കണ്ണിൽ പൊന്നീച്ച പറത്തിയ മർദനക്കാലം

ആലക്കോട്
അടിയന്തരാവസ്ഥയുടെ കിരാതനാളുകളിൽ സിപിഐ എം നേതാക്കളായ എം വി ഗോവിന്ദൻ, ഇ പി ജയരാജൻ എന്നീ നേതാക്കൾക്കൊപ്പം കൊടിയമർദനവും ജയിൽവാസവും അനുഭവിക്കേണ്ടിവന്ന മലയോരത്തെ പ്രമുഖ നേതാവാണ് കെ എം ജോസഫ്. വീട്ടിൽ വിശ്രമിക്കുമ്പോഴും അന്നത്തെ അനുഭവത്തിന്റെ കരുത്ത് ഇപ്പോഴും വാക്കുകളിൽ ദൃഢമാണ്. 1973 ആഗസ്ത് രണ്ടിന് കോൺഗ്രസുകാർ കൊലപ്പെടുത്തിയ കുടിയാന്മലയിലെ സുകുമാരന്റെ രണ്ടാം ചരവാർഷികം അടിയന്തരാവസ്ഥയെ വെല്ലുവിളിച്ചും ആചരിക്കാൻ പാർടി തീരുമാനിച്ചു. രക്തസാക്ഷി സ്തൂപത്തിൽ പുഷ്പാർച്ചനയും പതാക ഉയർത്തലും പഠനക്യാമ്പുമായിരുന്നു ആസൂത്രണം ചെയ്തത്. തലേ ദിവസം തന്നെ എം വി ഗോവിന്ദൻ, ഇ പി ജയരാജൻ എന്നീ നേതാക്കൾ കുടിയാന്മലയിലെത്തി. പൊലീസ് ഭീകരതയായതിനാൽ പുറത്തിറങ്ങാതെ ആളുകളെ സംഘടിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. മുൻ നിശ്ചയിച്ച പ്രകാരം നൂറുകണക്കിന് ആളുകളെ സംഘടിപ്പിച്ച് രാവിലെ തന്നെ രക്തസാക്ഷി സ്തൂപം വൃത്തിയാക്കി. തുടർന്ന് പതാക ഉയർത്തലും പുഷ്പാർച്ചനയും നടത്തി. പിന്നീടാണ് പഠനക്യാമ്പ്. ക്യാമ്പ് തുടങ്ങിയപ്പോഴേക്കും വലിയ ആരവത്തോടെ പൊലീസ് സ്ഥലത്തെത്തി. പിന്നെ തലങ്ങും വിലങ്ങും അടിയായിരുന്നു. കുറെപ്പേർ സംഭവ സ്ഥലത്തുനിന്ന് കുന്നിറങ്ങി ഓടി. എം വി ഗോവിന്ദൻ, ഇ പി ജയരാജൻ എന്നിവരെ പൊലീസ് ബലം പ്രയോഗിച്ച് കുടിയാന്മല ടൗണിലേക്ക് നടത്തിക്കൊണ്ടുപോയി. ഒരു പൊലീസുകാരൻ എം വി ഗോവിന്ദന്റെ കാലിന് ഊക്കോടെ അടിച്ചു. ഇതുകണ്ട് തടയാൻ ചെന്ന എന്നെ പൊലീസുകാർ വളഞ്ഞിട്ടു തല്ലി. കണ്ണിൽ പൊന്നീച്ച പറക്കുന്ന മർദനം. ഒപ്പമുള്ളവർക്കും മർദനമേറ്റു. തുടർന്ന് ശ്രീകണ്‌ഠപുരത്ത് പൊലീസ് ലോക്കപ്പിലടച്ചു. പിന്നീട് കോടതിയിൽ, പാർടി തീരുമാനപ്രകാരം കുറ്റം സമ്മതിച്ച ഇ പി ജയരാജനനെയും എന്നെയും ജയിലിൽ പാർപ്പിച്ചു. കാലാവധി കഴുിഞ്ഞപ്പോൾ വിട്ടു. എന്നാൽ അധ്യാപകനായിരുന്ന എം വി ഗോവിന്ദൻ കുറ്റം സമ്മതിക്കേണ്ട എന്ന തീരുമാനത്താൽ കുറെ നാളുകൾ കൂടി ജയിലിൽ കിടന്നു. പിന്നീട് കോടതി വെറുതെ വിട്ടു.









0 comments