ad
Deshabhimani

സിനിമയിലെ അള്ളിമൂല തിളങ്ങുന്ന ചടച്ചിക്കുണ്ടം

കഴിഞ്ഞ ദിവസം മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനം ചെയ്ത കിഫ്‌ബി പദ്ധതിയിൽ നവീകരിച്ച ചടച്ചിക്കുണ്ടം, കല്ലുവയൽ–നെല്ലിക്കംപൊയിൽ 
റോഡ്‌

കഴിഞ്ഞ ദിവസം മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനം ചെയ്ത കിഫ്‌ബി പദ്ധതിയിൽ നവീകരിച്ച ചടച്ചിക്കുണ്ടം, കല്ലുവയൽ–നെല്ലിക്കംപൊയിൽ 
റോഡ്‌

വെബ് ഡെസ്ക്

Published on Mar 02, 2026, 02:00 AM | 2 min read

ഇരിട്ടി

മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ കഴിഞ്ഞ ദിവസം തുറന്നുനൽകിയ പെരുമ്പറമ്പ്‌, ചടച്ചിക്കുണ്ടം, കല്ലുവയൽ–നെല്ലിക്കംപൊയിൽ റോഡിനെ കുറിച്ചുള്ള സിനിമാ പ്രവർത്തകന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ വൈറൽ. സിനിമാ ലൊക്കേഷൻ മാനേജരും നടനുമായ പ്രിനു പടിയൂരാണ്‌ സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങളും കിഫ്‌ബി പദ്ധതിയുടെ മേന്മയും സൂചിപ്പിക്കുന്ന ഹൃദയ സ്പർശിയായ കുറിപ്പ്‌ പങ്കുവച്ചത്‌. 31 കോടി രൂപ ചെലവിലാണ്‌ മട്ടന്നൂർ, ഇരിക്കൂർ, പേരാവൂർ മണ്ഡലങ്ങളെ സ്പർശിച്ച്‌ കടന്നുപോകുന്ന റോഡ്‌ നിർമിച്ചത്‌. കാലങ്ങളായി നാട്ടുകാർ ആവശ്യപ്പെട്ട റോഡ്‌ വികസനം സാധ്യമാക്കിയത്‌ കെ കെ ശൈലജ എംഎൽഎയുടെ ഇടപെടലാണ്‌. ‘സിനിമയിലെ 
അള്ളിമൂല ഇന്ന് തിളങ്ങുന്ന ചടച്ചിക്കുണ്ടം’ തലക്കെട്ടിലാണ്‌ പ്രിനുവിന്റെ കുറിപ്പ്‌ തുടങ്ങുന്നത്‌. കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ: ‘‘ഞാൻ നാട്ടിൽ സിനിമാക്കാരനായി മാറിയത് ആസിഫ്‌ അലി നായകനായ ‘കവി ഉദ്ദേശിച്ചത്’ സിനിമയ്ക്ക് ലൊക്കേഷൻ നിർണയിച്ച്‌ നൽകിയത്‌ മുതലാണ്. വികസനം അധികമെത്തിച്ചേരാത്ത, പ്രകൃതിഭംഗി ആവോളം നിറഞ്ഞ നാലും കൂടിയ കവലയായിരുന്നു സിനിമയ്‌ക്കായി ആവശ്യപ്പെട്ടത്. ചടച്ചിക്കുണ്ടം കവലയാണ്‌ തെരഞ്ഞെടുത്ത്‌ നൽകിയത്‌. സ്ഥലം സംവിധായകർക്കും കലാസംവിധായകനും ഇഷ്ടപ്പെട്ടു. സ്ഥലങ്ങൾ കാട്ടിക്കൊടുത്തും സഹായങ്ങൾ ചെയ്തും ഞാനും നാട്ടിലെ സിനിമാക്കാരനായി. ചടച്ചിക്കുണ്ടം സിനിമയിൽ ‘അള്ളിമൂല കവല’യുമായി. സ്ഥലപ്പേരിൽ നാട്ടുകാർ വിയോജിച്ചുവെങ്കിലും വീതിയില്ലാത്ത, പൊട്ടിപ്പൊളിഞ്ഞ റോഡും പരിമിത സൗകര്യങ്ങളും ചേർന്ന് ആ പേരിനോട് നീതി പുലർത്തുന്ന പ്രദേശമായാണ്‌ സിനിമയിൽ ചടച്ചിക്കുണ്ടം ചിത്രീകരിക്കപ്പെട്ടത്‌. ഇന്ന് കഥ മാറി കേരള സർക്കാർ കിഫ്ബി ഫണ്ടിലൂടെ റോഡ് നവീകരിച്ചു. പഴശ്ശി ജലസേചന പദ്ധതി ഭാഗങ്ങൾ മനോഹരമായി ഉയർത്തി കെട്ടിയിരിക്കുന്നു. റോഡ് അരികുകൾ കോൺക്രീറ്റ് ചെയ്തു. ചടച്ചിക്കുണ്ടം കവലയിൽ റോഡിന് പുറത്തുള്ള ഭാഗം ഇന്റർലോക്ക് ചെയ്ത് സുന്ദരമാക്കി. വഴിവിളക്കുകൾ തെളിഞ്ഞപ്പോൾ രാത്രിയിലും റോഡിന് വേറൊരു ഭംഗി. ഇതിനോടകം യൂട്യൂബ് ബ്ലോഗർമാർ ഇതിനെ ‘കണ്ണൂരിലെ കുട്ടനാട്’ എന്ന് വിശേഷിപ്പിച്ചു കഴിഞ്ഞു. പഴശ്ശി ഡാമിൽ വെള്ളം കയറിയാലും ഇറങ്ങിയാലും ഈ പ്രദേശത്തിന്റെ സൗന്ദര്യം കുറയുന്നില്ല എന്നതാണ് പ്രത്യേകത. എല്ലാ കാലത്തും അഴകേറിയയിടം. ചടച്ചിക്കുണ്ടം മാത്രമല്ല, കല്ലുവയലിനും നെല്ലിക്കംപൊയിൽ പ്രദേശത്തിനും ഈ റോഡ് വലിയ മാറ്റമാണ് നൽകിയത്. ഇ‍ൗയിടെ ഇരിട്ടിയിൽ ഷൂട്ട് ചെയ്ത ഷാഹി കബീർ സംവിധാനം ചെയ്ത ‘റോന്ത്’ സിനിമയ്ക്കായി റോഡരികിൽ പ്രകൃതി ഭംഗിയുള്ള സ്ഥലമൊന്ന് കണ്ടെത്താൻ ഏറെ അലഞ്ഞിരുന്നു. ഇന്നായിരുന്നുവെങ്കിൽ കണ്ണടച്ച്‌ മാറ്റത്തിന്റെ നേർസാക്ഷിയായ ഈ റോഡും തെളിഞ്ഞ മൂലയായ ചടച്ചിക്കുണ്ടം കവലയും കാട്ടിക്കൊടുത്തേനേ. ലൊക്കേഷൻ തേടി ഇനിയും സിനിമകൾ എത്തിയാൽ മനസ്സിൽ ആദ്യം തെളിയുന്ന സ്ഥലം ഇതായിരിക്കും. കൺമുന്നിലെ വികസനത്തെ ചിലർ നുണകളുടെ കോട്ടകെട്ടി മറയ്ക്കാൻ ശ്രമിച്ചാലും വിലപ്പോകില്ല. ഈ വികസനങ്ങൾ കണ്ണിൽ നിറഞ്ഞുനിൽക്കും. വികസനം തുടരട്ടെ വികസനം യാഥാർഥ്യമാക്കുന്നവരും തുടരട്ടെ. നാട് ഇനിയും തിളങ്ങട്ടെ’’ എന്ന ആശംസയോടെയാണ്‌ പ്രിനു കുറിപ്പ്‌ അവസാനിപ്പിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home