അടിമുടി ജൈവം
രീതികളെല്ലാം ഹൈടെക്

ശ്രീകാന്ത് പാണപ്പുഴ
Published on Aug 17, 2025, 02:30 AM | 1 min read
ചെറുതാഴം
പാരമ്പര്യരീതികളെയും ആധുനിക യന്ത്രസംവിധാനങ്ങളെയും ഒരുപോലെ ഉപയോഗപ്പെടുത്തുന്ന ഊർമിളയ്‌ക്ക് കാർഷികമേഖല എന്നും പുതുസാധ്യതകളുടേതാണ്. നാലേക്കർ വിസ്‌തൃതിയുള്ള ഫാമിൽ പ്ലോട്ടുകളായി തിരിച്ചാണ് നരീക്കാംവള്ളി അറത്തിലെ ഇൗ അറുപത്തിയേഴുകാരി കൃഷിയിലെ പുതുപാഠമാകുന്നത്. വി എം ഫാമിൽ പ്ലോട്ടുകളായാണ് വ്യത്യസ്‌തവിളകൾ കൃഷിചെയ്യുന്നത്. പ്ലോട്ട് ഒന്ന് അടയ്ക്ക, ജാതി, കുരുമുളകിനുമാണ്. രണ്ടിലും മൂന്നിലും മാവ്, പപ്പായ, മുരിങ്ങ, നേന്ത്രൻ, കുരുമുളക്, കോവൽ, മഞ്ഞൾ എന്നിവയുൾപ്പെടെയുള്ള പഴവർഗങ്ങൾക്കും അതിരുകളിലെ വിളകൾക്കുമായി അൾട്രാ-ഹൈ-ഡെൻസിറ്റി മോഡലിലാണ് രൂപകൽപ്പന ചെയ്‌തത്. പ്ലോട്ട് നാലിൽ തെങ്ങ്, അടയ്ക്ക, കുരുമുളക്, കപ്പ. പ്ലോട്ട് അഞ്ചിൽ കശുമാവ്, പ്ലാവ്, കുരുമുളക്. 450 ലേറെ അത്യുൽപാദന ശേഷിയുള്ള ഡ്രാഫ്റ്റ് മാവിൻ തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇരുനൂറിലധികം റെഡ് ലേഡി പപ്പായ തൈകളുമുണ്ട്. നേന്ത്രവാഴ, ഇഞ്ചി, മഞ്ഞൾ എന്നിവയും ഇടവിളയായി ജൈവരീതിയിലാണ്. കൃഷിയിടം ജൈവ സർട്ടിഫിക്കേഷനായി രജിസ്റ്റർ ചെയ്‌തിട്ടുമുണ്ട്. സ്വന്തമായി ഉൽപാദിപ്പിക്കുന്ന കമ്പോസ്റ്റ്, വെർമികമ്പോസ്റ്റ്, പച്ചിലവളങ്ങൾ, ചാണകം, ജീവാമൃതം, ബീജാമൃതം എന്നിവയെ ആശ്രയിച്ചാണ് കൃഷി. എൽഒടി സെൻസർ അടിസ്ഥാനമാക്കിയുള്ള ജലസേചനം, മൊബൈൽ ഫോൺ നിയന്ത്രിത വളപ്രയോഗം (ഫെർട്ടിഗേഷൻ), സൗരോർജത്തിൽ പ്രവർത്തിക്കുന്ന ബാക്കപ്പ് സംവിധാനങ്ങൾ, പിഎച്ച് മീറ്റർ, സോളാർ ഫ്ലൈ ട്രാപ്പുകൾ തുടങ്ങിയ ഉപകരണങ്ങളാണ് ഫാമിൽ. ഇത് വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗത്തിനും തൊഴിലാളികളുടെ ആയാസം കുറയ്ക്കുന്നതിനും സഹായിക്കുന്നു. കുളത്തിലെ വെള്ളം എൽഒടി സെൻസർ ഉപയോഗിച്ചാണ് ജലസേചനം നടത്തുന്നത്. മൊബൈൽ ആപ്ലിക്കേഷൻ വഴി എവിടെനിന്നും ഇത് നിർവഹിക്കാനാകും. അൾട്രാ-ഹൈഡെൻസിറ്റി പ്ലാന്റേഷൻ മാതൃകകളാണ് ഫാമിൽ നടപ്പാക്കുന്നത്. ഇത് ഒരുവർഷം ഒന്നിലധികം വിളകൾ ലഭിക്കാൻ സഹായിക്കുന്നു. ഈ രീതിയിൽ കുറഞ്ഞസ്ഥലത്തുനിന്ന് കൂടുതൽ വിളവ് നേടാനാകും. കന്നുകാലി വളർത്തൽ ഉൾപ്പെടെയുള്ള അനുബന്ധ പ്രവർത്തനങ്ങൾ ജൈവവളങ്ങളുടെ ഉൽപ്പാദനത്തിനും സഹായിക്കുന്നു. കുട്ടിക്കാലംമുതൽ കൃഷിയെ നെഞ്ചോട് ചേർക്കുന്ന ഊർമിള ഒരേക്കറിൽ നെൽകൃഷിയും ചെയ്യുന്നുണ്ട്. ബംഗളൂരുവിൽ എൻജിനിയറായ രഞ്ചിത്ത് നാരായണനും ഹാസനിൽ ടിഎംബിയിൽ ജോലി ചെയ്യുന്ന രാജേഷ് കുമാറുമാണ് മക്കൾ. ഇവരുടെ പൂർണ പിന്തുണയും പുതിയ പരീക്ഷണങ്ങൾക്ക് ഊർമിളയ്ക്ക് കരുത്താകുന്നു.









0 comments