൂട്ടിലൂടെയുള്ള വാഹനഗതാഗതം അധികൃതർ പൂർണ്ണമായി നിരോധിച്ചു.


പലയിടങ്ങളിലും കാഴ്ചപരിധി കുറഞ്ഞത് വാഹനയാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. മുംബൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും പെയ്ത കനത്ത മഴയെത്തുടർന്ന് പൊതുഗതാഗത സംവിധാനങ്ങളും റോഡ് ട്രാഫിക്കും പൂർണ്ണമായും തടസ്സപ്പെട്ടു. ജൂൺ 30 ചൊവ്വാഴ്ച രാത്രി ആരംഭിച്ച മഴ ബുധനാഴ്ച രാവിലെയും ശക്തമായി തുടർന്നതോടെ നഗരത്തിലെ റെയിൽവേ ട്രാക്കുകളിൽ വെള്ളം കയറുകയും വെസ്റ്റേൺ, സെൻട്രൽ, ഹാർബർ ലൈനുകളിലെ ട്രെയിൻ സർവീസുകൾ വൈകുകയും ചെയ്തു. ഇതേത്തുടർന്ന് പതിനായിരക്കണക്കിന് യാത്രക്കാരാണ് റെയിൽവേ സ്റ്റേഷനുകളിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നത്.


സെൻട്രൽ, വെസ്റ്റേൺ റെയിൽവേ ലൈനുകളിലെ ലോക്കൽ ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. ഹാർബർ ലൈനിൽ ഓവർഹെഡ് കമ്പി പൊട്ടിയതിനെ തുടർന്ന് ട്രെയിൻ സർവീസ് തടസ്സപ്പെട്ടു. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ നിന്നും ജീർണ്ണിച്ച കെട്ടിടങ്ങൾ, മരങ്ങൾ എന്നിവയ്ക്ക് സമീപത്തുനിന്നും മാറിനിൽക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കൊങ്കൺ, ഗോവ ഉൾപ്പെടെയുള്ള പടിഞ്ഞാറൻ തീരങ്ങളിൽ വരും ദിവസങ്ങളിലും കാലവർഷം ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന സൂചന.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home