കത്തിയമർന്നു ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച ഷാലിമാറും

കത്തിയമർന്ന ഷാലിമാർ സ്‌റ്റോർ

കത്തിയമർന്ന ഷാലിമാർ സ്‌റ്റോർ

avatar
സ്വന്തം ലേഖകൻ

Published on Oct 11, 2025, 12:27 AM | 1 min read

തളിപ്പറന്പ്‌

തീയിൽ എരിഞ്ഞടങ്ങിയത്‌ സമൂഹം ഒറ്റപ്പെടുത്തിയവരെ തിരിച്ചറിഞ്ഞ സ്ഥാപനം. ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക് എറിയപ്പെട്ട നിരാലംബരായ നിരവധിപേരെ ചേർത്തുപിടിച്ച്‌ അവർക്ക്‌ ഉപജീവനത്തിന്‌ തുണയായിനിന്ന ഷാലിമാര്‍ സ്റ്റോറാണ്‌ തീപിടിത്തത്തിൽ പൂർണമായും കത്തിയമർന്നത്‌. സ്‌റ്റീൽ പാത്രങ്ങളും ക്രോക്കറി സാധനങ്ങളും വിൽപന നടത്തുന്ന തളിപ്പറന്പിലെ വലിയ സ്ഥാപനമാണിത്‌. എം പി സലാമായിരുന്നു സ്ഥാപനം തുടങ്ങിയത്‌. ആരും പരിഗണിക്കാതെ വീടുകളിൽ കഴിയുന്ന ഭിന്നശേഷിക്കാരായ യുവാക്കളെ കണ്ടെത്തി സ്ഥാപനത്തിലെത്തിച്ച്‌ ജോലി നൽകി മാതൃകയായി. സ്വന്തമായി വരുമാനമുണ്ടാക്കാന്‍ സാധിച്ചതോടെ പരിമിതികൾ മറന്ന്‌ അവർ സന്തോഷാവാന്മാരായി. ഷാലിമാറിന്‌ ജനകീയ പിന്തുണയും വർധിച്ചു. കടയുടമ എം പി സലാം കഴിഞ്ഞവർഷം മരിച്ചെങ്കിലും സഹോദരങ്ങളായ സര്‍സയ്യിദ് കോളേജിന് സമീപത്തെ എം പി മൊയ്തീനും മുഹമ്മദ് ബഷീറും സലാമിന്റെ മകന്‍ സി പി ഷമലും ചേർന്നാണ്‌ സ്ഥാപനം നടത്തുന്നത്‌. മൂന്നുനില കെട്ടിടത്തില്‍ 24 മുറികളിലായാണ് ഷാലിമാര്‍ പ്രവര്‍ത്തിക്കുന്നത്. പൂര്‍ണമായും കത്തിയമര്‍ന്നതോടെ അനാഥരാക്കപ്പെട്ടത് 16 ഭിന്നശേഷിക്കാരായ ജോലിക്കാരാണ്‌. 40 വര്‍ഷമായി ഷാലിമാറിൽ ജോലി ചെയ്യുന്ന ഞാറ്റുവയലിലെ പി ബദറുദീന്‍ മൂന്നാംനിലയിലെ സര്‍വീസ് വിഭാഗത്തിന്റെ ചുമതലക്കാരനാണ്‌. ആദ്യഘട്ടത്തില്‍ പുക വ്യാപിക്കാന്‍ തുടങ്ങിയതോടെ ജീവനക്കാർക്ക്‌ താഴെയിറങ്ങാൻ നിർദേശം നൽകി. ബാഗും ഫോണും ഉള്‍പ്പെടെ ഉപേക്ഷിച്ചാണ് എല്ലാവരും ഇറങ്ങിയോടിയത്. പത്ത് മിനിറ്റ് മുമ്പ് എത്തിച്ച പുതിയ സ്റ്റോക്കുള്‍പ്പെടെ കത്തിനശിച്ചു. രണ്ട് കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. തങ്ങളുടെ നഷ്‌ടത്തേക്കാൾ ജീവനക്കാരെയും കടയിലെത്തിയവരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞതിന്റെ സംതൃപ്‌തിയാണ്‌ ഉടമകളുടെ മുഖത്ത്‌. കടകൾക്ക്‌ മുന്നിലെത്തിയ തൊഴിലാളികളോട്‌ വരുമാനം നഷ്ടപ്പെടില്ലെന്ന് ഉറപ്പുനൽകാനും ഇവർ മറന്നില്ല. കീഴാറ്റൂര്‍ റോഡിലെ പുതിയ സ്ഥാപനത്തിലുള്‍പ്പെടെ പകരം ജോലി നല്‍കാനാണ് ശ്രമിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷി പുരസ്‌കാരം 2023ൽ ഷാലിമാറിന്‌ ലഭിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home