കരുത്തോടെ വിധിയെഴുതും പയ്യന്നൂർ

ജസ്ന ജയരാജ്
Published on Apr 01, 2026, 02:25 AM | 2 min read
പയ്യന്നൂർ
ഇടതുരാഷ്‌ട്രീയത്തിന്റെ ഇളക്കമില്ലാത്ത ഉരുക്കുകോട്ടയായ പയ്യന്നൂരിൽ ഇത്തവണയും അത്ഭുതങ്ങളൊന്നും സംഭവിക്കാനില്ല. ഐതിഹാസികമായ കമ്യൂണിസ്‌റ്റ് കർഷകപോരാട്ടങ്ങളും അതിന് ജീവരക്തം നൽകിയ നേതാക്കളും തെളിച്ച രാഷ്‌ട്രീയ വഴിയിലൂടെ ആവേശപൂർവം മുന്നോട്ടുനടന്ന ജനതയാണ് പയ്യന്നൂരിലേത്. രാഷ്‌ട്രീയ വഞ്ചനയെ ഒരു കാലത്തും പൊറുപ്പിക്കാത്ത മണ്ണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അന്പതിനായിരത്തിനടുത്ത് ഭൂരിപക്ഷം സമ്മാനിച്ച കോട്ടയിൽ ഒരുകാലത്തും വിള്ളലുണ്ടാക്കാനോ കടുത്ത മത്സരം കാഴ്‌ചവയ്‌ക്കാനോ യുഡിഎഫിന് കഴിയാറില്ല. അതിനാൽ ഘടകക്ഷികളുടെ തലയിൽകെട്ടിവച്ച് പേരിനൊരു മത്സരം എന്നതിനപ്പുറം യുഡിഎഫ് പയ്യന്നൂരിനെ കണക്കാക്കാറില്ല എന്നതാണ് നേര്. ആർഎസിപിക്ക് വിട്ടുനൽകിയ സീറ്റിൽ സിപിഐ എമ്മിൽനിന്ന് പുറത്താക്കപ്പെട്ടയാളെ സ്ഥാനാർഥിയാക്കിയാണ് യുഡിഎഫിന്റെ പരീക്ഷണം. നാടിന് കാവലായ പ്രസ്ഥാനത്തെയും നേതാക്കളെയും ഇകഴ്‌ത്താനുള്ള പദ്ധതികളിലൂടെ വാർത്തകളിൽ ഇടം നേടിയ മണ്ഡലമാണ് പയ്യന്നൂർ. സ്വാർഥരാഷ്‌ട്രീയ ലാഭം കൊയ്യാൻ ശ്രമിക്കുന്നവർക്കുള്ള കരളുറപ്പുള്ള മറുപടിയാകും ഇത്തവണ പയ്യന്നൂരിന്റെ ജനവിധി. 74 വർഷമായി ഇടതുജനപ്രതിനിധികളെമാത്രം തെരഞ്ഞെടുത്ത മണ്ഡലത്തിൽനിന്ന് കരിവെള്ളൂർ സമരനായകൻ എ വി കുഞ്ഞന്പു, എൻ സുബ്രഹ്‌മണ്യ ഷേണായി, എം വി രാഘവൻ, പിണറായി വിജയൻ, പി കെ ശ്രീമതി തുടങ്ങിയ കമ്യൂണിസ്‌റ്റ് നേതാക്കൾ വൻ ഭൂരിപക്ഷത്തോടെയാണ് ജനപ്രതിനിധികളായത്. കഴിഞ്ഞ അഞ്ച് വർഷക്കാലം പയ്യന്നൂരിന്റെ വികസനക്കുതിപ്പിന് നേതൃത്വം നൽകിയ ജനപ്രിയ എംഎൽഎ ടി ഐ മധുസൂദനനാണ് എൽഡിഎഫ് സ്ഥാനാർഥി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 49,780 വോട്ടുകളായിരുന്നു ടി ഐ മധുസൂദനന്റെ ഭൂരിപക്ഷം. 1300 കോടിയുടെ വികസനമാണ് മണ്ഡലത്തിൽ യാഥാർഥ്യമായത്. തീരദേശ ഹൈവേ സ്ഥലമേറ്റെടുക്കൽ, പയ്യന്നൂർ സെൻട്രൽ ബസാർ നവീകരണം, ആസ്‌ട്രോ പ്ലാനറ്റോറിയം ടൂറിസം പദ്ധതി, പയ്യന്നൂർ, പെരിങ്ങോം താലൂക്ക് ആശുപത്രി വികസനം, കുഫോസ് പ്രദേശിക കേന്ദ്രം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പദ്ധതികളാണ് മണ്ഡലത്തിന് പുതിയ മുഖം നൽകുന്നത്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗമായ ടി ഐ മധുസൂദനൻ പയ്യന്നൂർ നഗരസഭാ ചെയർമാൻ, കണ്ണൂർ എകെജി ആശുപത്രി പ്രസിഡന്റ്, മികച്ച സഹകാരി, സാംസ്‌കാരികപ്രവർത്തകൻ എന്ന നിലയിലും ജനമനസിലിടം നേടിയ പൊതുപ്രവർത്തകനാണ്. സിപിഐ എം പുറത്താക്കിയ വി കുഞ്ഞിക്കൃഷ്‌ണനാണ് യുഡിഎഫ് സ്ഥാനാർഥി. തെരഞ്ഞെടുപ്പ് കാലമെത്തിയപ്പോൾ രാഷ്‌ട്രീയം ശുദ്ധീകരിക്കാനെന്ന പേരിൽ വ്യാജആരോപണമുന്നയിച്ച് അവസാനം യുഡിഎഫിനൊപ്പം ചേർന്ന സ്ഥാനാർഥിയുടെ ‘ആദർശത്തെയും’ ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എ പി ഗംഗാധരനാണ് എൻഡിഎ സ്ഥാനാർഥി.
2021ലെ വോട്ടുനില
എൽഡിഎഫ്– 93,695 യുഡിഎഫ്: 43,915 എൻഡിഎ–11, 308










0 comments