ad
Deshabhimani

പുളിമരം പറയും കണ്ണീർ നനച്ച ഇന്നലെകൾ

അയ്യല്ലൂർ എൽപി സ്കൂളിലെ പുളിമരം

അയ്യല്ലൂർ എൽപി സ്കൂളിലെ പുളിമരം

avatar
മട്ടന്നൂർ സുരേന്ദ്രൻ

Published on Jun 05, 2025, 02:30 AM | 1 min read

മട്ടന്നൂർ

120 വർഷത്തിലേറെ പഴക്കമുള്ള അയ്യല്ലൂർ എൽപി സ്കൂളിനോടുചേർന്ന്‌ പടർന്നുപന്തലിച്ച ഒരു പുളിമരമുണ്ട്‌. രണ്ട് നൂറ്റാണ്ടിലേറെപ്പഴക്കമുണ്ടെന്ന്‌ നാട്ടുകാർ പറയുന്ന പുളിമരത്തിന്‌, സ്വന്തം കഥയ്‌ക്കൊപ്പം ഒരുനാടിന്റെ ചരിത്രമാണ് പറയാനുള്ളത്. ജീവിക്കാൻവേണ്ടി ഒരു തലമുറ അനുഭവിച്ച വേദനയുടെയും യാതനയുടെയും നേർസാക്ഷ്യമായതിന്റെ കണ്ണീർക്കഥ. 1948ലെ കർഷക സമരത്തിന്റെയും അടിയന്തരാവസ്ഥയുടെയും അക്രമജാഥയുടെയും ഫലമായി അയ്യല്ലൂർ ജനത അനുഭവിച്ച കൊടിയ യാതനയുടെ ഓർമപ്പെടുത്തലായി ഇന്നും അത്‌ തലയുയർത്തി നിൽക്കുന്നു. കർഷകസമരത്തിന്റെ ഭാഗമായ നെല്ലെടുപ്പ് സമരത്തിലൂടെ ജന്മിയുടെ പത്തായത്തിൽ നിറച്ചുവച്ച നെല്ല് പിടിച്ചെടുത്ത് പട്ടിണിപ്പാവങ്ങൾക്ക് വിതരണംചെയ്തു. ജന്മിമാർക്കുവേണ്ടി പൊലീസ് നരനായാട്ട്‌ തുടങ്ങി. കമ്യൂണിസ്റ്റ് പാർടിയും കർഷകസംഘവും തുടങ്ങിയ സമരത്തിന് അയ്യല്ലൂർ സ്കൂളിലെ അധ്യാപകരായ വി അനന്തനും കെ കെ ബാലകൃഷ്ണൻ നമ്പ്യാരുമായിരുന്നു നേതൃത്വം നൽകിയത്. ഒളിവിൽപ്പോയ ഇവർ ഉൾപ്പെടെയുള്ള സമരക്കാരെത്തേടി പൊലീസ് വീടുകളിൽ കയറിയിറങ്ങി. അതിക്രമത്തിൽ ഭയന്ന് ആണുങ്ങളെല്ലാം ഒളിവിൽ പോയതോടെ വീടുകളിൽ തനിച്ചായ സ്ത്രീകൾക്കും കുട്ടികൾക്കുംനേരെയായി പൊലീസിന്റെ അഴിഞ്ഞാട്ടം. ഒട്ടേറെ വീടുകൾ തീവച്ചുനശിപ്പിച്ചു. വി അനന്തൻ കാരായി പൈതലിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്നതായി വിവരം ലഭിച്ച എംഎസ്പിക്കാർ അവിടെയെത്തി. അനന്തനും പൈതലും അവിടെയുണ്ടായില്ല. തുടർന്ന്‌ പൈതലിന്റെ ഭാര്യയെ പിടിച്ചുകൊണ്ടുപോയി. വൈകിട്ട് പണികഴിഞ്ഞെത്തിയ പൈതൽ വിവരമറിഞ്ഞ് മാനസികമായി തകർന്നു. ഭാര്യയുടെ ജീവനും മാനവും സംരക്ഷിക്കാനാകാത്തതിന്റെ ആധിയിൽ പുളിമരക്കൊമ്പിൽ ഒരുകഷ്‌ണം കയറിൽ ജീവിതം അവസാനിപ്പിച്ചു. സംഭവം കേട്ടറിഞ്ഞ് അയ്യല്ലൂരിലെത്തിയ പൊൻകുന്നം ദാമോദരൻ ‘പുളിമരത്തിന്റെ കഥ’ എന്ന കവിത എഴുതി. യുവ എഴുത്തുകാരൻ ബാബുരാജ് അയ്യല്ലൂർ എഴുതിയ ‘പുളിമരത്തണൽ’ നോവലിന്റെ ഇതിവൃത്തവും ചരിത്രകാരനും എഴുത്തുകാരനുമായ കെ ഭാസ്കരൻ എഴുതിയ ‘കഥ പറയുന്ന പുളിമരം’ കഥയും ഇതുതന്നെയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home