ad
Deshabhimani

ബാരാപോൾ വൈദ്യുതി നിലയം പുനരധിവസിപ്പിച്ചില്ലെങ്കിൽ പ്രക്ഷോഭമെന്ന് നാട്ടുകാർ

ബാരാപോൾ മിനി ജലവൈദ്യുതി പദ്ധതി കനാൽ പരിസരത്തെ വീടുകളിലൊന്ന്‌

ബാരാപോൾ മിനി ജലവൈദ്യുതി പദ്ധതി കനാൽ പരിസരത്തെ വീടുകളിലൊന്ന്‌

avatar
സ്വന്തം ലേഖകൻ

Published on Jun 14, 2026, 02:30 AM | 2 min read

ഇരിട്ടി

ജില്ലയിലെ ഏക വൈദ്യുതി ഉൽപ്പാദന നിലയമായ ബാരാപോളിൽ ഉ‍ൗർജ ഉൽപ്പാദനം പുനരാരംഭിക്കുന്നതിന്‌ തടസ്സമേറെ. ഒന്പത്‌ വർഷം മികച്ചനിലയിൽ വൈദ്യുതി ഉൽപ്പാദിപ്പിച്ച്‌ റെക്കോഡിട്ട ബാരപോൾ കുറഞ്ഞനിരക്കിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന നിലയമാണ്‌. കഴിഞ്ഞ കൊല്ലം കനാലിൽ ചോർച്ചയുണ്ടായി. കനാലിന്റെ പരിസരത്തെ വീടുകൾ അപകടഭീഷണിയിലായതോടെ പ്രതിഷേധത്തെ തുടർന്ന്‌ ഉൽപ്പാദനം നിർത്തിവച്ചു. കനാലിന്‌ ചോർച്ചയുള്ളതിനാൽ ചില കുടുംബങ്ങളെ വാടക വീടുകളിലേക്ക്‌ മാറ്റി പാർപ്പിക്കുകയും ചെയ്‌തു. നിലവിൽ ഇ‍ൗ കുടുംബങ്ങൾക്ക്‌ ലഭിച്ചിരുന്ന വാടകയും മറ്റു സഹായങ്ങളും ലഭിക്കുന്നില്ല. യുഡിഎഫ്‌ സർക്കാർ അധികാരമേറ്റതോടെ സ്ഥലം എംഎൽഎയായ സണ്ണി ജോസഫ്‌ വൈദ്യുതിമന്ത്രിയായി. കഴിഞ്ഞ ദിവസം മന്ത്രി ബാരാപോൾ പദ്ധതി പ്രദേശം സന്ദർശിച്ചു. താൽക്കാലിക– ദീർഘകാല കനാൽ നവീകരണ പ്രവൃത്തി നടത്തുന്ന കാര്യം പരിശോധിക്കാമെന്നും കനാൽ അറ്റകുറ്റപ്പണി നടത്തി ഉ‍ൗർജ ഉൽപ്പാദനം പുനരാരംഭിക്കണമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഇ‍ൗ നിലപാടിനെതിരെ എതിർപ്പ്‌ ഉയർന്നു. പ്രദേശത്തെ മുഴുവൻ കുടുംബങ്ങളെയും അവരുടെ 25 ഏക്കറോളം വരുന്ന സ്ഥലവും സർക്കാർ ഏറ്റെടുക്കണമെന്നും പുനരധിവാസം ഉറപ്പാക്കിയ ശേഷമേ വൈദ്യുതി ഉൽപ്പാദനം അനുവദിക്കൂ എന്നുമാണ്‌ പ്രദേശത്തുകാരുടെ ഉറച്ച നിലപാട്‌. മന്ത്രിയുടെ സന്ദർശനത്തിന്‌ പിറ്റേന്ന്‌ ഇവിടെയുള്ള കുടുംബങ്ങൾ യോഗം ചേർന്ന്‌ കർമസമിതിയും രൂപീകരിച്ചു. ആശങ്കകൾ ദൂരീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നാണ്‌ പ്രദേശത്തുകാരുടെ പ്രതികരണം. ​നാട്ടുകാർ രോഷത്തിൽ മികച്ചനിലയിൽ വൈദ്യുതി ഉൽപ്പാദിപ്പിച്ച ബാരാപോൾ പദ്ധതിയിൽ കഴിഞ്ഞ വർഷമാണ്‌ കനാലിൽ ചോർച്ചയുണ്ടായത്‌. വീടുകൾക്കടുത്തുകൂടി കടന്നുപോവുന്ന കനാലിൽ ചോർച്ചയുണ്ടായതിനെ തുടർന്ന്‌ പ്രദേശത്ത്‌ വലിയ ഗർത്തം കൂടി രൂപപ്പെട്ടതോടെ താമസക്കാർ ആശങ്കയിലായി. ഇക്കാര്യങ്ങളെല്ലാം നേരത്തെ എംഎൽഎയായ സണ്ണി ജോസഫിനറിയാം. എംഎൽഎ ആയിരുന്ന ഘട്ടത്തിൽ പദ്ധതി പ്രദേശത്ത കുടുംബങ്ങളുടെ ആശങ്കകൾക്കൊപ്പമായിരുന്നു. കനാലിലെ ചോർച്ച കണ്ട്‌ മുൻ മന്ത്രി കെ കൃഷ്ണൻകുട്ടി ‘വൈദ്യുതി ഉൽപ്പാദനത്തിനല്ല, പ്രദേശത്തെ കുടുംബങ്ങളുടെ സുരക്ഷയ്‌ക്കാണ്‌ മുൻതൂക്കം’ എന്ന്‌ പറഞ്ഞിരുന്നു. പദ്ധതി പ്രദേശത്ത്‌ ജീവൻ പണയംവച്ച്‌ താമസിക്കുന്ന ഞങ്ങളുടെ സുരക്ഷ മന്ത്രി സണ്ണിജോസഫ്‌ ഉറപ്പാക്കണം. കനാലിന്റെ ചോർച്ച തൽക്കാലത്തേക്ക്‌ അടച്ച്‌ വൈദ്യുതി ഉൽപ്പാദനം പുനരാരംഭിക്കാനുള്ള നീക്കം ഞങ്ങളെ ഭയപ്പെടുത്തുന്നു. അതിനാൽ, ഇത്‌ അനുവദിക്കില്ലെന്ന്‌ പ്രദേശത്തെ കുടുംബങ്ങൾ പറയുന്നു. 1.400 കിലോമീറ്റർ ദൂരത്തിലുള്ള ബാരാപോൾ കനാൽ പൂർണമായി പൊളിച്ചുനീക്കി പുതിയ കോൺക്രീറ്റ്‌ കനാൽ നിർമിക്കണമെന്ന നിർദേശം നേരത്തെ മുതൽ നാട്ടുകാർ വൈദ്യുതി ബോർഡിനെ അറിയിച്ചതാണ്‌. ഇക്കാര്യത്തിൽ ബോർഡ്‌ അനുകൂലമായി ഇതേവരെ പ്രതികരിച്ചിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home