പ്ലസ് വൺ: 21,079 പേർക്ക് സ്ഥിര പ്രവേശനം

കണ്ണൂർ
പ്ലസ് വൺ ഒന്നും രണ്ടും അലോട്ട്‌മെന്റുകൾ പൂർത്തിയാപ്പോൾ ജില്ലയിൽ സ്ഥിരപ്രവേശനം നേടിയത് 21,079 പേർ. ഒന്നാം അലോട്ട്‌മെന്റിൽ 10,056 പേരും രണ്ടാം അലോട്ട്‌മെന്റിൽ 11,023 പേരുമാണ് പ്രവേശനംനേടിയത്. ഏഴായിരത്തോളം വിദ്യാർഥികളാണ് ഇനിയും സീറ്റ് ലഭിക്കാതെ പുറത്തുള്ളത്. ചൊവ്വാഴ്‌ച വൈകിട്ടാണ് രണ്ടാം അലോട്ട്‌മെന്റ് പ്രവേശനത്തിനുള്ള സമയം അവസാനിച്ചത്. 20,252 പേർക്ക് അലോട്ട്‌മെന്റ് ലഭിച്ചു. ഇതിൽ 11,023 പേർ സ്ഥിരമായും 8,706 പേർ താൽക്കാലികമായും പ്രവേശനംതേടി. 515 പേർ ഹയർ ഓപ്‌ഷൻ നിലനിർത്തി. എട്ടുപേരുടെ അലോട്ട്‌മെന്റ് മതിയായ രേഖകൾ ഇല്ലാത്തതിനാൽ നിരസിക്കപ്പെട്ടു. മോഡൽ റസിഡൻഷ്യൽ സ്‌കൂൾ (എംആർഎസ്) രണ്ടാം അലോട്ട്മെന്റിൽ 58 പേർ സ്ഥിര പ്രവേശനവും 11 പേർ താൽക്കാലിക പ്രവേശനവുംനേടി. ആദ്യ അലോട്ട്‌മെന്റിൽ ഇത് യഥാക്രമം 38ഉം 12ഉം ആണ്. സ്പോർട്സ് ക്വാട്ട ഒന്നാം അലോട്ട്മെന്റിൽ ആകെ 470 പേർക്കാണ് അലോട്ട്‌മെന്റ്. ഇതിൽ 260 പേർ സ്ഥിര പ്രവേശനവും 149 പേർ താൽക്കാലിക പ്രവേശനവുംനേടി. 37,241 പേരാണ് ആകെ അപേക്ഷകർ. ഇതിൽ 2,344 പേർ സ്വന്തം ജില്ലയ്‌ക്കുപുറമെ മറ്റു ജില്ലകളിൽക്കൂടി അപേക്ഷിച്ചവരാണ്. ഭിന്നശേഷിക്കാർക്കുള്ള സീറ്റുകൾ ഉൾപ്പെടെ 28,760 സീറ്റുകളാണ് നിലവിലുള്ളത്. മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം 29, 30 തീയതികളിലാണ്.









0 comments