ad
Deshabhimani

സന്തോഷനഗരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
ബിജു കാർത്തിക്

Published on Mar 06, 2026, 02:30 AM | 2 min read

തളിപ്പറന്പ്

തളിപ്പറന്പ്‌ കേരളത്തിന്റെ സന്തോഷനഗരമാണ്‌. ജനതയുടെ സന്തോഷം പരിഗണിച്ചുള്ള വികസനം നടപ്പാക്കിയ ഇന്ത്യയിലെ ആദ്യത്തെ ദേശം. ഹാപ്പിനെസ്‌ ഫെസ്‌റ്റും ഹാപ്പിനെസ്‌ സ്‌ക്വയറും സൂ– സഫാരി പാർക്കും പൈതൃക മ്യൂസിയവും വിനോദസഞ്ചാരകേന്ദ്രങ്ങളുടെ വികസനവും ഉൾപ്പെടെയുള്ള പദ്ധതികൾ ഹാപ്പിനെസിലേക്കുള്ള തളിപ്പറന്പിന്റെ നിക്ഷേപമാണ്‌. റോഡിലും പാലത്തിലും കെട്ടിടത്തിലും ഒതുങ്ങാതെ തൊഴിലും ജീവിതവും സാമൂഹ്യാന്തരീക്ഷവും മാറിയതിന്റെ മുദ്രയാണ്‌ ‘സസന്തോഷം തളിപ്പറന്പ്‌’ എന്ന ടാഗ്‌ലൈൻ. മലയോരത്തിന്റെ കവാടമായ തളിപ്പറന്പ്‌ എക്കാലവും എൽഡിഎഫിനൊപ്പം ഉറച്ചുനിൽക്കുന്ന മണ്ഡലമാണ്‌. പത്തുവർഷത്തെ എൽഡിഎഫ്‌ ഭരണത്തിൽ 2800 കോടി രൂപയുടെ വികസനമാണ്‌ മണ്ഡലത്തിലെത്തിയത്‌. രാജ്യത്തെ ആദ്യ സന്പൂർണ ഡിജിറ്റൽ സാക്ഷരതാ മണ്ഡലമാണിത്‌. വിനോദസഞ്ചാര മേഖലയിൽ ലോകത്തോളം വളരാൻ ഇടമൊരുക്കുന്ന സൂ– സഫാരി പാർക്കും വെള്ളിക്കീൽ ഇക്കോ ടൂറിസവും കരിന്പം ഫാം ടൂറിസവും പറശ്ശിനിക്കടവ്‌– രാജരാജേശ്വര– തൃച്ചംബരം– നീലിയാർകോട്ടം തീർഥാടക ടൂറിസവും മോറാഴ സമരചരിത്ര സ്‌മാരകവും തെയ്യം മ്യൂസിയവുമൊക്കെ നാടിന്റെ പൈതൃക സാംസ്‌കാരിക തനിമകളായി തലയുയർത്തിനിൽക്കുന്നു. അമ്മാനപ്പാറ– തിരുവട്ടൂർ, ഇടിസി– പൂമംഗലം– മഴൂർ–പന്നിയൂർ, പൊക്കുണ്ട്‌– കൂനം–കൊളത്തൂർ റോഡുകളും മങ്കര, പാളയാട്‌ പാലങ്ങളും തളിപ്പറന്പിന്റെ മുഖഛായ മാറ്റി. റവന്യൂ ടവറും തളിപ്പറന്പ്‌ താലൂക്ക്‌ ആശുപത്രിയും ഒടുവള്ളി കുടുംബാരോഗ്യകേന്ദ്രവും മാങ്ങാട്ടുപറന്പ്‌ അമ്മയും കുഞ്ഞും ആശുപത്രിയും കില സ്‌റ്റേഡിയവും വികസനത്തിന്റെ മുദ്രകളാണ്‌. കില ക്യാന്പസും സി–മെറ്റ്‌ നഴ്‌സിങ്‌ കോളേജുമുൾപ്പെടെ ആധുനിക സ‍ൗകര്യങ്ങളുള്ള വിദ്യാലയങ്ങളും ഇ‍ൗ പട്ടികയിലുണ്ട്‌. തളിപ്പറന്പ്‌, ആന്തൂർ നഗരസഭകൾ ഉൾപ്പെടെ ഒന്പത്‌ തദ്ദേശസ്ഥാപനങ്ങൾ ഉൾപ്പെട്ടതാണ്‌ മണ്ഡലം. എൽഡിഎഫിന്‌ ഭൂരിപക്ഷമുള്ളതാണ്‌ കുറുമാത്തൂർ, പരിയാരം, മയ്യിൽ, കുറ്റ്യാട്ടൂർ, മലപ്പട്ടം പഞ്ചായത്തുകൾ. ചപ്പാരപ്പടവിലും കൊളച്ചേരിയിലും യുഡിഎഫിനാണ്‌ മേൽക്കൈ. പ്രതിപക്ഷമില്ലാതെ ആന്തൂർ നഗരസഭ എൽഡിഎഫ്‌ ഭരിക്കുന്നു. രണ്ട്‌ സീറ്റുകളുടെ വ്യത്യാസത്തിലാണ്‌ തളിപ്പറന്പ്‌ നഗരസഭ യുഡിഎഫ്‌ നിലനിർത്തിയത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 2,08,294 വോട്ടർമാരായിരുന്നു. ഇക്കുറി 2,31,378 വോട്ടർമാരാണുള്ളത്‌. മണ്ഡലത്തിന്റെ ചരിത്രമെടുത്താൽ, 1970ൽ കോൺഗ്രസിലെ സി പി ഗോവിന്ദൻനമ്പ്യാർ ജയിച്ചതൊഴിച്ചാൽ 1952 മുതലിങ്ങോട്ട്‌ ഇടതുപക്ഷത്തെ ടി സി നാരായണൻനമ്പ്യാർ, കെ പി രാഘവപൊതുവാൾ, സി പി മൂസാൻകുട്ടി, കെ കെ എൻ പരിയാരം, പാച്ചേനി കുഞ്ഞിരാമൻ, എം വി ഗോവിന്ദൻ, സി കെ പി പത്മനാഭൻ, ജയിംസ്‌ മാത്യു എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്‌. 2021ൽ എം വി ഗോവിന്ദൻ മികച്ച വിജയംനേടി. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുപ്രകാരം തളിപ്പറന്പ്‌ മണ്ഡലത്തിൽ 8,189 വോട്ടിന്റെ ലീഡ്‌ എൽഡിഎഫിനുണ്ട്‌. ആന്തൂരിൽ അഞ്ചും മലപ്പട്ടത്ത്‌ മൂന്നും വാർഡിൽ എൽഡിഎഫിന്‌ എതിരില്ലായിരുന്നു. ഇവകൂടി പരിഗണിച്ചാൽ എൽഡിഎഫിന്‌ പന്ത്രണ്ടായിരം ലീഡ്‌ വരും. 2011ൽ ജെയിംസ്‌ മാത്യു 27,861 വോട്ടിനാണ്‌ വിജയിച്ചത്‌. 2016ൽ ഭൂരിപക്ഷം 40,617 ആയി വർധിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എം വി ഗോവിന്ദൻ 22, 689 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്‌ യുഡിഎഫിലെ വി പി അബ്ദുൾറഷീദിനെ തോൽപ്പിച്ചത്‌. എം വി ഗോവിന്ദൻ –92,870 (52.14%), വി പി അബ്‌ദുൾറഷീദ്‌– 70,181 (39.40%), ബിജെപിയുടെ എ പി ഗംഗാധരൻ–13,058(7.33 %) എന്നിങ്ങനെയാണ്‌ ഇ‍ൗ തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതം. ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മണ്ഡലമാണിത്‌. ആകെ വോട്ടർമാർ
2,31,378 സ്‌ത്രീകൾ 1,19,984 പുരുഷന്മാർ 1,11,393 ട്രാൻസ്‌ജൻഡർ 1



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home