സ്വകാര്യ ബസ്സിന്റെ അമിതവേഗം
കവർന്നു രണ്ടുജീവൻ

വിനോദും വെെഷ്ണവും സഞ്ചരിച്ച സ്കൂട്ടർ
മട്ടന്നൂർ
സ്വകാര്യബസിന്റെ അമിതവേഗം ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച അച്ഛന്റെയും മകന്റെയും ജീവൻ കവർന്നത് നാടിനെ കണ്ണീരിലാഴ്‌ത്തി. കോളാരിയിലെ ഇല്ലത്തുവളപ്പിൽ ഹൗസിൽ പി വിനോദ് (48), മകൻ ഇ വി വൈഷ്ണവ് (25) എന്നിവരാണ് മരിച്ചത്. വൈഷ്‌ണവിന്റെ ഇരുപത്തഞ്ചാം പിറന്നാൾ ആഘോഷത്തിനായി അച്ഛനൊപ്പം വീട്ടിൽനിന്ന് സന്തോഷത്തോടെയാണ് ഇരുവരും യാത്രതിരിച്ചത്. മട്ടന്നൂർ– - ഇരിട്ടി റോഡിൽ കൂരൻമുക്കിൽ അമിതവേഗതയിലെത്തിയ സ്വകാര്യബസ് ഇവർ സഞ്ചരിച്ച സ്‌കൂട്ടിയിൽ ഇടിച്ചാണ് മരണം. ക്രൈയിൻ ഉപയോഗിച്ച് ബസുയർത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. അപകടത്തെ തുടർന്ന് പ്രകോപിതരായ നാട്ടുകാർ സ്ഥലത്ത് മറ്റ് ബസുകൾ തടഞ്ഞ് പ്രതിഷേധിച്ചു. ബുധനാഴ്ച രാവിലെ 10.30 ഓടെയായിരുന്നു അപകടം. ഇരിട്ടി ഭാഗത്തുനിന്ന് മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്, മറ്റൊരു ഇരുചക്ര വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് എതിർദിശയിൽനിന്ന് വരികയായിരുന്ന വിനോദിന്റെ വാഹനത്തിൽ ഇടിച്ചത്. ഇതിനൊപ്പം ഫിറോസ് എന്നയാൾ സഞ്ചരിച്ച മറ്റൊരു ഇരുചക്ര വാഹനത്തിലും ബസ് ഇടിച്ചു. പരിക്കേറ്റ ഫിറോസിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ബസ്സിന്റെ ചക്രങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന വിനോദിനെയും വൈഷ്ണവിനെയും നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. ക്രെയിൻ എത്തിച്ച് ബസ് ഉയർത്തി. ഉടനെ ആശുപത്രിയിലേക്ക് എ്ത്തിച്ചെങ്കിലും ഇരുവരും മരിച്ചു. അപകടത്തെ തുടർന്ന് പ്രകോപിതരായ നാട്ടുകാർ സ്ഥലത്ത് മറ്റ് ബസുകൾ തടഞ്ഞ് പ്രതിഷേധിച്ചു. മട്ടന്നൂർ, ഇരിട്ടി എന്നിവിടങ്ങളിൽനിന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് പ്രതിഷേധം നിയന്ത്രിച്ചത്.
വില്ലനായി ബസ്സുകളുടെ മത്സരയോട്ടം
മട്ടന്നൂർ
ഇരിട്ടി-– മട്ടന്നൂർ റോഡിൽ യാത്രക്കാരുടെ ജീവന് ഭീഷണിയായി സ്വകാര്യ ബസ്സുകളുടെ മത്സരഓട്ടം. ബുധനാഴ്‌ച അപകടത്തിനിടയാക്കിയ ധനലക്ഷ്മി ബസ് രണ്ട് ഇരുചക്രവാഹനങ്ങളിലാണ് ഇടിച്ചത്. മുന്നിൽ പോയിരുന്ന സ്‌കൂട്ടറിൽ ഇടിക്കുന്നത് ഒഴിവാക്കാനായി വെട്ടിച്ചപ്പോഴാണ് അച്ഛനും മകനും സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിച്ചത്. ഇതിനിടെ മറ്റൊരു സ്‌കൂട്ടറിലും ഇടിച്ചു. കീഴൂരിൽ ഒരു ഓട്ടോഡ്രൈവറുമായി ബസ് ജീവനക്കാർ വാക്കേറ്റമുണ്ടായെന്നും അതിനുശേഷം അമിതവേഗത്തിലാണ് ബസ് സഞ്ചരിച്ചതെന്നും യാത്രക്കാർ പറഞ്ഞു. അപകടത്തെ തുടർന്ന് നാട്ടുകാർ കൂരൻമുക്കിൽ സ്വകാര്യബസ്സുകൾ തടഞ്ഞുവച്ച് പ്രതിഷേധിച്ചു. കൂത്തുപറമ്പ് എസിപി സിബി ടോമിന്റെ നേതൃത്വത്തിലുള്ള പൊലീസും ഇരിട്ടി നഗരസഭാ ചെയർമാൻ വി വിനോദ് കുമാർ ഉൾപ്പടെയുള്ളവരും സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ബസ്സുകളുടെ അമിതവേഗം തടയാൻ നടപടി ആവശ്യപ്പെട്ട് ഭീമഹരജി നൽകുന്നതിന് നാട്ടുകാർ സ്ഥലത്തുവച്ച് ഒപ്പുശേഖരണവും നടത്തി.
ജീവൻ തട്ടിയെടുത്തത് പിറന്നാൾ ദിനത്തിൽ
മട്ടന്നൂർ
ഇരുപത്തഞ്ചാം പിറന്നാളിന്റെ സന്തോഷത്തിലായിരുന്നു വൈഷ്‌ണവും അച്ഛൻ വിനോദും. വിനോദിന്റെ നാടായ പുന്നാടേക്കുള്ള യാത്രയ്‌ക്കിടെയാണ് ഇരുവരുടെയും ജീവൻ കവർന്നത്. സാധാരണ കുടുംബത്തിന്റെ അത്താണിയായ വിനോദിന്റെയും വൈഷ്‌ണവിന്റെയും മരണം കോളാരി ഗ്രാമത്തെ നടുക്കി. പോസ്റ്റ് മോർട്ടത്തിനുശേഷം വൈകിട്ട് 6.30ഓടെയാണ് മൃതദേഹങ്ങൾ കോളാരിയിലെ വീട്ടിൽ എത്തിച്ചത്. അപ്പോഴേക്കും അവിടമാകെ ജനങ്ങളെകൊണ്ട് നിറഞ്ഞിരുന്നു. നാടിന്റെ നാനാഭാഗത്തുനിന്നും സ്ത്രീകൾ ഉൾപ്പെടെ നിരവധി ജനങ്ങളാണ് അവിടെയെത്തിയത്. വി കെ സനോജ് എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം പി പുരുഷോത്തമൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ വി ചന്ദ്രബാബു, സി വി ശശീന്ദ്രൻ, എം വി സരള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, മട്ടന്നൂർ ഏരിയാ സെക്രട്ടറി എം രതീഷ്, നഗരസഭാ ചെയർപേഴ്സൺ എൻ ഷാജിത്ത്, ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ വി വിനോദ് കുമാർ, കെ ശ്രീധരൻ, വത്സൻ തില്ലങ്കേരി, ബിജു ഏളക്കുഴി തുടങ്ങിയ നേതാക്കൾ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.











0 comments