തെരഞ്ഞെടുപ്പിനും മുന്പേ ഉറപ്പാണ് ആന്തൂർ

ബിജു കാർത്തിക്
Published on Nov 27, 2025, 03:00 AM | 1 min read
തളിപ്പറന്പ് കുഞ്ഞരയാലിലെ ഹരിതയ്‌ക്ക് ആന്തൂർ നഗരസഭയിലെ മൊറാഴയിലാണ് വോട്ട്. വോട്ടുചേർത്തശേഷം രണ്ട് നഗരസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും ഇതുവരെ വോട്ട് ചെയ്യാനായില്ല. കഴിഞ്ഞ രണ്ടുതവണയും എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ പത്രിക നൽകാൻപോലും ആളുണ്ടായില്ലെന്നതാണ് കാരണം. തെരഞ്ഞെടുപ്പിനുമുന്നേ മുഴുവൻ വാർഡുകളിലെയും ഫലം ഉറപ്പിച്ച നഗരസഭയാണ് ആന്തൂർ. ആരു ഭരിക്കുമെന്നല്ല, എൽഡിഎഫിന്റെ ഭൂരിപക്ഷം എത്രയെന്നേ ഇന്നാട്ടുകാർ നോക്കാറുള്ളൂ. തുടർച്ചയായി രണ്ടുതവണ പ്രതിപക്ഷമില്ലാതിരുന്ന ആന്തൂരിൽ മൂന്നാം ടേമിൽ ജനവിധിക്കുമുന്നേതന്നെ അഞ്ചുവാർഡിൽ എൽഡിഎഫ് സ്ഥാനാർഥികൾ തെരഞ്ഞെടുക്കപ്പെട്ടു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീർഥാടന, വിനോദസഞ്ചാര കേന്ദ്രമായ പറശ്ശിനിക്കടവ് ഉൾപ്പെടുന്ന ആന്തൂർ അതിവേഗം ഹൈടെക്കാകുന്നൊരു നാടാണ്. 2015ൽ രൂപംകൊണ്ട ആന്തൂർ നിരവധി വികസന പ്രവർത്തനങ്ങളിലൂടെ അംഗീകാരത്തിന്റെ കൊടുമുടികൾ പലതും കയറി. പദ്ധതി വിഹിതം കൃത്യമായി വിനിയോഗിക്കുന്നതിലും നികുതിപിരിക്കുന്നതിലും മുൻനിരയിലായിരുന്നു. പൊതുഭരണം, സംരംഭക പ്രവർത്തനങ്ങൾ, കേന്ദ്രാവിഷ്‌കൃത പദ്ധതികൾ, ദാരിദ്ര്യലഘൂകരണ പദ്ധതികൾ എന്നിവ നടപ്പാക്കുന്നതിലെ മികവും ആരോഗ്യരംഗത്തെയും മാലിന്യസംസ്‌കരണരംഗത്തെയും പ്രവർത്തനവും ആന്തൂരിനെ മികച്ചതാക്കി. നഗരസഭാ ആസ്ഥാനമന്ദിരത്തിന്റെ പണിയുൾപ്പെടെ തുടങ്ങിവച്ച ഒട്ടേറെ വികസനപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. ആന്തൂർ നഗരസഭാ സ്‌റ്റേഡിയം കായികപ്രേമികൾക്കായി സമർപ്പിച്ചുകഴിഞ്ഞു. പറശിനിക്കടവിൽ ജിംനേഷ്യവും ഷീ ലോഡ്‌ജും, ധർമശാലയിൽ വനിതാ ജിംനേഷ്യവും സ്റ്റേജ്, വനിത ടർഫ് എന്നിവയും അവസാനഘട്ടത്തിലാണ്. ബക്കളത്ത് അർബൻ കുടുംബാരോഗ്യ കേന്ദ്രം, പാളിയത്തുവളപ്പ്, തളിയിൽ, കോൾത്തുരുത്തി എന്നിവിടങ്ങളിൽ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളും മോറാഴ സെൻട്രലിൽ ആയുർവേദ ഡിസ്പെൻസറിയും. കടമ്പേരി വിൻഡ്രോ കമ്പോസ്റ്റ് യൂണിറ്റ് ജൈവ പാർക്ക്, തുടങ്ങി നിരവധി വികസന നേട്ടങ്ങളാണ് എൽഡിഎഫിന് ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കാനുള്ളത്. 2020ൽ 28 വാർഡിൽ ആറിടത്ത് എൽഡിഎഫ് എതിരില്ലാതെ ജയിച്ചപ്പോൾ ശേഷിക്കുന്ന 22ൽ 19 സീറ്റിലാണ് യുഡിഎഫ് മത്സരിച്ചത്. മറ്റിടങ്ങളിൽ ബിജെപിയുമായി ധാരണയിലായിരുന്നു. നിലവിൽ 29 വാർഡുണ്ട്. ഒന്പതിടത്താണ് ബിജെപി മത്സരിക്കുന്നത്. 24ാം വാർഡ് സി എച്ച് നഗറിൽ യുഡിഎഫ് മത്സരിക്കുന്നില്ല. ഇവിടെ ബിജെപിയുമായാണ് എൽഡിഎഫിന്റെ മത്സരം. യുഡിഎഫ് ഇവിടെ ബിജെപിയെ സഹായിക്കും.










0 comments