ad
Deshabhimani

സിപിഐ എം പ്രവര്‍ത്തകരെ വധിക്കാൻ ശ്രമം: ബിജെപിക്കാര്‍ക്ക് തടവും പിഴയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 25, 2025, 02:00 AM | 1 min read

തലശേരി

കരിയാട് സിപിഐ എം പ്രവര്‍ത്തകരായ ഷബിന്‍, ശ്രീകാന്ത്, ഷിജിത്ത് എന്നിവരെ വടിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഏഴ്‌ ബി ജെ പി പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും. ഒന്ന്‌, ആറ്‌, പത്ത്‌ പ്രതികളായ മോന്താൽ പള്ളിക്കുനിയിലെ ചാലുപറമ്പത്ത് ഫത്തേസിങ് (37), കരിയാട്‌ ‍പടന്നക്കരയിലെ കാട്ടില്‍പറമ്പത്ത് പ്രജീഷ് (35), പാറേമ്മൽ ഹ‍ൗസിൽ ഉജേഷ്‌ (32) എന്നിവരെ വിവിധ വകുപ്പുകൾ പ്രകാരം എട്ട്‌ വർഷവും ഒന്പത്‌ മാസവും വീതം കഠിന തടവിനും 35,000 രൂപവീതം പിഴയടക്കാനും തലശേരി അഡീഷണല്‍ ജില്ലാസെഷന്‍സ് കോടതി (നാല്) ജഡ്ജി ജെ വിമല്‍ ശിക്ഷിച്ചു. രണ്ട്‌, മൂന്ന്‌, നാല്‌, അഞ്ച്‌ പ്രതികളായ ഒളവിലം മോന്താലിലെ പുത്തന്‍പുരയില്‍ സരിന്‍ രാജ് (38), കരിയാട്‌ പടന്നക്കരയിലെ പാറമ്മേല്‍ വീട്ടില്‍ ശ്രീദേഷ് (30), ഒളവിലത്തെ പാറയുള്ളതിൽ കെ ടി കെ ബിനീഷ് (45), താഴെ ഇ‍ൗരായിന്റവിട എം പി പ്രേമന്‍ (59) എന്നിവരെ 5 വർഷവും 9 മാസവും കഠിനതടവിനും 40,000 രൂപവീതം പിഴയടക്കാനുമാണ്‌ ശിക്ഷിച്ചത്‌. 5പേരെ കുറ്റക്കാരല്ലെന്നുകണ്ട്‌ വെറുതെവിട്ടു. ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാൽ മതി. പിഴയടച്ചാൽ പരിക്കേറ്റ ഷിജിത്തിന്‌ നാൽപതിനായിരം രൂപയും ഷിബിന്‌ മുപ്പതിനായിരം രൂപയും ശ്രീകാന്തിന്‌ പതിനായിരം രൂപയും നൽകാനും കോടതി നിർദേശിച്ചു. 2015 ഫെബ്രുവരി 7ന്‌ രാത്രി 10.30ന് കരിയാട് ശ്രീനാരായണ സാംസ്‌കാരിക നിലയത്തിന് സമീപം വച്ചാണ് പ്രതികൾ സംഘം ചേർന്ന്‌ ഷബിൻ, ശ്രീകാന്ത്‌, ഷിജിത്ത്‌ ആക്രമിച്ചത്‌. വടിവാൾകൊണ്ട്‌ വെട്ടിപ്പരിക്കേൽപ്പിക്കുകയും ഇരുന്പ്‌ വടികൊണ്ട്‌ ആക്രമിക്കുകയും ചെയ്‌തെന്നാണ്‌ കേസ്‌. പാനൂര്‍ എസ്‌എച്ച്‌ഒ മാരായിരുന്ന വി വി ബൈന്നി, എ അനില്‍കുമാര്‍ എന്നിവരാണ് കേസന്വേഷിച്ചത്‌. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ എ രേഷ്മ ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home