‘ഷോ കാണിക്കരുത്‍ ’ -ഹൗസ് സർജൻമാരെ അപമാനിച്ച് വി കെ ശ്രീകണ്ഠൻ

പാലക്കാട്
ഗവ. മെഡിക്കൽ കോളേജിൽ സമരം ചെയ്യുന്ന ഹൗസ് സർജൻ വിദ്യാർഥികളെ അപമാനിച്ച് വി കെ ശ്രീകണ്ഠൻ എംപി. സമരം ചെയ്യുന്ന വിദ്യാർഥികളുമായി ചർച്ചയ്ക്ക് എത്തിയപ്പോഴായിരുന്നു അധിക്ഷേപം. മെഡിക്കൽ കോളേജിന്റെ മേൽനോട്ട സമിതി ചെയർമാൻകൂടിയാണ് എംപി. ‘ഇവിടെ എക്സ്-റേ പ്രവർത്തിക്കുന്നില്ല എന്ന് ഞാൻ എങ്ങനെയാണ് അറിയുന്നത്..? പരിശോധിക്കാനുള്ള സാങ്കേതികവിദ്യയൊന്നും എനിക്കറിയില്ല. നിങ്ങളുടെ കൈയിലുള്ള സ്റ്റെതസ്കോപ് വർക്ക് ചെയ്യുന്നുണ്ടോ എന്ന് ഞാൻ എങ്ങനെയാ അറിയുക..?, ഷോ കാണിക്കരുത്... സമരത്തിന് വേറെ ലക്ഷ്യമുണ്ട്’ തുടങ്ങിയവയായിരുന്നു എംപിയുടെ പ്രയോഗങ്ങൾ. "സാറിന് അറിയില്ലെങ്കിൽ പിന്നെ ആർക്കാണ് അറിയുക..? സർ ഇവിടത്തെ മോണിറ്ററിങ് കമ്മിറ്റി ചെയർമാനല്ലേ.? ഞങ്ങൾ ഇവിടത്തെ സ്റ്റുഡന്റ്സ് യൂണിയനും ഹൗസ് സർജൻസ് അസോസിയേഷനുമാണ്. സർ ഇതിന്റെ ചെയർമാൻ ആയിട്ട് ഇവിടെ എക്സ്-റേയും ലാബും പ്രവർത്തിക്കുന്നില്ലെന്ന് അറിയില്ലെന്ന് പറഞ്ഞാൽ ഞങ്ങൾ ആരോടാണ് പറയേണ്ടത്.?’. 24 മണിക്കൂറും പ്രവർത്തിക്കേണ്ട കാഷ്വാലിറ്റിയിൽ രാത്രിയായാൽ എക്സ്-റേ ഇല്ല, ലാബ് ഇല്ല, മരുന്നില്ല. രോഗികൾ വരുമ്പോൾ ഞങ്ങൾ എന്ത് ചെയ്യും? സാർ ഇതൊന്നും പൊളിറ്റിക്സ് ആക്കരുത്, ഞങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്ക് പരിഹാരം ഉണ്ടാക്കിത്തരണം.–ഇങ്ങനെയായിരുന്നു വിദ്യാർഥികളുടെ മറുപടി. എംപിയുടെ നടപടിയിൽ വിദ്യാർഥികൾ പ്രതിഷേധിച്ചതോടെ ഇത് രാഷ്‌ട്രീയസമരമാണെന്നും നിങ്ങൾക്ക് ചില ലക്ഷ്യങ്ങളുണ്ടെന്നും അധിക്ഷേപിക്കുകയായിരുന്നു എംപി.
എംപി മാപ്പ് പറയണം: ഡിവൈഎഫ്ഐ
പാലക്കാട്
വിവിധ ആവശ്യങ്ങളുന്നയിച്ച് പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ സമരംചെയ്യുന്ന ഹൗസ് സർജൻമാരെ അധിക്ഷേപിച്ച വി കെ ശ്രീകണ്ഠൻ എംപി മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങൾപ്പോലുമില്ലാത്ത ആശുപത്രി അധികൃതർക്കെതിരെ ന്യായമായ രീതിയിൽ സമരംനയിച്ച വിദ്യാർഥികളെ എംപി പരസ്യമായി അവഹേളിക്കുകയായിരുന്നു. മെഡിക്കൽ കോളേജിന്റെ മേൽനോട്ട സമിതി ചെയർമാൻകൂടിയായ എംപി സമരം ചെയ്യുന്ന വിദ്യാർഥികളുമായി ചർച്ചയ്ക്ക് എത്തിയപ്പോഴായിരുന്നു വിവാദ പരാമർശങ്ങൾ നടത്തിയത്. മേൽനോട്ട സമിതി ചെയർമാൻ പദവിയിലിരിക്കുന്ന എംപി ആശുപത്രിയിലെ അടിസ്ഥാന പ്രശ്നങ്ങളെക്കുറിച്ച് അറിയില്ലെന്ന് പറയുന്നത് അപമാനമാണ്. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച വിദ്യാർഥികളെ ജനപ്രതിനിധി എന്ന നിലയിൽ കേൾക്കാൻ തയ്യാറാകാതെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത എംപി പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.










0 comments