വെളിച്ചമില്ലാതെ ദുരിതാശ്വാസ ക്യാന്പുകൾ
ഉരുൾപൊട്ടൽ ഭീതിയിൽ മലയോരം


സ്വന്തം ലേഖകൻ
Published on Aug 03, 2026, 02:15 AM | 1 min read
ചെറുപുഴ
കനത്ത മഴയിലും ഉരുൾപൊട്ടലിലും വിറങ്ങലിച്ച് മലയോരം. ശനിഴ്ച പകൽ ഒമ്പതോടെ പെയ്തു തുടങ്ങിയ മഴ തോർന്നതേയില്ല. അതിനിടെയാണ് വൈകിട്ട് മൂന്നരയോടെ ഉരുൾപൊട്ടലുമുണ്ടായത്. കർണാടക വനാതിർത്തിലായിരുന്നു ആദ്യം ഉരുൾപൊട്ടിയൊലിച്ചത്. തുടർന്ന് വായിക്കാനം, ജോസ്ഗിരി എന്നിവിടങ്ങളിലും ഉരുൾപൊട്ടി. ഇതോടെ കോഴിച്ചാൽ, പുളിങ്ങോം, വയലായി, ഉമയംചാൽ പ്രദേശങ്ങളിൽ പല വീടുകളിലും വെള്ളം കയറി ഒറ്റപ്പെട്ടു. ഗതാഗതം താറുമാറായി. വൈദ്യുതി ബന്ധം പാടെ വിച്ഛേദിക്കപ്പെട്ടു. ചെറുപുഴ പഞ്ചായത്തിൽ മൂന്ന് കേന്ദ്രങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്. കന്നിക്കളം നവജ്യോതി കോളേജിൽ ഏഴ് കുടുംബങ്ങളെ പാർപ്പിച്ചു. ഇടവരമ്പ് ഗവ എൽപി സ്‌കൂളിൽ ആറ് കുടുംബങ്ങളിലായി 22 പേർ. കോഴിച്ചാൽ സെന്റ് അഗസ്റ്റ്യൻസ് എൽപി സ്‌കൂളിൽ 52 കുടുംബങ്ങളിൽനിന്നായി 36 കുട്ടികളുൾപ്പെടെ 178 പേരുണ്ട്. ഇവിടേക്ക് വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ കഴിയാത്തതിനാൽ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. വെള്ളം കയറിയ പ്രദേശങ്ങളിലെ വീടുകൾ ചളിയും മാലിന്യങ്ങളും നിറഞ്ഞിരിക്കുകയാണ്. ഡിവൈഎഫ്ഐ പെരിങ്ങോം ബ്ലോക്ക് കമ്മിറ്റി യൂത്ത് ബ്രിഗേഡ് മുഴുവൻ വീടുകളിലെയും ശുചീകരണ പ്രവർത്തനത്തിറങ്ങി. ഒറ്റപ്പെട്ട പ്രദേശങ്ങളും വീടുകളും സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, കർഷക സംഘം ജില്ലാ സെകട്ടറി എം പ്രകാശൻ, ജില്ലാ സെക്രട്ടറിയറ്റംഗം ടി ഐ മധുസൂദനൻ, ഏരിയാസെക്രട്ടറി പി ശശിധരൻ, ജില്ലാ പഞ്ചായത്തംഗം എ വി ലേജു, ഡിവൈഎഫ്ഐ ജില്ലാ ജോ. സെക്രട്ടറി പി പി സിദിൻ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ജോയ് ഉൾപ്പെടെയുള്ളവർ സന്ദർശിച്ചു. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലും ആശ്വാസവാക്കുകളുമായി നേതാക്കളെത്തി.










0 comments