ഓൺലൈൻ തട്ടിപ്പ് റിട്ട. അധ്യാപകന്റെ 7.94 ലക്ഷം രൂപ കവർന്നു

ഇരിട്ടി
വെളിമാനത്തെ റിട്ട. അധ്യാപകന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 7,94,000 രൂപ ഓൺലൈൻ തട്ടിപ്പിലൂടെ കവർന്നു. ഇരിട്ടി യൂണിയൻ ബാങ്ക് ശാഖയിലെ അക്കൗണ്ട് അടിസ്ഥാനമാക്കി യൂണിയൻ ഈസി മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷനിലൂടെയാണ് തട്ടിപ്പ് നടത്തിയത്. കെവൈസി രജിസ്‌ട്രേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ അക്കൗണ്ട് ബ്ലോക്കാവും എന്ന് തെറ്റിദ്ധരിപ്പിച്ചാണ് അധ്യാപകന്റെ പണം കവർന്നത്. കൈവൈസി പുതുക്കാൻ ഓൺലൈനായി കിട്ടിയ ലിങ്കിൽ കയറി അധ്യാപകൻ രജിസ്റ്റർ ചെയ്തു. മറുപടിയായി ഫോണിൽ സന്ദേശവും ലഭിച്ചു. തൊട്ട് പിന്നാലെ രഹസ്യ കോഡും നമ്പറും ആവശ്യപ്പെട്ടു. ഇവ നൽകിയതോടെ അക്കൗണ്ടിൽനിന്നും 7,94,000 രൂപ പിൻവലിച്ചതായി സന്ദേശം വന്നു. ഇതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്. റിട്ട. അധ്യാപകന്റെ ഇടപാടുകൾ ഏറെക്കാലം നിരീക്ഷിച്ച ശേഷമാണ് തട്ടിപ്പ് നടത്തിയത്. ഒരാഴ്ച മുന്പ് ഫോണിലേക്ക് ഇടപാട് വിവര സന്ദേശം വരുന്നത് തടയപ്പെട്ടു. സന്ദേശം വരാത്തത് കെവൈസി രജിസ്‌ട്രേഷൻ പുതുക്കാത്തതിനാലാണെന്ന് അധ്യാപകനെ തട്ടിപ്പുകാർ തെറ്റിദ്ധരിപ്പിച്ചു. ആറളം പൊലീസ് അന്വേഷണം തുടങ്ങി. പശ്ചിമബംഗാളിലെ രണ്ടുപേരുടെ അക്കൗണ്ടിലേക്കാണ് പിൻവലിച്ച പണം പോയതെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി.










0 comments