print edition നിധിൻരാജിന്റെ മരണത്തിലെ അറസ്റ്റ്: പ്രതി ഡോ. റാമിനെ രക്ഷിക്കാൻ പൊലീസിന്റെ ഒത്തുകളി

തലശേരി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിധിൻ രാജ് മരിച്ച കേസിൽ അറസ്റ്റ്‌ചെയ്‌ത ഡോ. എം കെ റാമിനെ കോടതി വിട്ടയക്കാനിടയായത് പൊലീസിനിന്റെ ഗുരുതര വീഴ്‌ച. പ്രതിയെ അറസ്റ്റുചെയ്യുന്പോൾ നിയമപ്രകാരമുള്ള നടപടിക്രമം പാലിക്കാതെ അറസ്റ്റുചെയ്‌തതാണ് കോടതിയുടെ വിമർശത്തിനും വിട്ടയക്കലിനും ഇടയാക്കിയത്. തലശ്ശേരി കോടതി വിട്ടയച്ചതിന് പിന്നാലെ കോടതി വളപ്പിൽനിന്ന് വീണ്ടും അറസ്റ്റ് ചെയ്‌തതും മറ്റൊരു വീഴ്‌ചയായി. റാമിനെ പിടികൂടിയത് കോടതി വിമർശത്തിനുശേഷമല്ലേ എന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
പ്രതിയെ രക്ഷിക്കാനുള്ള പൊലീസിന്റെ വഴിവിട്ട നീക്കം വിവാദമായതോടെ പുതിയ അന്വേഷകസംഘത്തെ ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ച് തലയൂരാനാണ് ശ്രമം. നിലവിലുള്ള അന്വേഷക സംഘത്തെ പൂർണമായും മാറ്റി. എസ്‌പി മോഹനചന്ദ്രനാണ് ചുമതല.
എസ്‌സി–എസ്‌ടി സ്‌പെഷൽ കോടതിയായ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്‌ജിയുടെ ഉത്തരവ് ലംഘിച്ചാണ് കോടതി വിട്ടയച്ച പ്രതിയെ വീണ്ടും പിടിച്ചത്. ഉത്തരവ് ലംഘിച്ചുള്ള അറസ്റ്റിൽ നടപടി ഉറപ്പായതോടെ ബന്ധുക്കൾക്കൊപ്പം വിടാനും പൊലീസ് നിർബന്ധിതരായി. സുപ്രീംകോടതിയുടെ മാർഗനിർദേശം ലംഘിക്കപ്പെട്ടെന്ന് പ്രഥമദൃഷ്‌ട്യാ കോടതി കണ്ട കേസിലാണ് വൻ നിയമലംഘനം.
അറസ്റ്റ് ചെയ്യാനുള്ള കാരണങ്ങൾ രേഖാമൂലം വിശദമായി ഒപ്പിട്ട് നൽകണമെന്ന 2024ലെ സുപ്രിംകോടതി വിധിയാണ് ലംഘിക്കപ്പെട്ടത്.‘ഗുരുതര കുറ്റകൃത്യം ചെയ്‌തതിനാലും പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളിയതിനാലും’ എന്ന് മാത്രമാണ് രേഖപ്പെടുത്തിയത്. അങ്ങനെയൊരു റിപ്പോർട്ട് പ്രകാരം അറസ്റ്റോ റിമാൻഡോ നിയമവിരുദ്ധമാണെന്ന് കണ്ടാണ് വിട്ടതെന്ന് വിധിന്യായത്തിൽ കോടതി പറഞ്ഞു.
കുടകിൽനിന്ന് പ്രതിയെ അറസ്റ്റ്‌ചെയ്‌തത് നടപടിക്രമം പാലിക്കാതെയാണെന്ന കാര്യം എങ്ങനെ പ്രതിഭാഗം അറിഞ്ഞു എന്നത് പൊലീസും പ്രതിഭാഗവും തമ്മിലുളള ഒത്തുകളി വ്യക്തമാക്കുന്നു.
സുപ്രിംകോടതി മാർഗനിർദേശം അറസ്റ്റിൽ പാലിച്ചില്ലെന്ന കാര്യമാണ് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയത്. രഹസ്യരേഖയിലെ വിവരങ്ങൾ പ്രതിഭാഗത്തിന് ആര് ചോർത്തിയെന്ന ചോദ്യവുമുയരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‌പി സുധീർ കല്ലന് തിങ്കൾ രാത്രി കോടതിയിൽ നേരിട്ട് ഹാജരാകേണ്ട സാഹചര്യം സൃഷ്ടിച്ചതും പൊലീസാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കുംമുന്പ് റിമാൻഡ്‌ചെയ്‌തുവെന്ന് വാർത്ത വന്നതും സംശയാസ്‌പദ മായി.










0 comments