ഓണം കഴിഞ്ഞ് മടങ്ങുന്നവർക്ക് ഇരുട്ടടി; ആഭ്യന്തര ടിക്കറ്റ് നിരക്കിലും വിമാന കമ്പനികളുടെ കൊള്ള

ബഷീർ അമ്പാട്ട്
Published on Aug 31, 2026, 07:32 AM | 1 min read
കരിപ്പൂർ: ആഭ്യന്തര സെക്ടറിൽ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയിലേറെ വർധിപ്പിച്ച് വിമാന കമ്പനികൾ. ഓണാഘോഷം കഴിഞ്ഞ് തിരിച്ച് പോകുന്ന യാത്രക്കാരെ ലക്ഷ്യമിട്ടാണ് ഈ ആകാശക്കൊള്ള. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് ഭീമമായ നിരക്ക് വർധന. ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി തുടങ്ങിയ സെക്ടറുകളിലെല്ലാം ഭീമമായ നിരക്കാണ്.
അടുത്ത മൂന്ന് ദിവസങ്ങളിലായി കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്ന് ബംഗളൂരുവിലേക്ക് പറക്കാൻ 14,900 രൂപയാണ് ടിക്കറ്റ് നിരക്ക്. നേരത്തെ 3000ത്തിനും 4000ത്തിനും ലഭിച്ചിരുന്ന ടിക്കറ്റിലാണ് ഈ വർധന. സെപ്തംബർ ഏഴുവരെ കണ്ണൂർ ബംഗളൂരു നിരക്ക് 10,300 രൂപയും കരിപ്പൂർ ബംഗളൂരു നിരക്ക് 9000മുതൽ 10,000 രൂപവരെയാണ്. കണ്ണൂരിൽനിന്ന് ഹൈദരബാദിലേക്ക് പറക്കാൻ ഇൻഡിഗോ വിമാനത്തിന്റെ ടിക്കറ്റ് നിരക്ക് 14,000 രൂപയാണ്.
തിരുവോണ അവധിക്ക് നാട്ടിലെത്തിയ മലയാളികളായ വിദ്യാർഥികൾ, ഉദ്യോഗസ്ഥർ, ചെറുകിട വ്യാപാരികൾ, തൊഴിലാളികൾ തുടങ്ങിയ ബംഗളൂരുവിലെ മലബാർ മേഖലയിലെ യാത്രക്കാരെയാണ് നിരക്ക് വർധന പ്രതിസന്ധിയിലാക്കുന്നത്.
ഗൾഫ് നാടുകളിൽനിന്ന് കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് എയർ ഇന്ത്യ എക്സ് അടക്കമുള്ള വിമാനക്കമ്പനികൾ യാത്രാനിരക്ക് ആറും ഏഴും ഇരട്ടിയായി വർധിപ്പിച്ചിരുന്നു. കുറഞ്ഞ നിരക്കിൽ വിദേശ വിമാന കമ്പനികളെ ആശ്രയിച്ച് യാത്രക്കാർ ബംഗളൂരുവഴി നാട്ടിലേക്ക് തിരിക്കുന്ന സ്ഥിതിയുണ്ടായി. ആഭ്യന്തര സർവീസുകളെ ആശ്രയിച്ചായിരുന്നു ഇവർ കേരളത്തിലെ വിമാനത്താവളങ്ങളിലെത്തിയത്. ആഭ്യന്തര സെക്ടറിലെ നിരക്ക് വർധന ഇത്തരം യാത്രക്കാർക്കും ഇരുട്ടടിയായി.
15 കിലോ ബാഗേജാണ് ആഭ്യന്തര യാത്രക്ക് വിമാനക്കമ്പനി യാത്രക്കാരന് അനുവദിക്കുന്നത്. ഒരുകിലോ അധിക ബാഗേജിന് 500 രൂപ നൽകണം. നേരത്തെ എട്ട് കിലോവരെയുള്ള അധിക ബാഗേജിന് 1600 രൂപയായിരുന്നു ഈടാക്കിയത്. ടിക്കറ്റ് നിരക്കിന്റെ കൂടെ ബാഗേജിനും അധിക നിരക്ക് നൽകേണ്ട ഗതികേടിലാണ് യാത്രക്കാർ.










0 comments