ആറളം ഫാമിൽ മലാനുകൾ വർധിക്കുന്നു

ആറളം ഫാം കൃഷിയിടത്തിൽ ഇറങ്ങിയ മലാനുകൾ

സ്വന്തം ലേഖകൻ
Published on May 13, 2026, 02:49 AM | 2 min read
ഇരിട്ടി
ആറളം ഫാമിൽ മലാനുകളുടെ(മ്ലാവുകൾ) എണ്ണം പെരുകുന്നു. ഫാം കൃഷിയിടത്തിലും ആദിവാസി പുനരധിവാസ മേഖലയിലുമായി അറുന്നൂറിനും ആയിരത്തിനുമിടയിൽ മലാനു കളുള്ളതായി ഫാം ജീവനക്കാരും ആദിവാസി കുടുംബങ്ങളും പറയുന്നു. ഇത് ഫാം കാർഷിക മേഖലക്ക് ഭീഷണിയാണ്. മലാനുകളുടെ എണ്ണം വർധിച്ചതോടെ മേഖലയിൽ കടുവ സാന്നിധ്യം വർധിക്കാൻ ഇടയാകുമോ എന്ന് ആശങ്കയിലാണ് സമീപവാസികൾ. ആനമതിൽ നിർമിച്ച് ആറളത്ത് തമ്പടിച്ച കാട്ടാനകളെ വനത്തിലേക്ക് മടക്കാനുള്ള ലക്ഷ്യവുമായി മുന്നോട്ടുപോകുന്നതിനിടയിലാണ് മലാനുകളുടെ സാന്നിധ്യം ഭീഷണിയാകുന്നത് . കുരങ്ങ്, മലയണ്ണാൻ, കാട്ടുപന്നി എന്നിവയും ഫാമിലെ കൃഷി നാശത്തിന് കാരണമാവുന്നുണ്ടെങ്കിലും കാട്ടാനയാണിതിൽ മുഖ്യം. മലാനുകൾ വർധിച്ചതോടെ കൃഷിക്ക് വിനയാവുന്ന രണ്ടാമത്തെ സംഘടിത വന്യജീവികൾ ഇവയായി. നിത്യഹരിതം, ഇലപൊഴിയും മരങ്ങൾ, കുറ്റിച്ചെടികൾ, ഇടതുർന്ന പുല്ലുകളുടെ ആവരണം, ഓടക്കാടുകൾ എന്നിവയാൽ സമ്പന്നമായ ഫാം ഭൂമി മലാന് അനുയോജ്യമായ ആവാസവ്യവസ്‌ഥയാണ്. സ്വാഭാവിക തീറ്റയുടെ ലഭ്യതയ്ക്കു പുറമെ ഫാമിലെ കശുമാമ്പഴവും മറ്റു പഴങ്ങളും മലാനുകൾ ഭക്ഷണമാക്കുന്നു. അഞ്ച് മുതൽ പത്തെണ്ണം വരെയുള്ള കുട്ടങ്ങളായാണ് ഫാമിൽ മലാനുകൾ വിഹരിക്കുന്നത്. ലൈൻ ട്രാൻസെക്ട് രീതിയിൽ മലാനുകളുടെ കണക്കെടുപ്പ് നടത്തി കെഎഫ്ആർഐ പോലുള്ള ഏജൻസികളുടെ സഹായത്തോടെ ഇവയെ കാട്ടിലേക്ക് തുരത്തണമെന്ന്ആറളം ഫാം അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർ ഡോ. കെ പി നിതീഷ്‌കുമാർ ആവശ്യപ്പെട്ടു. വലിയ വെല്ലുവിളി പുനരധിവാസ മേഖലയ്ക്കും ഫാമിനും വലിയ വെല്ലുവിളിയാണ് മലാൻ കൂട്ടങ്ങൾ. കൃഷിയിടങ്ങളിൽ നാമ്പെടുക്കുന്ന തൈകളുടെ കിളുന്തിലകൾ മലാനുകൾ കടിച്ചുപറിക്കുകയും കശുമാവ് തൈകൾ ചുവടുകൾ നശിപ്പിക്കുകയും ചെയ്യും. കശുവണ്ടിയടക്കമുള്ള കശുമാമ്പഴവും ഇവ വിഴുങ്ങുന്നു. ചവച്ചു തുപ്പുന്ന കശുവണ്ടിയിനത്തിലും ഫാമിന് നഷ്ടം വരുത്തുകയാണ് മലാനുകൾ. ദേഹം ചൊറിയാൻ കുരുമുളകുചെടികളിൽ ഉരച്ചാണ് മലാനുകളുടെ പ്രയാണമെന്നതിനാൽ കുരുമുളക് കൃഷിക്കും കേട് വരുത്തുന്നു. ആൺമലാനുകൾ വർഷം തോറും കൊമ്പ് പൊഴിക്കാൻ മൃദുവായ തൊലിയുള്ള മരങ്ങളിൽ കുത്തുന്നതും പതിവാണ്. കശുമാവ്, കണിക്കൊന്ന, കിളിഞ്ഞൽ പോലുള്ള മരങ്ങളാണ് ഇങ്ങനെ നശിക്കുന്നത്. പുനരധിവാസത്തിന്റെ ഭാഗമായി നഷ്‌ടപ്പെട്ട മാതൃവൃക്ഷത്തോട്ടം വച്ചുപിടിപ്പിക്കാനായി നട്ട പുതിയ തൈകളും ഇവ നശിപ്പിക്കുന്നുണ്ട്. ഫാമിലും പുനരധിവാസ മേഖലയിലും കോടിക്കണക്കിനു രൂപയുടെ കാർഷിക വികസന പദ്ധതികൾ നടപ്പാക്കുന്നുവെങ്കിലും വന്യജീവികളുടെ ഉപദ്രവത്തിൽനിന്ന് കൃഷിയെ സംരക്ഷിക്കാൻ ഫാമിന് സാധിക്കുന്നില്ല. കടുവ ഭീതിയും മലാനുകൾ കൂടുതലായി ഉള്ളിടത്ത് കടുവകളുടെ സാന്നിധ്യവും ശക്തമാണ്. കഴിഞ്ഞ രണ്ടുവർഷങ്ങളിലും ഫാമിൽ കടുവ സാന്നിധ്യം കണ്ടെത്തിയിരുന്നു. ജനവാസ മേഖലകളിൽ കടുവ സാന്നിധ്യം ഉണ്ടായാൻ അതു മനുഷ്യ– - വന്യജീവി (കടുവ) സംഘർഷ ഭീഷണിയാകും.










0 comments