പഴശ്ശി ഡാമിൽനിന്ന് വെള്ളം തുറന്നുവിട്ടു തുടങ്ങി

പഴശ്ശി കനാലിന്റെ മൂന്ന് ഷട്ടറുകളും 10 സെന്റീമീറ്റർ ഉയർത്തി കൃഷിയാവശ്യത്തിന് കനാൽ വഴി വെള്ളം തുറന്ന് വിട്ടപ്പോൾ.
സ്വന്തംലേഖകൻ
Published on Jan 16, 2026, 02:30 AM | 2 min read
ഇരിട്ടി
പഴശ്ശി ഡാമിൽനിന്ന് ഇക്കുറി നേരത്തെ കൃഷിയാവശ്യത്തിനുള്ള വെള്ളം തുറന്നുവിട്ടുതുടങ്ങി. വർഷങ്ങൾക്കുശേഷമാണ് പഴശ്ശി പദ്ധതി സ്ഥാപിത ലക്ഷ്യം കൈവരിച്ചത്. പദ്ധതി കനാലിന്റെ മൂന്ന് ഷട്ടറുകൾ 10 സെന്റീ മീറ്റർ വീതം ഉയർത്തി വ്യാഴാഴ്‌ച മുഖ്യകനാലിലേക്ക് ജലവിതരണം തുടങ്ങി. കഴിഞ്ഞ കൊല്ലം മെയിൻ കനാൽ വഴി പറശ്ശിനിക്കടവ് നീർപ്പാലം വരെ 42.5 കിലോമീറ്റർ ദൂരത്തിലും മാഹി ബ്രാഞ്ച് കനാൽ വഴി 23.34 കിലോമീറ്ററിലും വെള്ളമെത്തിച്ചിരുന്നു. ഇത്തവണ കൂടുതൽ ശാഖാ കനാലുകളിലേക്ക് വെള്ളം എത്തിക്കാനുള്ള ക്രമീകരണങ്ങളും പൂർത്തിയായി. വ്യാഴം രാവിലെ പത്തോടെ ഷട്ടറുകൾ തുറന്ന് ഒരു മണിക്കൂറിനകം മൂന്ന് കിലോമീറ്റർ ദൂരത്തിൽ വെള്ളം ഒഴുകിയെത്തി. വൈകിട്ട് ആറോടെ മെയിൻ കനാലിലൂടെ 15 കിലോമീറ്റർ ദൂരത്തിലേക്ക് വെള്ളം എത്തിക്കാനായി. മൂന്ന് ദിവസത്തിനകം 42 കിലോമീറ്റർ മെയിൻ കനാൽ അറ്റംവരെ വെള്ളമെത്തിക്കാമെന്ന പ്രതീക്ഷയിലാണ് പഴശ്ശി ജലസേചന വിഭാഗം അധികൃതർ. ഒഴുക്ക് നിരീക്ഷിച്ച് ഷട്ടറുകൾ കൂടുതൽ ഉയർത്തി കൂടുതൽ വെള്ളം ഒഴുക്കി വിടുമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ ജയരാജൻ കാണിയേരി പറഞ്ഞു. ഇക്കുറി അഴീക്കൽ, എടക്കാട് ബ്രാഞ്ച് കനാലുകളിൽ എട്ട് കിലോമീറ്റർ ദൂരത്തിൽ വെള്ളമെത്തിക്കാനുള്ള ട്രയൽ റൺ നടത്തും. പാതിരിയാട്, കതിരൂർ, മൊകേരി, വള്ള്യായി, കടവത്തൂർ എന്നീ കനാലുകളിലും കൈക്കനാലുകളായ മാമ്പ- 2, കാവുംതാഴെ, മണിയൂർ, തരിയേരി, തണ്ടപ്പുറം, വേശാല, നണിയൂർ, കടൂർ, മയ്യിൽ, വേങ്ങാട്, കുറുമ്പൂക്കൽ, ആമ്പിലാട്, പാതിരിയാട്, കതിരൂർ, കടവത്തൂർ, മാങ്ങാട്ടിടം, വള്ള്യായി, പാട്യം, മൊകേരി എന്നിവ വഴിയും വെള്ളമെത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ പദ്ധതി കനാലുകളുടെ നവീകരണത്തിന് 13 കോടി രൂപ അനുവദിച്ചിരുന്നു. 4000 വീട്ടു കിണറുകൾ റീചാർജാവും മെയിൻ കനാൽ വഴി വെള്ളം ഒഴുകുന്നതോടെ കനാലിന്റെ ഭാഗമായി വരുന്ന മേഖലയിലെ നാലായിരത്തിലധികം വീട്ടുകിണറുകൾ റീച്ചാർജ് ചെയ്യപ്പെടും. 400 ഏക്കറിലെ നാണ്യവിളകൾക്ക് സഹായകമാവുന്ന തരത്തിൽ 200 പൊതു കുളങ്ങളും റീചാർജാവും. കൈക്കനാലുകൾ കടന്നുപോകുന്ന മാമ്പ, കാവുംതാഴ, മാണിയൂർ, വേശാല, കോയ്യോട്, പെരുമാച്ചേരി, നണിയൂർ ഭാഗങ്ങളിലെ 145 ഹെക്ടർ കൃഷിയിടങ്ങളിലും വെള്ളമെത്തും. ജലസേചന വിഭാഗം പ്രൊജക്ട് സർക്കിൾ കണ്ണൂർ സൂപ്രണ്ടിങ് എൻജിനീയർ ഡി രാജൻ കനാൽ തുറക്കൽ ഉദ്ഘാടനം ചെയ്തു. പഴശ്ശി കണ്ണൂർ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ജയരാജൻ കാണിയേരി അധ്യക്ഷനായി. എക്‌സിക്യൂട്ടീവ് എൻജിനീയർ പി പി മുരളീഷ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ സുശീലാദേവി, അസിസ്റ്റന്റ് എൻജിനീയർമാരായ പി വി മഞ്ജുള, സി കെ പ്രിയേഷ്, എച്ച് രവി, ആർ അഭിലാഷ്, ടി എൻ അരുൺ എന്നിവർ സംസാരിച്ചു. ഷട്ടർ തുറന്നപ്പോൾ പഴശ്ശി പദ്ധതി ഡാം കാണാനെത്തിയ വിദ്യാർഥികളും ജലസേചന വിഭാഗം എൻജിനീയർമാരും ജീവനക്കാരും പൂക്കൾ വിതറി.










0 comments