മേഘം കറുത്തു
കണ്ണീർ പെയ്‌തു

കണ്ണൂർ
കാലവർഷം തുടങ്ങിയശേഷമുള്ള കനത്ത മഴയിൽ ജില്ലയുടെ മലയോര മേഖലകളിൽ വ്യാപക നാശം. പാലവും റോഡും ഉൾപ്പെടെ മലവെള്ളത്തിൽ മുങ്ങി. കർണാടക വനത്തിൽ ഉരുൾ പൊട്ടിയതിനെ തുടർന്ന് പുളിങ്ങോം വില്ലേജിലെ കാര്യങ്കോട് പുഴയിൽ അനിയന്ത്രിതമായി വെള്ളം കയറി. കോഴിച്ചാൽ ഇടക്കോളനിയിലെ തുരുത്തിൽ താമസിക്കുന്ന അഞ്ചു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ടു. ഒൗദ്യോഗിക സംവിധാനങ്ങളുടെ ഇടപെടൽ ഏറെ വൈകിയതിനാൽ നാട്ടുകാരുടെയും സന്നദ്ധസംഘടനകളുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. പയ്യന്നൂര്‍ താലൂക്കിലെ മീന്തുള്ളി തുരുത്തില്‍ ഒറ്റപ്പെട്ട സേവ്യര്‍ എന്നയാളെ രക്ഷപ്പെടുത്തുന്നതിനിടെ തിരുവനന്തപുരം സ്വദേശിയായ നീന്തല്‍ പരിശീലകന്‍ രാജേഷാണ് ഒഴുക്കില്‍പ്പെട്ടത്. ഇദ്ദേഹത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്. ഇരിട്ടി താലൂക്ക് മണത്തണ വില്ലേജിലെ കൊട്ടംചുരത്തുള്ള ഹനീഫ വയല്‍ പീടികയില്‍ (40) കാഞ്ഞിരപ്പുഴയില്‍വീണ് കാണാതായി. പൊലീസും അഗ്നിരക്ഷാസേനയും തിരച്ചില്‍ നടത്തിവരുന്നു. പുഴകളിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പാലങ്ങള്‍ വെള്ളത്തിനടിയിലായി. വീടുകളിലും കടകളിലും വെള്ളം കയറി വലിയ നാശനഷ്ടങ്ങളുണ്ടായി. ഇരിട്ടി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജില്ലയിൽ 11 ദുരിതാശ്വാസ ക്യാമ്പുകളിലായി 571 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. ഇതിൽ 164 സ്ത്രീകളും 121 പുരുഷന്മാരും 101 കുട്ടികളുമാണ്. ഇതിനുപുറമെ നിരവധി പേരെ ബന്ധുവീടുകളിലേക്ക് മാറ്റി. നാല് ക്യാമ്പുകൾ ഇരിട്ടി താലൂക്കിലും മൂന്നെണ്ണം തളിപ്പറമ്പ് താലൂക്കിലുമാണ്. ഇരിട്ടി താലൂക്കിലെ ക്യാമ്പുകളിൽ 162 പേരാണുള്ളത്. വയത്തൂർ നൂറുൽ ഹുദാ മദ്രസ, വയത്തൂർ കോളിത്തട്ട് സെന്റ് ജോൺസ് എൽ പി സ്കൂൾ, ആറളം ഓമനമുക്ക് അങ്കണവാടി, ആറളം കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്. തളിപ്പറമ്പ് താലൂക്കിൽ എരുവേശ്ശി വില്ലേജിലെ രത്നഗിരി സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്‌കൂൾ, വെള്ളാട് വില്ലേജിലെ കാപ്പിമല വിജയഗിരി ജിയുപിഎസ്, പയ്യാവൂർ വില്ലേജിൽ ചന്ദനക്കാംപാറ ചെറുപുഷ്പം സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ. എരുവേശ്ശി വില്ലേജിലെ മാന്ധംകുണ്ട് പുഴയിൽ ജലനിരപ്പ് ഉയർന്നതിനാലാണ് മുൻകരുതലായി ആറ് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത്. ചീത്തംപാറ ഉന്നതി