നൂറേക്കറിൽ കുഞ്ഞിമംഗലത്തിന്റെ നെൽപ്പെരുമ

ശ്രീകാന്ത് പാണപ്പുഴ
Published on Aug 25, 2025, 02:00 AM | 1 min read
കുഞ്ഞിമംഗലം
കുഞ്ഞിമംഗലത്തിന്റെ നെല്ലറയായി നൂറ് ഏക്കറിലധികം സ്ഥലത്ത് പരന്ന് കിടക്കുകയാണ് തെക്കേവയൽ. കുഞ്ഞിമംഗലം പഞ്ചായത്തിലെ ഏഴു പാടശേഖരങ്ങളിൽ ഏറ്റവും വലുതാണ് തെക്കേവയൽ പാടശേഖരം. 9, 10, 11,12 വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന പാടശേഖരത്തിൽ വർഷത്തിൽ രണ്ടുവിളയാണ് കൃഷിചെയ്യുന്നത്. ഒന്നാംവിള വിരിപ്പ് നെൽകൃഷി ഇടവപ്പാതി വർഷത്തോടെ ആരംഭിക്കും. 10 സെന്റ് മുതൽ 5 ഏക്കർവരെ കൃഷിഭൂമിയുള്ള 150ൽപരം ചെറുകിട കർഷകർ ഈ പാടശേഖരത്തിൽ മെമ്പർമാരായിട്ടുണ്ട്. നൂറിലധികം ഏക്കറിലെ നെൽകൃഷി. ഏതു കാലാവസ്ഥയിലും നൂറുമേനി വിളവ് ഈ വയലിന്റെ പ്രത്യേകതയാണ്. ഏക്കറിന് 22 മുതൽ 26 കിന്റൽവരെ വിളവ് ലഭിക്കും. രണ്ടാംവിളയിൽ ഉഴുന്ന്, ചെറുപയർ, മുതിര, എള്ള് എന്നിങ്ങനെ ആവശ്യാനുസരണം കൃഷിചെയ്യും. ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിൽ പച്ചക്കറി കൃഷിയുമുണ്ട്. കുഞ്ഞിമംഗലം കൃഷിഭവനിലെ കൃഷി ഓഫീസർ അമിത സിസ്സിൽ, കൃഷി അസിസ്റ്റന്റുമാരായ ടി വി ബിന്ദു, എം ജുമൈല എന്നിവരും കർഷകർക്കൊപ്പമുണ്ട്. രണ്ട് ട്രാക്ടർ ഉപയോഗിച്ചാണ് നിലം ഉഴുതുമറിക്കുന്നത്. കൊയ്ത്തുകഴിഞ്ഞ് നെല്ലും പുല്ലും വീടുകളിൽ എത്തിക്കാൻ പാടശേഖരത്തിന്റെ തൊഴിലാളികളും ഉണ്ട്. മൂന്നു കിലോമീറ്ററോളം വരുന്ന ട്രാക്ടർവേ പുരോഗമിക്കുകയാണ്. 15ലക്ഷം രൂപയുടെ ആദ്യഘട്ടം പൂർത്തീകരിച്ചു. രണ്ടാംഘട്ടത്തിൽ 25ലക്ഷത്തിന് പ്രവൃത്തി പുരോഗമിക്കുന്നു. ഇത് പൂർത്തിയായാൽ കർഷകർക്ക് വയലിന്റെ എല്ലാഭാഗങ്ങളിലും എളുപ്പത്തിൽ യന്ത്രസാമഗ്രികൾ എത്തിക്കാൻ സാധിക്കും. പി സുരേന്ദ്രൻ പ്രസിഡന്റും പി വി ദിനേശൻ സെക്രട്ടറിയുമായുള്ള ഒമ്പതംഗ പാടശേഖരസമിതി കർഷകർക്ക് താങ്ങായുണ്ട്. സംസ്ഥാന സർക്കാറും ത്രിതല പഞ്ചായത്തും, കൃഷിഭവനും നൽകുന്ന പിന്തുണയാണ് തങ്ങളുടെ ഊർജമെന്ന് കർഷകർ പറയുന്നു. പ്രധാന വെല്ലുവിളി ചില ഭാഗങ്ങളിൽ ഉപ്പുവെള്ളം കയറുന്നതാണ് പാടശേഖരസമിതി നേരിടുന്ന പ്രധാന വെല്ലുവിളി. ഉപ്പുവെള്ളം കയറുന്നത് ഇല്ലാതായാൽ മുഴുവൻ കൃഷിഭൂമിയും കൃഷിയോഗ്യമാക്കാൻ കഴിയും നിലവിൽ ഹെക്ടർ കണക്കിന് കൈപ്പാട് തരിശ് ആയിട്ടുണ്ട് . താൽക്കാലിക പരിഹാരമായി പുഴയുടെ ചിറ (ബണ്ട്) ഉയർത്തി വയലിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാമെന്ന് കർഷകർ പറയുന്നു.









0 comments