പരീക്ഷ ഇന്നുതുടങ്ങും, എന്തെഴുതും?

കണ്ണൂർ
സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓണപ്പരീക്ഷ വ്യാഴാഴ്‌ച ആരംഭിക്കും. അധ്യയന ദിവസങ്ങൾ കുറഞ്ഞതും അധ്യാപകരുടെ സെൻസസ് ഡ്യൂട്ടിയും അധ്യയനത്തെ ബാധിച്ചതിനാൽ ഉത്തരക്കടലാസിൽ എന്തെഴുതുമെന്ന ആശങ്കയിലാണ് വിദ്യാർഥികൾ. എൽപി, യുപി, ഹൈസ്‌കൂളുകളിൽ വ്യാഴാഴ്‌ചയും പ്ലസ്‌ടുവിന് 14നുമാണ് പാദവാർഷിക പരീക്ഷ ആരംഭിക്കുക. പ്ലസ് വണ്ണിന് പരീക്ഷയില്ല. പാഠപുസ്‌തകങ്ങളുടെ ലഭ്യതക്കുറവ്, അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി, അതിനുമുന്പുള്ള പരിശീലനം, അധ്യാപക പരിശീലനം, മഴ അവധി തുടങ്ങി വിവിധ കാരണങ്ങളാൽ സ്‌കൂൾ തുറന്ന് ഒരു മാസത്തോളം കുട്ടികൾക്ക് അധ്യയനം നഷ്ടപ്പെട്ടിരുന്നു. നല്ലൊരു ഭാഗം ഹൈസ്‌കൂൾ അധ്യാപകർ എസ്എസ്എൽസി പുനർമൂല്യനിർണയത്തിന് നിയോഗിക്കപ്പെട്ടതും വിരമിച്ച അധ്യാപകർക്ക് പകരം നിയമനം നടത്താത്തതും അർഹമായ പ്രമോഷൻ നൽകാത്തതും പ്രതിസന്ധി വർധിപ്പിച്ചു. പ്രധാനാധ്യാപകരുടെ പൂർണ അധികച്ചുമതലയുള്ള അധ്യാപകർക്ക് സെൻസസ് ഡ്യൂട്ടി നൽകിയതും കാര്യമായി ബാധിച്ചു. ഇതിനിടെ കെ ടെറ്റ് സംബന്ധിച്ചും അനിശ്‌ചിതത്വമുണ്ടായി. പലയിടത്തും അധ്യാപനം തുടങ്ങിയയിടത്തുതന്നെയാണ്. പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ ശനി, ഞായർ ദിവസങ്ങളിൽ ഉൾപ്പെടെ സ്‌പെഷ്യൽ ക്ലാസുകളുമായി നെട്ടോട്ടത്തിലായിരുന്നു അധ്യാപകർ. ഇൗ സാഹചര്യത്തിൽ പരീക്ഷ ഓണം അവധിക്കുശേഷം നടത്താമെന്ന അധ്യാപക സംഘടനകളുടെ ആവശ്യവും വിദ്യാഭ്യാസ വകുപ്പ് അവഗണിച്ചു. പരീക്ഷയ്ക്കായി പാഠഭാഗങ്ങൾ കുറച്ച് അതനുസരിച്ച് ചോദ്യപേപ്പർ തയ്യാറാക്കണമെന്ന ആവശ്യത്തിനുനേരെയും മുഖംതിരിച്ചു. ചോദ്യപേപ്പറിൽ പകുതി ചോദ്യങ്ങൾക്കെങ്കിലും ഉത്തരമെഴുതാനായെങ്കിലെന്നാണ് വിദ്യാർഥികൾ ആഗ്രഹിക്കുന്നത്. 20ന് പരീക്ഷയവസാനിച്ച് 21ന് ഓണാവധിക്ക് സ്‌കൂൾ അടയ്‌ക്കും.










0 comments