നിവാസികളായ 140 പേരാണ് ചന്ദനക്കാംപാറ ക്യാമ്പിലുള്ളത്. ഉളിക്കല്‍ പേരട്ട തൊട്ടിപ്പാലം മേഖലയില്‍ വീടുകളില്‍ വെള്ളം കയറി. അഗ്നിരക്ഷാസേനയും നാട്ടുകാരുംചേര്‍ന്ന് വീടുകളില്‍ കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി. കക്കോപ്പുഴയിലെ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ആറളം ഫാമിന്റെ 11, 13 ബ്ലോക്കുകളില്‍ വെള്ളം കയറിയതോടെ ആളുകളെ രണ്ട് ക്യാംപുകളിലേക്ക് മാറ്റി. വയത്തൂര്‍ അറബിക്കുളത്തിന് സമീപം രണ്ടാംകൈയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് സുധീഷ് നടുവിലെപുരക്കല്‍ എന്നയാളുടെ വീട്ടില്‍ ഭാഗികമായി വെള്ളം കയറി. കുടുബാംഗങ്ങളെ ബന്ധു വീട്ടിലേക്ക് മാറ്റിത്താമസിപ്പിച്ചു. പുഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഉളിക്കല്‍ പഞ്ചായത്തിലെ വട്ടിയാംതോട് പാലത്തില്‍ വെള്ളം കയറി. മണിക്കടവ് ചപ്പാത്ത് പാലം വെള്ളത്തിനടിയിലായി. പയ്യന്നൂര്‍ താലൂക്കിലെ പുളിങ്ങോം വില്ലേജില്‍ പല ഭാഗങ്ങളിലും വെള്ളം കയറി. കര്‍ണാടക വനാന്തര്‍ഭാഗത്ത് ഉരുള്‍ പൊട്ടിയതിനെ തുടര്‍ന്ന് കാര്യങ്കോട് പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തിലാണിത്. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി കോഴിച്ചാല്‍ ഇടക്കോളനിയിലെ തുരുത്തില്‍ താമസിക്കുന്ന അഞ്ചു കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കാനം വയല്‍ കോളനിയില്‍ പുഴയോട് ചേര്‍ന്ന് താമസിക്കുന്ന രണ്ടു കുടുംബങ്ങളെയും മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. പുളിങ്ങോം വില്ലേജിലെ ഇടവരമ്പയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 10 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. പയ്യാവൂര്‍ മാവുന്തോട് ആനയടിപ്പാലം ഒഴുകിവന്ന മരത്തടി പാലത്തിന്റെ തൂണില്‍ ഇടിച്ച് തകർന്നു. മാടായി വേങ്ങര കക്കാടപ്പുറത്ത് കൊടക്ക ബാലകൃഷ്ണന്‍, ഭാര്യ ജാനകി എന്നിവരുടെ മണ്‍കട്ട വീട് തകര്‍ന്ന് വീണു. അപകട സമയത്ത് ഇരുവരും മകന്റെ വീട്ടിലായിരുന്നതിനാല്‍ ആളപായമുണ്ടായില്ല. തലശേരി വയലളം ഊരാന്‍കോട്ട് ഹെവന്‍ വീട്ടില്‍ സനീഷിന്റെ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നു. തളിപ്പറമ്പ് താലൂക്കിലെ മണിക്കടവ് ടൗണില്‍ കടകളില്‍ വെള്ളം കയറി. പാനൂര്‍ അണിയാരം ശിവക്ഷേത്രം വളപ്പിലെ കിഴക്ക് ഭാഗം മതില്‍ കനത്ത മഴയില്‍ തകര്‍ന്നു. പാണപ്പുഴ ഏര്യം കുപ്പേരിയില്‍ സല്‍മാന്‍ ഫാരിസിന്റെ വീടിന് സമീപം മണ്ണിടിഞ്ഞു വീണു.










0 comments