മുഴങ്ങുന്നുണ്ട് എ കെ ജിയുടെ ശബ്‌ദം
19 മൊട്ടത്തലകളും എ കെ ജിയും പിന്നെ പാർലമെന്റും

ബിജു കാർത്തിക്
Published on Jun 25, 2025, 02:30 AM | 2 min read
തളിപ്പറമ്പ്
‘‘ഹേയ് ഇന്ദിരാഗാന്ധീ, നിങ്ങളും നിങ്ങളുടെ പൊലീസും കുട്ടികളുടെ ലൈംഗികാവയവങ്ങൾ കാണാൻ ആഗ്രഹിക്കുന്നുണ്ടോ... ’’ പാർലമെന്റിൽ മുഴങ്ങിയ ചോദ്യം എ കെ ജിയുടെതായിരുന്നു. അടിയന്തരാവസ്ഥയുടെ ഓർമദിനം വീണ്ടുമെത്തുമ്പോൾ എ കെ ജിയാൽ അന്ന് ആ ചോദ്യം ഉയർത്തിയ 19 മൊട്ടകളും ഓർമയിൽ തെളിയും. അവരിൽ ഒരാളൊഴിച്ച് 18 മൊട്ടകളും ഇപ്പോഴുമുണ്ട്. തളിപ്പറമ്പ് തലവിലെ പി രാജൻ മാത്രം നമുക്കൊപ്പമില്ല. അന്നൊരു ജൂലൈ 11. വെള്ളിയാഴ്‌ച രാവിലെ 10. വിദ്യാഭ്യാസബന്തിനോടനുബന്ധിച്ച് പ്രതിപക്ഷ വിദ്യാർഥിസംഘടനയുടെ നേതൃത്വത്തിൽ സർ സയ്യിദ് കോളേജിലെ നാല് ബിരുദ വിദ്യാർഥികളും 15 പ്രീഡിഗ്രിക്കാരും ചേർന്ന് അടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധിച്ചു. അഞ്ച് എസ്‌എഫ്‌ഐക്കാർ, ഏഴ് കെഎസ്‌സി പ്രവർത്തകർ, നാല് പരിവർത്തനവാദികൾ, രണ്ട് ഐഎസ്‌ഒ ഇതായിരുന്നു ഇവരുടെ രാഷ്ട്രീയ ബന്ധം. ‘‘അടിയന്തരാവസ്ഥ അറബിക്കടലിൽ ഫാസിസ്റ്റ് ഇന്ദിര തുലയട്ടെ’’ മുദ്രാവാക്യങ്ങൾ മുഴക്കി ഒരു മണിക്കൂറിനകം ഇവരെ പൊലീസ് പൊക്കി. സ്‌റ്റേഷനിൽ ഉച്ചവരെ തെറി വിളിയായിരുന്നു ശിക്ഷ. സ്റ്റേഷനിലെ എട്ടുപൊലീസുകാരും പോകുന്ന വഴിക്കും വരുന്ന വഴിക്കും കുനിച്ചുനിർത്തി ഇടിയും തുടർന്നു. കൂട്ടത്തിൽ തടിയുള്ളവർക്കായിരുന്നു അടിയുടെ കടുപ്പക്കൂടുതൽ. സംഗതിയുടെ ഗതിമാറുന്നത് വൈകിട്ടാണ്. പെരുമഴയുടെ അകമ്പടിയിൽ സ്‌റ്റേഷനിലെത്തിയ ഡിഎസ്‌പി ജോസഫ് മാത്യു, നേതാവേ എന്ന് ഒരോരുത്തരെയായി വിളിച്ചുവരുത്തി കുനിച്ചുനിർത്തി അടിച്ചു. പിന്നീടൊരു അലർച്ചയായിരുന്നു. "ഇന്ദിരാ ഗാന്ധിയെ നീയൊക്കെ ഒലത്തും, എല്ലാത്തിന്റെയും തുണിയുരിഞ്ഞ് മൊട്ടയടി. ബാർബറെയെത്തിച്ച് പല രീതിയിൽ വികൃതമായി മൊട്ടയടിപ്പിച്ചു. എസ്‌എഫ്‌ഐ നേതാവായ കെ ജയരാജനും കെഎസ്‌സി നേതാവ് കെ ജെ സ്‌കറിയയെയുമൊഴികെ 17പേരെയും അടിവസ്‌ത്രം മാത്രം ധരിച്ച് നഗരത്തിലൂടെയും രണ്ടരകിലോമീറ്റർ അകലെയുള്ള കോളേജിലേക്കും ഓടിച്ചു. പിറകിൽ പൊലീസ് ജീപ്പും. ഡിഫൻസ് ഓഫ് ഇന്ത്യ റൂൾ പ്രകാരം കേസെടുത്തതിനാലാണ് ജയരാജനും സ്‌കറിയയും നഗ്നഓട്ടമെന്ന നാണക്കേടിൽനിന്ന് രക്ഷപ്പെട്ടത്. അവരെ വിട്ടയച്ചില്ല. പിന്നീടവർക്ക് തലശേരി സബ് ജയിലിൽ ഒരുമാസത്തോളം കിടക്കേണ്ടിവന്നു. മൊട്ടയടിച്ച് ഓടിച്ചതറിഞ്ഞ എ കെ ജി 15 ദിവസത്തിനുശേഷം ഇവരെ തേടിയെത്തി. അന്ന് നഗരത്തിനടുത്ത് താമസിച്ച് പഠിച്ചിരുന്ന എട്ടുപേരെ നിർത്തിച്ച്‌ഫോട്ടോ എടുത്തു. അത് പാർലമെന്റിലെത്തിച്ചു. ആ ഫോട്ടോ ലോകമാകെ കണ്ടു. ഇരുൾപടർന്ന കാലത്തിനെതിരായ പ്രതിഷേധത്തിന്റെ ചരിത്രമായി ആ ചിത്രം. പല വഴിക്ക് തിരിഞ്ഞ 19പേർ പിന്നീട് 2019ൽ ഒത്തുചേർന്നിരുന്നു. അംഗങ്ങളെല്ലാം എമർജൻസി വിക്ടിങ്‌സ് എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ സജീവമാണിപ്പോഴും. ഇവരുടെ അനുഭവങ്ങൾ പശ്‌ചാത്തലമാക്കി പ്രമോദ് കൂവേരി ‘19മൊട്ടകൾ’ എന്ന പേരിൽ കഥയുമെഴുതി.









0 comments