ad
Deshabhimani

മത്തിക്ക്‌ 350–400

മീനിന്‌ പൊരിഞ്ഞ വില

മത്തി
വെബ് ഡെസ്ക്

Published on Jun 17, 2026, 02:30 AM | 1 min read

കണ്ണൂര്‍

ട്രോളിങ് നിരോധനം ഒരാഴ്‌ച പിന്നിടും മുന്പേ മീൻവില കുതിച്ചുയരുന്നു. കടലില്‍ മീൻലഭ്യത കുറവായതിനാല്‍ ട്രോളിങ് നിർത്തിവയ്‌ക്കുന്നതിന്‌ മുന്പേ മീനിന്‌ വിലക്കയറ്റം അനുഭവപ്പെട്ടിരുന്നു. ബീഫ്‌ ഉൾപ്പെടെയുള്ള മാട്ടിറച്ചി ക്ഷാമവും മീൻവില വർധിക്കുന്നതിന്‌ കാരണമായി. മത്തിക്ക്‌ കിലോയ്‌ക്ക്‌ 350 മുതല്‍ 400 രൂപ വരെ ഇ‍ൗടാക്കിയാണ് ചില്ലറ വിൽപ്പന. ചില ദിവസങ്ങളിൽ നേരിയ വ്യത്യാസം ഉണ്ടായേക്കാം. വലിയ അയലക്ക്‌ 260 മുതല്‍ 340 രൂപ വരെയായി. ചെമ്മീൻ, ആവോലി ഉൾപ്പെടെ എല്ലാ മീനുകൾക്കും വിലക്കയറ്റമുണ്ട്‌. ആവോലിക്ക്‌ 700ന്‌ മുകളിലാണ്‌ വില. അയക്കൂറ വരവ്‌ തീരെ കുറഞ്ഞു. ആയിക്കര കടപ്പുറത്ത്‌ മഞ്ഞക്കറ്റ്‌ല ധാരാളമുണ്ട്‌. പക്ഷേ 400 മുതൽ മുകളിലോട്ടാണ്‌ വില. വലുപ്പം കുറഞ്ഞ മത്തിക്കും അയലക്കും വില താരതമ്യേന കുറവാണ്. എന്നാല്‍, ഗുണനിലവാരവും രുചിയും കുറവായതിനാൽ വിൽപ്പന കുറവാണ്‌. കൊഴുവ, കിളിമീന്‍ തുടങ്ങി കൂടുതലായി വിറ്റുപോകുന്ന ഇനങ്ങള്‍ക്കെല്ലാം വില കൂടിയിട്ടുണ്ട്. ഫിഷറീസ്‌ വകുപ്പ്‌ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ മത്സ്യകൃഷിയുടെ മൺസൂൺകാല വിളവെടുപ്പ്‌ തുടങ്ങിയതിനാൽ വളർത്തുമീനുകൾ പലയിടത്തും വിപണിയിലുണ്ട്. വിലക്കയറ്റം പിടിവിട്ടുപോകാതിരിക്കാൻ ഇത്‌ കാരണമായി. ചെമ്മീൻ, അസംവാള, കാർപ്‌, തിലോപ്പിയ തുടങ്ങിയവയാണ്‌ പ്രാദേശിക മാർക്കറ്റിൽ എത്തുന്നത്‌. തിലോപ്പിയക്ക്‌ 160 രൂപ മുതലാണ്‌ വില. വളർത്തുചെമ്മീനിന്‌ 480 മുതൽ നൽകണം. മഴക്കാലത്ത്‌ ചെറുതോണിക്കാര്‍ക്ക് നല്ലതോതില്‍ മീന്‍ ലഭിക്കാറുണ്ടെങ്കിലും ഇത്തവണ നന്നേ കുറഞ്ഞു. ജില്ലയിലെ തീരദേശങ്ങളില്‍ മത്സ്യലഭ്യത കുറവായതിനാല്‍ അയൽ സംസ്ഥാനങ്ങളില്‍നിന്ന്‌ ഉൾപ്പെടെ എത്തുന്നുണ്ട്‌. എന്നാൽ, വില കൂടുതലായതിനാൽ വില്‍പ്പന കാര്യമായി ഇടിഞ്ഞു. പരമ്പരാഗത വള്ളങ്ങളും ബോട്ടുകളും കടലില്‍ പോകുന്നത് കുറച്ചിരിക്കുകയാണ്. വലിയ തുകമുടക്കി കടലില്‍ പോയാലും ആവശ്യത്തിന് മീന്‍ ലഭിക്കാത്തത് ഒട്ടുമിക്ക ബോട്ടുകൾക്കും നഷ്ടമുണ്ടാക്കുന്നു. ബോട്ടുകളില്‍ ഉപയോഗിക്കുന്ന മണ്ണെണ്ണ, ഡീസല്‍ എന്നിവയ്‌ക്ക്‌ ക്രമാതീതമായ വിലക്കയറ്റമുണ്ടായതോടെ പല ബോട്ടുകളും ട്രോളിങ്‌ നിരോധനത്തിന്‌ മുന്പേ പണിനിർത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home