ചെറുപ്പം തുളുമ്പുന്നു

പി പി സതീഷ് കുമാർ
Published on Apr 02, 2026, 02:30 AM | 2 min read
കല്യാശേരി
ഇടക്കേപ്പുറം തെക്ക് തൊണ്ടച്ചൻ കോട്ടത്തിൽ ഉത്സവത്തിനുള്ള ഒരുക്കങ്ങളാണ്. എൽഡിഎഫ് സ്ഥാനാർഥി എം വിജിന്റെ തുറന്നവാഹനം അവിടേക്ക് എത്തുന്പോൾ പാചകപ്പുരയിലും പന്തലിലും നിറയെ ആളുകൾ. ദേഹണ്ഡപ്പുരയിൽനിന്ന് സാന്പാറിന് തേങ്ങ വറുക്കുന്നതിന്റെ മണം പരക്കുന്നു. പന്തലിൽ സ്‌ത്രീകൾ വട്ടം കൂടിയിരുന്ന് പച്ചക്കറികളൊരുക്കുന്നു. ഉൗണിനുള്ള വാഴയില തുടച്ച് വൃത്തിയാക്കി കെട്ടുകളാക്കുന്ന പണിയിലാണ് ചെറുപ്പക്കാരുടെ കൂട്ടം. വാഹനം എത്തുന്പോൾ ചുവന്ന കൊടി കൈയിലേന്തി മൂന്നുവയസുകാരൻ കൃഷവ് ഉൾപ്പെടെ നല്ല ആൾക്കൂട്ടമുണ്ട്. മുതിർന്ന പ്രവർത്തകൻ കുഞ്ഞന്പുവേട്ടൻ ഉൾപ്പെടെയുള്ള ജനക്കൂട്ടം കാത്തുനിൽപ്പ് തുടങ്ങിയിട്ട് ഏറെനേരമായി. ഇടക്കേപ്പുറത്തെ ജെൻസികളുടെ ബാൻഡ് സംഘമായ ബീറ്റ് ബ്ലേസിന്റെ കലാകാരന്മാർ കൊട്ട് തുടങ്ങി. 32 ജെൻസികളുടെ വന്പൻ സംഘമാണത്. വാഹനത്തിൽനിന്ന് ഓടിയിറങ്ങി സ്ഥാനാർഥി ഡോലക്കിൽ അൽപനേരം താളം പിടിച്ചു. ചുറ്റിലും കാമറകൾ മിന്നി. കാണുന്നവർക്കെല്ലാം കൈകൊടുത്ത് വോട്ടുചോദിക്കുന്നുണ്ട് വിജിൻ. ഓട്ടവും നടത്തവുമല്ലാത്ത ധൃതിയിൽ ഭക്ഷണപ്പുരയിലേക്കും എത്തി. പന്തലിലും അടുക്കളയിലും ഉത്സാഹിക്കുന്നവരോടെല്ലാം വോട്ടുചോദിച്ച് സ്വീകരണത്തിന് ചുരുക്കം വാക്കുകളിൽ നന്ദി പറഞ്ഞ് അടുത്ത കേന്ദ്രത്തിലേക്ക്. കണ്ണപുരം ഖാദി ഉൽപാദനകേന്ദ്രം പരിസരത്താണ് അടുത്ത സ്വീകരണം. വഴിനീളെ സ്ഥാനാർഥിയെ കാണാൻ ആളുകൾ കാത്തുനിൽപ്പുണ്ട്. എല്ലാവരോടും കൈകൾ വീശി അഭിവാദ്യം ചെയ്‌താണ് തുറന്ന വാഹനത്തിലെ യാത്ര. ബാലസംഘം പ്രവർത്തകനായിരുന്ന കാലംതൊട്ട് കല്യാശേരി മണ്ഡലത്തിലെ ഓരോ ഗ്രാമങ്ങൾക്കും സുപരിചിതനാണ് വിജിൻ. ബാലസംഘം സംസ്ഥാന സെക്രട്ടറിയായും വിദ്യാർഥി പ്രസ്ഥാനത്തിന്റെ നായകനായും നാടിന് സുപരിചിതൻ. സ്വീകരണസ്ഥലത്തിന് നൂറുമീറ്റർ ഇപ്പുറത്തുനിന്ന് ആളുകൾ സ്ഥാനാർഥിയൈ വരവേറ്റു. മുദ്രാവാക്യം വിളികളോടെ നടപ്പുതുടങ്ങി. റോഡരികിലെ വീടുകളൊന്നിന്റെ മുറ്റത്ത് വാക്കറിൽ ഉൗന്നിനിന്നുകൊണ്ട് പ്രായമുള്ളൊരു സ്ത്രീ കൈവീശുന്നു. വൈകിയതൊന്നും ആലോചിക്കാതെ വിജിൻ അവർക്കരികിലേക്ക് പാഞ്ഞു. എ വി നാണിയേച്ചിയാണ്. രോഗബാധിതയായതിനാൽ സ്വീകരണത്തിന് എത്താൻ വയ്യ. കരം കവർന്ന് അനുഗ്രഹം തേടി ഒപ്പമുള്ളവർക്ക് അരികിലേക്ക് ഓടിപ്പാഞ്ഞെത്തുന്നു സ്ഥാനാർഥി. വികസനത്തുടർച്ചയ്‌ക്ക് വോട്ടുചോദിച്ചാണ് ഓരോ കേന്ദ്രത്തിൽനിന്നും യാത്രയാവുന്നത്. രാവിലെ മാട്ടൂൽ സൗത്ത് ലക്ഷംവീട് നഗറിൽനിന്നായിരുന്നു പര്യടനത്തുടക്കം. 18 കേന്ദ്രങ്ങളിലെ വരവേൽപ്പിനുശേഷം രാത്രി വൈകി പള്ളിക്കരയിൽ സമാപനം. സ്വീകരണകേന്ദ്രങ്ങളിൽ എം ശ്രീധരൻ, പി വി ബാബു രാജേന്ദ്രൻ, പി പി ഷാജിർ, ടി കെ ദിവാകരൻ, എം വി ഷിമ, സ്വാതി പ്രമോദ്, കെ വി സാഗർ, പി വി ജിതേഷ്, എ സുധാജ്, ടി ടി സായന്ത് എന്നിവർ പ്രാസംഗികരായി.










0 comments