കാട്ടാനകളെ തുരത്താൻ പുതിയ തന്ത്രവുമായി വനംവകുപ്പ്
തുമ്പിക്കൈ കരുത്തിനെതിരെ ‘ഡ്രോൺപ്പട'

ഇരിട്ടി
ആറളം ഫാമിലെ ജനവാസമേഖലകളിൽ ഇറങ്ങി ഭീതി വിതയ്ക്കുന്ന കാട്ടാനകളെ സുരക്ഷിതമായി കാടുകയറ്റാൻ അത്യാധുനിക ഡ്രോണുകൾ രംഗത്തിറങ്ങുന്നു. പരമ്പരാഗത രീതിയായ പടക്കം പൊട്ടിക്കൽ പലപ്പോഴും പരാജയപ്പെടുന്ന സാഹചര്യത്തിലാണ് വനംവകുപ്പ് പുത്തൻ സാങ്കേതികവിദ്യയിലേക്ക് തിരിയുന്നത്. ഉയർന്ന ശബ്ദമുള്ള സൈറണുകൾ, തീപ്പൊരി ചിതറിക്കുന്ന സംവിധാനങ്ങൾ, കാട്ടാനകൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന പ്രത്യേക തരം ശബ്ദതരംഗങ്ങൾഎന്നിവ ഘടിപ്പിച്ച പ്രത്യേക ഡ്രോണുകളാണ് ഇതിനായി രൂപകൽപ്പന ചെയ്തത്. രാത്രികാലങ്ങളിൽപ്പോലും ആനകളുടെ സാന്നിധ്യം കൃത്യമായി കണ്ടെത്താൻ സഹായിക്കുന്ന തെർമൽ ക്യാമറകളും ഡ്രോണുകളുടെ സവിശേഷതയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വനംവകുപ്പ് ആറളം ആർആർടി സംഘത്തിന് ആധുനിക ഉപകരണങ്ങൾ നൽകിയിരുന്നു. വനംവകുപ്പിന്റെ കൊട്ടിയൂർ, ആറളം വൈൽഡ് ലൈ-ഫ് റെയ്ഞ്ചുകളുടെ നേതൃത്വത്തിൽ വനമേഖലയിൽ പട്രോളിങ്ങടക്കം നടത്തുന്ന ജീവനക്കാർക്ക് ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള സാങ്കേതിക പരിശീലനം നൽകി. തെർമൽ ഡ്രോൺ കാമറ, നൈറ്റ് വിഷൻ തർമൽ ബൈനോക്കുലർ, ആസ്കാ ലൈറ്റ്, കാമറാ ട്രാപ്പ് എന്നിവയുടെ വനമേഖലയിലെ ഉപയോഗം അടക്കം തൽസമയം പ്രവർത്തിപ്പിച്ച് കാണിച്ചായിരുന്നു പരിശീലനം. ചെന്നൈ ആർഎഫ്‌എൽവൈ ഇന്നോവഷനിൽനിന്ന് വിദഗ്ധ പരിശീലനം നേടിയ സി എൻ അനന്തു പരിശീലനത്തിന് നേതൃത്വം നൽകി. വന്യജീവി നിരീക്ഷണത്തിൽ സാങ്കേതിക വിദ്യയുടെ പ്രാധാന്യവും അടിയന്തര സാഹചര്യങ്ങളിൽ ഉപകരണങ്ങളുടെ കാര്യക്ഷമമായ ഉപയോഗവുമാണ് പരിശീലനത്തിൽ വിശദീകരിച്ചത്. വനംവകുപ്പ് കണ്ണൂർ ഡിവിഷൻ, ആറളം വൈൽഡ് ലൈഫ് ഡിവിഷനുകളുടെ നേതൃത്വത്തിലാണ് പ്രത്യേക ഡ്രോൺ സ്‌ക്വാഡ് രൂപീകരിച്ചത്. രാത്രികാലങ്ങളിൽ ജനവാസമേഖലയിൽ എത്തുന്ന കാട്ടാനകളെ കൃത്യമായി കണ്ടെത്തി അവയെ സുരക്ഷിതമായി വന്യജീവി സങ്കേതത്തിലേക്ക് തുരത്താനും തെർമൽ ഡ്രോണുകൾ ഉപയോഗിക്കും. തൂക്കുവേലികൾക്ക് തകരാർ സംഭവിച്ചാൽ തൽസമയം സ്ഥലത്തെത്തി പരിശോധിച്ച് നിരീക്ഷണം നടത്താനും രാത്രികാല പട്രോളിങിനും ഡ്രോൺ സ്ക്വാഡ് നേതൃത്വം നൽകും. സെക്ഷൻ ഫോറസ്‌റ്റ് ഓഫീസർ സുനിൽകുമാർ ചെന്നപ്പൊയിലാണ് ടീം ലീഡർ. ബീറ്റ് ഓഫീസർമാരായ ജിഷ്ണു പായം, സി എൻ അനന്തു എന്നിവരും ഡ്രോൺ ടീമിലുണ്ട്.










0 comments