ad
Deshabhimani

തുറക്കൽ വൈകും

പാപ്പിനിശേരി മേൽപ്പാലം പാലാരിവട്ടത്തിന്റെ തനിപ്പകർപ്പ്

കെ വി സുമേഷ് എംഎൽഎ പാപ്പിനിശേരി മേൽപ്പാലം സന്ദർശിക്കുന്നു.

കെ വി സുമേഷ് എംഎൽഎ പാപ്പിനിശേരി മേൽപ്പാലം സന്ദർശിക്കുന്നു.

avatar
സ്വന്തം ലേഖകൻ

Published on Mar 03, 2026, 02:45 AM | 2 min read

പാപ്പിനിശേരി

അറ്റകുറ്റപ്പണിക്കായി അടച്ചിട്ട പാപ്പിനിശേരി മേൽപ്പാലത്തിന്റെ നില ഗുരുതരം. ഒട്ടുമിക്ക ഭാഗത്തും കമ്പികൾ തുരുമ്പിച്ചനിലയിലാണ്‌. ഒരു മാസത്തിനകം അറ്റകുറ്റപ്പണി പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഉപരിതലം പൊളിച്ചുതുടങ്ങിയത്. ഓരോ പാളി പൊളിക്കുമ്പോഴും ഉൾഭാഗത്ത് രാസ മിശ്രിതങ്ങളുടെ കുറവുകാരണം അകത്തെ കമ്പികൾ പൂർണമായും നശിച്ച രീതിയിലാണ്‌. എക്സ്പാൻഷൻ ജോയിന്റുകൾക്ക് സമീപത്ത് കൂടാതെ മിക്കയിടത്തും കമ്പി തുരുമ്പിക്കുകയും കോൺക്രീറ്റുകൾ ഇളകി മാറുകയും ചെയ്ത നിലയിലാണ്. യുഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌ പാലം പണിയാൻ കരാർ നൽകിയത്‌. 2013 ഏപ്രിൽ 22നാണ്‌ പണി തുടങ്ങിയത്‌. പാലാരിവട്ടം പാലം പണിത അതേ കമ്പനിയാണ് പാപ്പിനിശേരി പാലത്തിന്റെയും കരാറുകാർ. ആര്‍ഡിഎസ് പ്രൊജക്ട്സ് ലിമിറ്റഡ് പണിതീർത്ത ഈ പാലത്തിന്റെ നിർമാണ ഘട്ടത്തിൽ തന്നെ നാട്ടുകാർ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയെങ്കിലും അന്നത്തെ എംഎൽഎയായിരുന്ന കെ എം ഷാജി തിരിഞ്ഞുനോക്കിയില്ല. നിർമാണക്കമ്പനിയുടെ ഇഷ്ടാനുസരണം ചെയ്യാനുള്ള മൗനാനുവാദമാണ് ഷാജിയും കൂട്ടരും നൽകിയത്. പാലം തുറന്നുകൊടുത്തതുമുതൽ തകർച്ചയും തുടങ്ങിയിരുന്നു. അന്നുതൊട്ട് ഗതികേടിലായ യാത്രക്കാർക്ക് സുഗമ യാത്രയൊരുക്കാനാണ് കെ വി സുമേഷ് എംഎൽഎയുടെ നേതൃത്വത്തിൽ വിദഗ്‌ധപരിശോധന നടത്തി പാലത്തിന്റെ അപാകം പൂർണമായും പരിഹരിക്കാൻ നടപടി സ്വീകരിച്ചത്. നിലവിലെ സാഹചര്യത്തിൽ പാലം തുറന്നുകൊടുക്കുന്നത് വൈകും. മാർച്ച് അഞ്ചിന് പ്രവൃത്തി പൂർത്തീകരിച്ച് പാലം തുറന്നുകൊടുക്കാനാകുമെന്നാണ് അറിയിച്ചിരുന്നുവെങ്കിലും പാലത്തിൽ ഗുരുതര തകരാറുകൾ കണ്ടെത്തിയതോടെ അറ്റകുറ്റപ്പണി പ്രതീക്ഷിച്ച സമയത്ത് പൂർത്തിയാക്കാനാകാത്ത സാഹചര്യത്തിലാണ്. ഒമ്പത് സ്പാനുകളുള്ള പാലത്തിന്റെ മിക്ക സ്പാനിന്റെയും അകത്തെ കമ്പികൾ തുരുമ്പെടുത്തതിനാൽ ഇവ പൂർണമായും നീക്കംചെയ്യേണ്ടുന്ന അവസ്ഥയിലാണ്. കമ്പികൾ നീക്കം ചെയ്യുന്നതോടൊപ്പം പുതിയ കമ്പികൾക്ക് തുരുമ്പ് വരാതിരിക്കാനും പ്രതലം പൂർണമായും ശുചിയാക്കുകയും ചെയ്താണ് പ്രവൃത്തി പുരോഗമിക്കുന്നത്. നശിച്ച കോൺക്രീറ്റ് ഭാഗങ്ങൾ പൂർണമായി പൊളിച്ചുമാറ്റി മൈക്രോ കോൺക്രീറ്റും അതിന് മുകളിൽ ടാറിങ്ങും നടത്തി പാലം ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ ഇത് പൂർണമായും പരിഹരിക്കും. ഗതാഗതത്തിന് തുറന്നുകൊടുക്കാൻ മൂന്നാഴ്‌ചയെങ്കിലും വേണ്ടിവരുമെന്നാണ് പാലം പരിശോധിച്ച വിദഗ്‌ധ സംഘത്തിന്റെ മുന്നറിയിപ്പ്. പരിഹരിച്ച് മാത്രമേ പാലം തുറന്നുകൊടുക്കുകയുള്ളൂവെന്ന് യാത്രക്കാർ സഹകരിക്കണമെന്നും കെ വി സുമേഷ് എംഎൽഎ അഭ്യർത്ഥിച്ചു. ഫെബ്രുവരി അഞ്ചിനാണ് പാലം അടച്ചിട്ട് പ്രവൃത്തി ആരംഭിച്ചത്. കെ വി സുമേഷ് എംഎൽഎയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച പാലത്തിൽ സന്ദർശനം നടത്തി. പ്രവൃത്തി കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും തകരാറുകൾ പൂർണമായും പരിഹരിച്ചുമാത്രമേ പാലം തുറന്നുകൊടുക്കാനാകൂവെന്നും ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു ജില്ലാ പഞ്ചായത്ത് അംഗം വി വി പവിത്രൻ, എ സുനിൽകുമാർ, കെ വി രമേശൻ, സി സരിത്ത്, കെ സന്തോഷ് എന്നിവരും പൊതുമരാമത്ത് ഉദ്യോഗസ്ഥരും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home