വിദ്യാർഥി വേട്ട; എസ്‌എഫ്‌ഐ മാർച്ചിൽ പ്രതിഷേധമിരമ്പി

എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാദുലിയെ പൊലീസ് വലിച്ചിഴയ‍്ക്കുന്നു

സ്വന്തം ലേഖകൻ
Published on Sep 04, 2026, 01:27 AM | 1 min read
പാലക്കാട്
എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉൾപ്പെടെ വിദ്യാർഥി നേതാക്കൾക്കും പ്രവർത്തകർക്കുംനേരെ തിരുവനന്തപുരത്ത് പൊലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. വ്യാഴം വൈകിട്ട് അഞ്ചരയോടെയാണ് പ്രവർത്തകർ ബിഇഎം സ്‌കൂൾ പരിസരത്തുനിന്ന് എസ്‌പി ഓഫീസിലേക്ക് മാർച്ച് തുടങ്ങിയത്. എസ്‌പി ഓഫീസിന് സമീപം ബാരിക്കേഡ് കെട്ടി പൊലീസ് മാർച്ച് തടഞ്ഞു. ഇരുനൂറോളം പൊലീസുകാരാണ് വിദ്യാർഥികളെ നേരിടാനുണ്ടായിരുന്നത്. വിദ്യാർഥികൾ ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിക്കാൻ തുടങ്ങുമ്പോഴേക്ക് ജലപീരങ്കി പ്രയോഗിച്ചു. 20 മിനിറ്റിനുള്ളിൽ രണ്ടുതവണയാണ് ജലപീരങ്കി പ്രയോഗിച്ചത്. തുടർന്ന് വിദ്യാർഥികളെ ശാന്തരാക്കി യോഗം തുടങ്ങാനൊരുങ്ങവേ പൊലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ ചില പ്രവർത്തകർ വീണ്ടും ബാരിക്കേഡ് മറികടക്കാനൊരുങ്ങി. ഇവരെ അനുനയിപ്പിക്കാനെത്തിയ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് വിപിൻ, ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് ഷാദുലി, ജോയിന്റ് സെക്രട്ടറി വി നന്ദു എന്നിവരെ പൊലീസ് പിടിച്ചുകൊണ്ടുപോയി. നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സെക്രട്ടറി വി വി അഭിഷേകിന്റെ നേതൃത്വത്തിൽ പ്രവർത്തകൾ സമരം തുടർന്നതോടെ പൊലീസ് ഇവരെ തിരിച്ചെത്തിച്ചു. തുടർന്ന് നടന്ന യോഗം എസ് വിപിൻ ഉദ്‌ഘാടനം ചെയ്‌തു. കെ മുഹമ്മദ് ഷാദുലി അധ്യക്ഷനായി. വി വി അഭിഷേക് സ്വാഗതവും വി നന്ദു നന്ദിയും പറഞ്ഞു.










0 comments