മഴവെള്ളക്കരുത്തിൽ കുന്നിൻചെരിവിൽ പച്ചക്കറിക്കൊയ് ത്ത്

രാജേഷ് ബക്കളം
Published on Aug 11, 2025, 02:30 AM | 1 min read
തളിപ്പറമ്പ്
കാടുമൂടിക്കിടക്കുന്ന മൊട്ടപ്പാറയിലെ കുന്നിൻചെരുവിൽ മഴക്കാലത്ത് കുത്തിയൊലിച്ച് പോകുന്ന വെള്ളത്തെ ഉപയോഗപ്പെടുത്തി പച്ചക്കറി കൃഷിയിൽ വിജയഗാഥ രചിച്ച് യുവകർഷകൻ. കീഴാറ്റൂരിലെ പാറക്കെട്ടുകൾ നിറഞ്ഞ കുന്നിൻചെരുവിനെയാണ് കീഴാറ്റൂർ സ്വദേശി രജീഷ് മികച്ച പച്ചക്കറി ഉൽപ്പാദന കേന്ദ്രമാക്കി മാറ്റിയത്. ഏഴ് ഏക്കറോളംവരുന്ന ഇവിടെ ജൈവ പച്ചക്കറിയാണ് ഉൽപാദിപ്പിക്കുന്നത് . ഇവ സ്വന്തം നാടിനെ ബ്രാന്റ് ചെയ്താണ് വിൽക്കുന്നത്. രജീഷും കുടുംബവും കഠിനാധ്വാനത്തിലൂടെയാണ് പച്ചക്കറിത്തോട്ടം ഒരുക്കിയത്. കൃഷിക്ക് ജലസേചനം പൂർണമായും മഴയെയാണ് ആശ്രയിക്കുന്നത്. മലഞ്ചെരിവിൽ മഴപെയ്യുമ്പോൾ വെള്ളം പച്ചക്കറികളെ നനച്ച് അടിവാരത്തേക്ക് വാർന്ന് പോകും. ഒട്ടും വെള്ളം കെട്ടി നിൽക്കില്ല. ഇതാണ് കൃഷിയുടെ വിജയം. കുന്നിറങ്ങി താഴേക്ക് പോകുന്തോറും വഴിയുടെ ഇരുഭാഗത്തും നിറഞ്ഞുനിൽക്കുന്ന പച്ചക്കറി കൃഷിയുടെ കാഴ്ച ഹൃദ്യമാണ്. തോട്ടത്തിൽ ആദ്യം നിറഞ്ഞുനിൽക്കുന്നത് കീഴാറ്റൂർ കക്കിരിയാണ്. നാടൻ വിത്തുപയോഗിച്ച കക്കിരി ഒരേക്കറിലാണ് കൃഷിചെയ്തിരിക്കുന്നത്. 60 സെന്റിൽ നാടനും ഹൈബ്രിഡുമായി പാവലും 50 സെന്റ് സ്ഥലത്ത് നാടൻ പച്ചപടവലമുണ്ട്. താലോലിയും വെണ്ടയും അര ഏക്കറിൽ കൃഷി ചെയ്തിട്ടുണ്ട്. രണ്ട് ഏക്കറിൽ ഇളവൻ, മത്തൻ, വെള്ളരി, ചേന എന്നിവയുണ്ട്. ഇതിനകം രണ്ട് ക്വിന്റലോളം താലോലി വിൽപ്പന നടത്തി. ഇത്തവണ മെയ് പകുതിമുതൽ മഴ ആരംഭിച്ചതിനാൽ ഓണത്തിനുമുമ്പായി പരമാവധി വിളവെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ്. മുള്ളൻപന്നി, മയിൽ എന്നിവയുടെ ശല്യമുണ്ട്. തോട്ടത്തിന് ചുറ്റും വലകെട്ടിയാണ് സംരക്ഷിക്കുന്നത്. പന്നിശല്യം തടയാൻ തോട്ടത്തിൽ ടെന്റ് കെട്ടി താമസിക്കുകയാണ് രജീഷ്. പന്നികളെ രാത്രികാലത്ത് പടക്കം പൊട്ടിച്ചാണ് ഓടിക്കുന്നത്. കീടശല്യം ഒഴിവാക്കാൻ ഫിറമോൺ കെണിയും ഒരുക്കിയിട്ടുണ്ട്. പ്രാണികളുടെ ശല്യംകുറയ്‌ക്കാൻ ധാരാളം ചെണ്ടുമല്ലി തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. പച്ചക്കറി കൃഷിക്ക് തളിപ്പറമ്പ് കൃഷിഓഫീസർ കുമാരി കെ ശ്രീഷ്മ, കൃഷി അസിസ്റ്റന്റ് കെ ടി രാമചന്ദ്രൻ എന്നിവർ മികച്ച സഹകരണമാണ് നൽകുന്നത്. കൃഷിപ്പണിക്ക് അമ്മ ജാനകി, സഹോദരങ്ങളായ രാമകൃഷ്ണൻ, രാജേഷ്, ശ്രീധരി എന്നിവരുടെയും സുഹൃത്തുക്കളുടെയും സഹായമുണ്ട്. വിളവെടുത്ത പച്ചക്കറികൾ ഹോർട്ടി കോർപ്പ്, ചെത്ത് തൊഴിലാളി സഹകരണസംഘം, വെജ്കോ എന്നിവ വഴിയും നേരിട്ടും വിൽപ്പന നടത്തുന്നു. രജീഷിന്റെ പച്ചക്കറിത്തോട്ടം കാണാൻ നിരവധി വിദ്യാർഥികൾ എത്താറുണ്ട്.










0 comments