Live News പുറത്താക്കൽ ഞെട്ടിച്ചു: സൂര്യകുമാർ

ന്യൂഡൽഹി
: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽനിന്ന് പുറത്താക്കിയത് ഞെട്ടിച്ചുവെന്ന് മുൻ ക്യാപ്‌റ്റൻ സൂര്യകുമാർ യാദവ്. നിരാശ നിറഞ്ഞ കാലഘട്ടമാണ് പിന്നിട്ടതെന്നും മുപ്പത്തഞ്ചുകാരൻ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി. ട്വന്റി20 ലോകകപ്പ് നേടിയതിനു തൊട്ടുപിന്നാലെയാണ് സൂര്യകുമാറിനെ ക്യാപ്‌റ്റൻ സ്ഥാനത്തുനിന്ന് മാറ്റുകയും ടീമിൽനിന്ന് ഒഴിവാക്കുകയും ചെയ്‌തത്.
‘40–50 ദിവസം ഞാൻ ആ ഞെട്ടലിൽതന്നെയായിരുന്നു. ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല.
ഒരുപാട് കാര്യങ്ങൾ മനസിലൂടെ പാഞ്ഞുപോയി. നിരാശ കനത്തു’– മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുമായുള്ള അഭിമുഖത്തിനിടെ സൂര്യകുമാർ മനസ് തുറന്നു.
ട്വന്റി20യിൽ ഇന്ത്യയുടെ ഏറ്റവും മികച്ച റൺ വേട്ടക്കാരനാണ് മുംബൈക്കാരൻ. 113 കളിയിൽ 162.94 പ്രഹരശേഷിയോടെ 3272 റണ്ണടിച്ചു. 36.35 ആണ് ബാറ്റിങ് ശരാശരി. നാല് സെഞ്ചുറിയും കുറിച്ചു. 25 അർധസെഞ്ചുറികളും. പക്ഷേ, അവസാന 42 ഇന്നിങ്‌സിൽ 932 റൺ മാത്രമേ നേടാനായുള്ളൂ. 2024ലെ ലോകകപ്പിനുശേഷമാണ് പ്രകടനം മങ്ങിത്തുടങ്ങിയത്. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ നേരിട്ട ആദ്യ പന്തിൽ പുറത്തായി.
ഇതായിരുന്നു അവസാന കളി. ക്യാപ്‌റ്റനെന്ന നിലയിൽ മികച്ച റെക്കോഡുണ്ട്. 50 കളിയിൽ 42ലും ജയം സ്വന്തമാക്കി. അയർലൻഡ്, ഇംഗ്ലണ്ട് പര്യടത്തിനുള്ള ഇന്ത്യൻ ടീമിന്റെ പട്ടികയിൽ പേര് കാണാതിരുന്നപ്പോൾ വൈകാരികമായി പ്രതികരിക്കരുതെന്ന് ഉറപ്പിച്ചിരുന്നതായി സൂര്യകുമാർ പറഞ്ഞു. ‘പേര് കാണാതിരുന്നപ്പോഴും ഞാൻ പുഞ്ചിരിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഇത്തരം സാഹചര്യങ്ങളെ ചിരിച്ചുകൊണ്ട് മാത്രമേ നേരിട്ടിട്ടുള്ളൂ. ടീമിന്റെ ക്യാപ്‌റ്റൻ സ്ഥാനം പോകുമെന്ന് പ്രതീക്ഷിച്ചില്ലായിരുന്നു. രണ്ട് വർഷമായി ഞങ്ങൾ ഒരു പരന്പരയും തോറ്റില്ല.
ഏഷ്യാ കപ്പും ലോകകപ്പും നേടി. അടുത്ത ലോകകപ്പും 2028ലെ ഒളിന്പിക്‌സുമായിരുന്നു ലക്ഷ്യം. ട്വന്റി20യിൽ ഇന്ത്യൻ ടീമിന്റെ അടുത്ത ഘട്ടംവരെ നായകനായി തുടരുമെന്ന് കരുതി. അതിനുള്ള ഒരുക്കത്തിലുമായിരുന്നു. പക്ഷേ, അതൊന്നുമല്ല സംഭവിച്ചത്’. ടീം പ്രഖ്യാപത്തിന് മൂന്ന് ദിവസംമുന്പ് സെലക്ടർമാർ വിളിച്ചിരുന്നു. മുന്നോട്ടുപോകേണ്ട സമയമാണെന്ന് അവർ പറഞ്ഞു. അതിനോട് ഞാൻ പ്രതികരിച്ചില്ല’.
പുതിയ ക്യാപ്‌റ്റൻ ശ്രേയസ് അയ്യരെ സൂര്യകുമാർ വാഴ്‌ത്തി. മികച്ച കളിക്കാരനും നല്ലൊരു മനുഷ്യനും കഴിവുള്ള ക്യാപ്‌റ്റനുമാണ് ശ്രേയസ് എന്നായിരുന്നു പ്രതികരണം.









0 comments