ad
Deshabhimani

പൊലീസ്‌ സാഹസികമായി പിന്തുടർന്നു കൊലക്കേസ് പ്രതി ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ

പ്രതി പരേഷ് നാഥ് മണ്ഡലിനൊപ്പം (വൃത്തത്തിൽ) അന്വേഷക സംഘത്തിലെ 
അംഗങ്ങളായ എഎസ്ഐ സദാനന്ദൻ ചേപ്പറമ്പ്, സിവിൽ പൊലീസ് ഓഫീസർമാരായ സിദ്ദീഖ് പൊറോറ, പ്രജീഷ് ചൂളിയാട് എന്നിവർ

പ്രതി പരേഷ് നാഥ് മണ്ഡലിനൊപ്പം (വൃത്തത്തിൽ) അന്വേഷക സംഘത്തിലെ 
അംഗങ്ങളായ എഎസ്ഐ സദാനന്ദൻ ചേപ്പറമ്പ്, സിവിൽ പൊലീസ് ഓഫീസർമാരായ സിദ്ദീഖ് പൊറോറ, പ്രജീഷ് ചൂളിയാട് എന്നിവർ

avatar
സ്വന്തം ലേഖകൻ

Published on Oct 25, 2025, 02:30 AM | 1 min read

ശ്രീകണ്ഠപുരം

ജാമ്യത്തിൽ ഇറങ്ങി വർഷങ്ങളായി മുങ്ങിനടന്ന കൊലക്കേസ് പ്രതിയെ അതിസാഹസികമായി പിന്തുടർന്ന്‌ ബംഗ്ലാദേശ് അതിർത്തിയിൽവച്ച്‌ പൊലീസ്‌ പിടികൂടി. പെരുവളത്തുപറമ്പ് കുട്ടാവ് ജങ്‌ഷനിൽ നിർമാണത്തിലുള്ള വീടിന്റെ ശുചിമുറിയിൽ സുഹൃത്തിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലാണ് ഇതര സംസ്ഥാന തൊഴിലാളി പരേഷ് നാഥ് മണ്ഡൽ (32) പിടിയിലായത്. 2021ലാണ്‌ കൊലപാതകം നടന്നത്‌. ബംഗാൾ സ്വദേശി അസീക്കുൾ ഇസ്ലാമിനെ കൊന്ന് വീടിന്റെ ശുചിമുറി കുഴിച്ച്‌ മൃതദേഹം കുഴിയിലിട്ടശേഷം മൂടി മുകളിൽ കോൺക്രീറ്റ് ചെയ്യുകയായിരുന്നു. മാസങ്ങൾക്കുശേഷം അസീക്കുൾ ഇസ്ലാമിന്റെ സഹോദരന്റെ പരാതിയിൽ ഇരിക്കൂർ പൊലീസാണ്‌ പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്‌. കൊല്ലപ്പെട്ട അസീക്കുൾ ഇസ്ലാമിന്റെ സഹോദരൻ ചക്കരക്കല്ലിൽ ജോലി ചെയ്‌തിരുന്നു. ഇയാൾക്ക് നൽകാനായി മറ്റൊരാൾ ഒന്നര ലക്ഷം രൂപ അസീക്കുളിന്‌ കൈമാറി. ഇത് തട്ടിയെടുക്കാനാണ് പരേഷ് നാഥ് മണ്ഡൽ ഇയാളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയത്. തലശേരി അഡീഷണൽ സെഷൻസ്‌ കോടതിയിൽ വിചാരണക്കിടെ ജാമ്യത്തിൽ ഇറങ്ങി മുങ്ങുകയായിരുന്നു. തുടർന്ന്‌ കണ്ണൂർ എസ്‌പിയുടെ നേതൃത്വത്തിൽ ഇയാൾക്കായി വല വിരിച്ചു. പ്രതി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. ഇയാൾ ബംഗ്ലാദേശ് അതിർത്തിയിൽ ഉണ്ടെന്ന് കണ്ണൂർ പൊലിസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇരിട്ടി ഡിവൈഎസ് പി ധനഞ്ജയ ബാബുവിന്റെയും ഇരിക്കൂർ സിഐ രാജേഷ് ആയോട്ടന്റെയും നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്. എഎസ്ഐ സദാനന്ദൻ ചേപ്പറമ്പിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡിൽ ഇരിക്കൂർ പൊലീസ് സ്‌റ്റേഷനിലെ ഓഫീസർമാരായ സിദ്ദീഖ് പൊറോറ, പ്രജീഷ് ചൂളിയാട് എന്നിവരുമുണ്ടായിരുന്നു. ഇയാളെ ശനിയാഴ്‌ച തലശേരി അഡീഷണൽ സെഷൻസ് രണ്ട് കോടതിയിൽ ഹാജരാക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home