ad
Deshabhimani

കേരള സർവകലാശാലയിലെ ചട്ടവിരുദ്ധ സ്റ്റാൻഡിങ് കൗൺസിൽ നിയമനം: വിസിക്ക് നോട്ടീസ്

high court
വെബ് ഡെസ്ക്

Published on Jul 01, 2026, 06:21 PM | 1 min read

കൊച്ചി: കേരള സർവകലാശാലയിലും സിൻഡിക്കറ്റിനെ മറികടന്ന്‌ ചട്ടവിരുദ്ധമായി സ്‌റ്റാൻഡിങ്‌ ക‍ൗൺസൽ നിയമനം നടത്തി നടത്തിയതിനെതിരെ നൽകിയ ഹർജിയിൽ വെെസ് ചാൻസിലർ അടക്കമുള്ള കക്ഷികൾക്ക് ഹെെക്കോടതി നോട്ടീസയച്ചു. നിലവിലുണ്ടായിരുന്ന അഡ്വ. തോമസ് എബ്രഹാമിനെ ഒഴിവാക്കി സിൻഡിക്കറ്റിനെതിരായ കേസിൽ വിസിക്കുവേണ്ടി ഹാജരായ അഭിഭാഷക ഗിരിജ ഗോപാലിനെയാണ്‌ സ്‌റ്റാൻഡിങ്‌ ക‍ൗൺസലാക്കിയത്‌. ഈ നടപടി ചോദ്യംചെയ്ത് സിൻഡിക്കറ്റ് അംഗം ഡോ. ടി ആർ മനോജാണ് ഹർജി നൽകിയത്.


അഭിഭാഷകനെ നിയമിക്കുന്നതിനുളള അധികാരം സിൻഡിക്കറ്റിനാണെന്നിരിക്കെ വിസി ഏകപക്ഷീയമായി നടപടി സ്വീകരിച്ചത് നിലനിൽക്കില്ലെന്നും നിയമനം റദ്ദാക്കണമെന്നുമാണ് ആവശ്യം. ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് 13ലേക്ക്‌ മാറ്റി.


റെയിൽവേ സ്‌റ്റാൻഡിങ്‌ ക‍ൗൺസൽകൂടിയായയ ഗിരിജ ഗോപാലിന്റെ നിയമനത്തിലൂടെ സംഘപരിവാർ – കോൺഗ്രസ്‌ ഡീലാണ്‌ മറനീക്കിയത്‌. സർവകലാശാല സെനറ്റ് ഹാളിൽ ഗവർണർ പങ്കെടുക്കുന്ന വേദിയിൽ കാവിക്കൊടിയേന്തിയ സ്‌ത്രീയുടെ ചിത്രം വച്ചത്‌ മാറ്റാൻ നിർദേശിച്ച രജിസ്‌ട്രാറെ സസ്‌പെൻഡ്‌ ചെയ്‌ത വിസിക്കായി ഗിരിജ ഗോപാൽ ഹൈക്കോടതിയിൽ ഹാജരായിരുന്നു. സസ്‌പെൻഷൻ നടപടി റദ്ദാക്കിയ സിൻഡിക്കറ്റ്‌ തീരുമാനം ചോദ്യംചെയ്‌ത കേസിൽ വിസിക്ക്‌ തിരിച്ചടിയേറ്റിരുന്നു.


മൂന്ന്‌ സർവകലാശാലകളിലെ സ്‌റ്റാൻഡിങ്‌ ക‍ൗൺസൽമാരെ മാറ്റി മുഖ്യമന്ത്രി വി ഡി സതീശന്റെ വിശ്വസ്‌തനായ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ജോർജ്‌ പൂന്തോട്ടത്തിന്റെ മകളെയും ജൂനിയർമാരെയും നിയമിച്ചിരുന്നു. ഇത്‌ വിവാദമായതിന്‌ പിന്നാലെയാണ്‌ കേരളയിലും ചട്ടവിരുദ്ധ നിയമനം. യുഡിഎഫ്‌ സർക്കാർ അധികാരമേറ്റതോടെ സർവകലാശാലകളുടെ അഭിഭാഷകരുടെ വിവരംതേടി രജിസ്ട്രാർമാർക്ക് ഉന്നത വിദ്യാഭ്യാസവകുപ്പ് കത്തയച്ചിരുന്നു. തുടർന്നാണ്‌ സംഘപരിവാർ– കോൺഗ്രസ്‌ അനുകൂലികൾക്ക്‌ സ്‌റ്റാൻഡിങ്‌ ക‍ൗൺസൽ പദവി വീതംവച്ചുള്ള ഡീൽ നടപ്പാക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home