കാട്ടാന പ്രതിരോധം കൂടുതലിടത്ത്
ബദൽ സംവിധാനം ഒരുക്കും

ഇരിട്ടി
ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ ആനമതിൽ നിർമാണം പൂർത്തിയാകുന്നതോടെ മറ്റിടങ്ങൾ വഴി കാട്ടാനകളും വന്യജീവികളും ജനവാസമേഖലയിലെത്തുന്നത് പ്രതിരോധിക്കാനും സംവിധാനം ഒരുക്കും. കാട്ടാനകളടക്കം ആനമതിൽ ഭാഗം വഴിയല്ലാതെ ഇറങ്ങാൻ സാധ്യതയുള്ള വളയഞ്ചാൽ വനം റേഞ്ച് ഓഫീസ് പ്രവേശന കവാടത്തിനടുത്തും ചീങ്കണ്ണിപ്പുഴക്ക് കുറുകെയും ആറളം വനം സെക്ഷൻ ഓഫീസിനടുത്ത അയനക്കത്തോടിന് കുറുകെയുള്ള പാലത്തിനുതാഴെയും നൂതന ആന പ്രതിരോധ മാർഗങ്ങൾ ഒരുക്കും. ഇതിനുവേണ്ടി കോഴിക്കോട് എൻഐടിയിലെ സിവിൽ എൻജിനിയറിങ് വിഭാഗം അസി. പ്രൊഫസർമാരായ എം അബ്ദുൾ അക്ബർ, എസ് എസ് അജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം പ്രദേശങ്ങൾ സന്ദർശിച്ചു. ഇവിടങ്ങളിൽ കാട്ടാന പ്രതിരോധത്തിന് പര്യാപ്തമായ സംവിധാനങ്ങളെക്കുറിച്ച് വിദഗ്‌ധരുടെ നേതൃത്വത്തിൽ റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും. ആറളം വൈൽഡ് ലൈഫ് വാർഡൻ വി രതീശന്റെ നേതൃത്വത്തിൽ വനപാലകസംഘവും എൻഐടി സംഘത്തിനൊപ്പം സ്ഥലം സന്ദർശിച്ചു.










0 comments