കുപ്പത്ത് വെള്ളക്കെട്ട് രൂക്ഷം 11 കുടുംബങ്ങൾ ദുരിതത്തിൽ

കുപ്പം സി എച്ച് നഗറിൽ വെള്ളംകയറിയ നിലയിൽ

സ്വന്തം ലേഖകൻ
Published on Jun 07, 2026, 02:58 AM | 1 min read
തളിപ്പറന്പ്
ദേശീയപാതാ നിർമാണം നടക്കുന്ന കുപ്പം കപ്പണത്തട്ടിൽ വെള്ളവും ചെളിയും പുരയിടങ്ങളിലും റോഡിലും ഒഴുകിയെത്തി നിരവധി കുടുംബങ്ങൾ ദുരിതത്തിൽ. ശനി രാവിലെ പെയ്‌ത കനത്തമഴയിൽ കുപ്പം സി എച്ച് നഗറിലെ 11 കുടുംബങ്ങളാണ് ദുരിതത്തിലായത്. കഴിഞ്ഞ രണ്ട്‌വർഷമായി അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണാൻ ഇത്തവണയും അധികൃതർക്ക് സാധിച്ചില്ല. മണ്ണിടിച്ചിൽ പരിഹരിക്കാൻ കോൺക്രീറ്റ് ചുവർ നിർമിച്ചുവെങ്കിലും പ്രദേശത്തെ മഴവെള്ളം സി എച്ച് നഗറിലേക്ക് ഒഴുകിയെത്തുകയാണ്. പി പി മുഹമ്മദ്, പി ടി ഇബ്രാഹിം ഹാജി, ഫാത്തിമ, എം പി കുഞ്ഞാമിന, കെ കെ സലാം ഹാജി, പി പി അബ്‌ദുൾ സലാം, കെ കെ റാബിയ, കെ പി അബ്‌ദുള്ള ഹാജി, കെ വി അബ്‌ദുൾ നാസർ, വി സാജി, എം വി അബൂബക്കർ എന്നിവരുടെ വീടുകൾക്ക് മുന്നിലും വഴിയിലുമാണ് ചെളിയും വെള്ളവും കെട്ടിനിൽക്കുന്നത്. കഴിഞ്ഞദിവസം ദേശീയപാത അധികൃതരും റവന്യു ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർടി പ്രതിനിധികളും സന്ദർശിച്ചിരുന്നു. തുടർന്ന് മഴ വെള്ളത്തിൽ ചെളികലരാതിരിക്കാൻ ടാർപോളിൻ ഷീറ്റുകൾ വിരിച്ചിരുന്നു. കാലവർഷം ആരംഭിച്ചതോടെ പുരയിടങ്ങളിലേക്ക് ചെളിയും വെള്ളവും ഒഴുകിയെത്താൻ തുടങ്ങിയത്. അടിയന്തര പരിഹാരമുണ്ടാക്കിയില്ലെങ്കിൽ ദേശീയപാതയിൽ ഗതാഗതം തടയുന്നതുൾപ്പെടെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നാട്ടുകാർ പറഞ്ഞു. ഞായറാഴ്‌ച എംഎൽഎയും കലക്ടറും സ്ഥലം സന്ദർശിക്കും.










0 comments