ഇടതുപക്ഷമാണ് എന്റെ രാഷ്‌ട്രീയം: എം മുകുന്ദൻ

മയ്യഴി
മാനവികതയും മനുഷ്യസ്‌നേഹവുമുള്ള വിശാലമായ ഇടതുപക്ഷ ആശയമാണ് എന്റെ രാഷ്‌ട്രീയമെന്ന് നോവലിസ്‌റ്റ് എം മുകുന്ദൻ. ഒരുപാട് നന്മകളും മൂല്യങ്ങളുമുള്ളതാണ് ഞാനിഷ്‌ടപ്പെടുന്ന എന്റെ ഇടതുപക്ഷ ആശയം. എല്ലാപാർടികളിലെയും നന്മയെ ഞാനംഗീകരിക്കും. ഒരു പാർടിയെയും അടച്ചാക്ഷേപിക്കാനാവില്ല. ശതാഭിഷിക്തനായ എം മുകുന്ദന് മയ്യഴി പൗരാവലി നൽകിയ പിറന്നാൾ മംഗളത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എനിക്ക് ഏറ്റവും വലുത് എന്റെ നാടും നാട്ടുകാരുമാണ്. ആകാശത്തെ തൊടാൻ ശ്രമിച്ചാലും എന്റെ കാൽ മയ്യഴിയുടെ മണ്ണിലാവും. സഞ്ചാരങ്ങൾക്കൊടുവിൽ ഇവിടെ വരാനാണ് ഞാനാഗ്രഹിച്ചത്. ഡൽഹിയിൽ സ്ഥിരതാമസമാകാമായിരുന്നു. ജനിച്ച മണ്ണിൽ തന്നെ ജീവിച്ചുതീർക്കാനാണ് ഞാനിഷ്‌ടപ്പെടുന്നത്. എഴുത്തിനോട് മാത്രമാണിപ്പോൾ അഭിനിവേശമെന്നും എം മുകുന്ദൻ പറഞ്ഞു. മധുരം മധുരതരം: ആദരച്ചടങ്ങ് ശതാഭിഷിക്തനായ മുകുന്ദന് ജന്മനാട് നൽകിയ സ്‌നേഹാദരം എഴുത്തുകാരന്റെയും മനസ് നിറച്ചു. മുകുന്ദനും ഭാര്യ ശ്രീജയും ചേർന്ന് കേക്ക് മുറിച്ച് മധുരം പങ്കിട്ടതോടെയാണ് ആഘോഷം തുടങ്ങിയത്. വിവിധ സംഘടനകളും വ്യക്തികളും ഷാൾ അണിയിച്ചു. ടി അശോക്‌കുമാർ എംഎൽഎ മയ്യഴി പൗരാവലിയുടെ സ്‌നേഹാദരം സമർപ്പിച്ചു. റീജണൽ അഡ്‌മിനിസ്‌ട്രേട്ടർ അങ്കിത്‌കുമാർ അധ്യക്ഷനായി. മുൻ മന്ത്രി ഇ വത്സരാജ്, മുൻ ഡെപ്യുട്ടി സ്‌പീക്കർ പി കെ സത്യാനന്ദൻ, മുൻ എംഎൽഎ രമേഷ് പറന്പത്ത്, സിപിഐ എം ഏരിയാകമ്മിറ്റി അംഗം വടക്കൻ ജനാർദനൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ മോഹനൻ, ബിജെപി സംസ്ഥാന സമിതി അംഗം എ ദിനേശൻ, പ്രൊഫ. കെ പി ജയരാജൻ എന്നിവർ സംസാരിച്ചു. ആനന്ദ്‌കുമാർ പറന്പത്ത് കവിത ചൊല്ലി. അസീസ് മാഹി സ്വാഗതവും ശ്രീകുമാർ ഭാനു നന്ദിയും പറഞ്ഞു.










0 comments