Live News വീണ്ടും കീഴടങ്ങി: സംഘപരിവാർ വിധേയത്വം പ്രകടമാക്കി യുഡിഎഫ് സർക്കാർ

തിരുവനന്തപുരം:
പൊതു ആഘോഷങ്ങളിലും സംഘപരിവാർ വിധേയത്വം പ്രകടമാക്കി യുഡിഎഫ് സർക്കാർ. വീണ്ടും പൂർണ വന്ദേമാതരം ആലപിച്ചാണ് കീഴടങ്ങൽ. തിരുവനന്തപുരത്ത് ഓണം വാരാഘോഷ സമാപനത്തിലും ആറന്മുളയിൽ ഉത്രട്ടാതി ജലോത്സവ ഉദ്‌ഘാടനത്തിലുമാണ് വന്ദേമാതരം മുഴുവനായി പാടിയത്. മുഖ്യമന്ത്രിയുൾപ്പെടെ കോൺഗ്രസ് മന്ത്രിമാർ എതിർപ്പില്ലാതെ അത് ഏറ്റുചൊല്ലി.
കേരളത്തിൽ പൂർണമായ ആലാപനമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി സതീശൻ പ്രഖ്യാപിച്ചതിന് വിരുദ്ധമാണിത്. ഇരുചടങ്ങിലും ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനായിരുന്നു മുഖ്യാതിഥി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും വേദിയിലുണ്ടായി.
തലസ്ഥാനത്തെ ഓണം സാംസ്കാരിക ഘോഷയാത്ര ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചത് മുഖ്യമന്ത്രി വി ഡി സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാരായ കെ മുരളീധരൻ, പി സി വിഷ്ണുനാഥ്, സി പി ജോൺ, റോജി എം ജോണ്‍, ബിന്ദു കൃഷ്ണ, കെ എ തുളസി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു. ആറന്മുളയിൽ മന്ത്രിമാരായ രമേശ് ചെന്നിത്തലയും റോജി എം ജോണും മോൻസ് ജോസഫും പങ്കെടുത്തു. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടികൾക്ക് പ്രോട്ടോക്കോൾ പാലിക്കണമെന്നതിനാലാണ് വന്ദേമാതരം മുഴുവന്‍ പാടിയതെന്നാണ് മന്ത്രി പി സി വിഷ്ണുനാഥിന്റെ ന്യായീകരണം.
സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പൂർണ വന്ദേമാതരം പാടണമെന്ന് മുഖ്യമന്ത്രിയുടെ അറിവോടെ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ തദ്ദേശസ്ഥാപനങ്ങൾക്ക് കത്തയച്ചിരുന്നു. യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും പിന്നീട് നിയമസഭയിലും എല്ലാ വരികളും ആലപിച്ചു. ഭരണഘടനയുടെ അനുച്ഛേദം 25 ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനും മതനിരപേക്ഷതയ്ക്കും പൂർണ വന്ദേമാതരം എതിരാണെന്നാണ് കോൺഗ്രസ് നിലപാട്. വന്ദേമാതരം മുഴുവനായി ചൊല്ലാൻ നിർബന്ധിക്കാനാവില്ലെന്ന് സുപ്രീംകോടതി വിധിയുമുണ്ട്.









0 comments